ശസ്ത്രക്രിയക്ക് ശേഷം നീർവീക്കം, ഷമിയുടെ തിരിച്ചുവരവ് വൈകും; ബോർഡർ-ഗവാസ്കർ ട്രോഫിയിലുണ്ടാകില്ലെന്ന് സൂചന നല്‍കി രോഹിത്
ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയില്‍ മുതിർന്ന താരവും സ്റ്റാർ പേസറുമായ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് ഉണ്ടാകില്ലെന്ന സൂചനകള്‍ നല്‍കി ഇന്ത്യൻ നായകൻ രോഹിത് ശർമ. കാല്‍മുട്ടിനേറ്റ പുക്കിന് ശേഷം ശസ്ത്രക്രിയക്ക് വിധേയനായ ഷമി ശാരീരിക ക്ഷമത പൂർണമായി വീണ്ടെടുത്തിട്ടില്ലെന്നാണ് രോഹിത് അറിയിക്കുന്നത്. ഈ സാഹചര്യത്തില്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കില്ലെന്നും രോഹിത് കൂട്ടിച്ചേർത്തു.
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രോഹിത്. 2023 ഏകദിന ലോകകപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.
"സത്യം പറയുകയാണെങ്കില്‍, നിലവില്‍ ഷമിയുടെ കാര്യത്തില്‍ ഒരു ഉറപ്പ് നല്‍കാനാകില്ല. ശസ്ത്രക്രിയക്ക് ശേഷം ഷമിയുടെ മുട്ടില്‍ നീർവീക്കമുണ്ടായി. ഇത്, സാധാരണയായി സംഭവിക്കുന്ന ഒന്നല്ല. ശാരീരിക ക്ഷമത നൂറുശതമാനത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഷമി. അതിനിടയിലാണ് ഇത്തരമൊന്ന് സംഭവിച്ചത്. നിലവില്‍ ഷമി ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്. ഫിസിയോകളുടേയും ഡോക്ടർമാരുടേയും സഹായത്താല്‍ ഷമി പരുക്കില്‍ നിന്ന് മുക്തമാകാനുള്ള ശ്രമത്തിലാണ്," രോഹിത് കൂട്ടിച്ചേർത്തു.
ശാരീരിക ക്ഷമത പൂർണമായും വീണ്ടെടുത്ത ഷമിയേയാണ് ഇന്ത്യയ്ക്ക് ആവശ്യമെന്നും രോഹിത് പറഞ്ഞു. ഷമിക്കായി ഇന്ത്യ കാത്തിരിക്കുകയാണ്. 100 ശതമാനം ഫിറ്റായൊരു ഷമിയേയാണ് ആവശ്യം. അല്ലാത്ത പക്ഷം ഷമി ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരഞ്ഞെടുക്കുന്നത് മികച്ച തീരുമാനമായിരിക്കില്ലെന്നും രോഹിത് പറഞ്ഞു. ക്രിക്കറ്റില്‍ നിന്ന് ഇടവേളയുണ്ടായ ഒരു പേസ് ബൗളറെ സംബന്ധിച്ച് തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് തിരിച്ചുവരുന്നത് അത്ര എളുപ്പമുള്ള ഒന്നായിരിക്കില്ലെന്നും രോഹിത് ചൂണ്ടിക്കാണിച്ചു.
പരുക്കില്‍ നിന്ന് പൂർണമായും മുക്തമാകുന്നതിന് ഷമിക്ക് സമയം കൊടുക്കേണ്ടതുണ്ട്. പരിശീലകരും ഡോക്ടർമാരും ഷമിക്കായി കൃത്യമായൊരു പദ്ധതി തയാറാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സരത്തിലേക്ക് തിരിച്ചുവരുന്നതിന് മുൻപ് ഷമി പരിശീലന മത്സരങ്ങള്‍ കളിക്കേണ്ടതുണ്ടെന്നും രോഹിത് പറഞ്ഞു.
അതേസമയം, യുവതാരം മായങ്ക് യാദവിനെ ടെസ്റ്റ് ക്രിക്കറ്റില്‍ പരീക്ഷിക്കുന്നതിനെക്കുറിച്ചും രോഹിത് പറഞ്ഞു. മായങ്ക് യാദവ്, നിതീഷ് റെഡ്ഡി എന്നിവരെ പോലെയുള്ള താരങ്ങള്‍ക്ക് ഒരുപാട് പരിചയസമ്പത്തില്ലെന്ന് അറിയാം. പക്ഷേ, ആർക്കെങ്കിലും പരുക്കേല്‍ക്കുകയാണെങ്കില്‍ യുവതാരങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് വരേണ്ടതുണ്ടെന്നും രോഹിത് വ്യക്തമാക്കി.