ഡിആർഎസില്‍ 'തലയൂരി' രോഹിത്; ഉത്തരവാദിത്തം കൈമാറി, ഇനി ആക്ഷന്‍ മാത്രം
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയെ 302 റണ്‍സിന് കീഴടക്കി സെമി ഫൈനലിലേക്ക് കുതിച്ചിരിക്കുകയാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം. 358 റണ്‍സ് വിജയലക്ഷ്യമുയർത്തിയതിന് ശേഷം 55 റണ്‍സിനായിരുന്നു ലങ്കയെ നീലപ്പട പുറത്താക്കിയത്. മത്സരശേഷം ടീമിന്റെ പ്രകടനത്തില്‍ രോഹിത് വാചാലനാകുക മാത്രമല്ല, ചില ഉത്തരവാദിത്തങ്ങളുടെ കാര്യത്തില്‍ വ്യക്തത വരുത്തുകയും ചെയ്തു.
അതില്‍ സുപ്രധാനമായ ഒന്ന് ഡിസിഷന്‍ റിവ്യു സിസ്റ്റം (ഡിആർഎസ്) സംബന്ധിച്ചായിരുന്നു. ഡിആർഎസിന്റെ ഉത്തരവാദിത്തം താന്‍ ബൗളർമാരെയും വിക്കറ്റ് കീപ്പറിനേയും ഏല്‍പ്പിച്ചിരിക്കുകയാണെന്ന് രോഹിത് തുറന്ന് പറഞ്ഞു.
''ഡിആർഎസ് എടുക്കണോ വേണ്ടയോ എന്നത് സംബന്ധിച്ചുള്ള തീരുമാനം ബൗളർമാർക്കും വിക്കറ്റ് കീപ്പർക്കും വിട്ടിരിക്കുകയാണ്. എനിക്ക് വിശ്വസിക്കാന്‍ കഴിയുന്ന വ്യക്തികളെ ഞാന്‍ കണ്ടെത്തേണ്ടതുണ്ട്. ചിലപ്പോള്‍ തീരുമാനം തെറ്റാകാനുള്ള സാധ്യതയുമുണ്ട്,'' രോഹിത് വ്യക്തമാക്കി.
ഏഷ്യ കപ്പ് മുതലുള്ള മത്സരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ വിക്കറ്റിന് പിന്നിലെ കെ എല്‍ രാഹുലിന്റെ പ്രകടനം പ്രശംസാർഹമാണ്, പ്രത്യേകിച്ചും ഡിആർഎസിന്റെ കാര്യത്തില്‍. പലപ്പോഴും രാഹുലിന്റെ നിർദേശങ്ങളായിരുന്നു ഇന്ത്യയ്ക്ക് അനുകൂലമായി തിരിഞ്ഞത്.
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും ഇത് വ്യക്തമായിരുന്നു. രാഹുലിന്റെ രണ്ട് നിരീക്ഷണങ്ങളാണ് മത്സരത്തില്‍ കൃത്യമായത്. ആദ്യത്തേത് എല്‍ബിഡബ്ല്യുവിനെതിരായുള്ള രാഹുലിന്റെ തീരുമാനമായിരുന്നു.
രണ്ടാമത്തേത് മുഹമ്മദ് ഷമിയുടെ പന്തില്‍ ദുഷ്മന്ത ചമീരയുടെ വിക്കറ്റ് വീണതാണ്. ക്യാച്ചെടുത്ത രാഹുലൊഴികെ മറ്റാരും അപ്പീല്‍ പോലും ചെയ്തിരുന്നില്ല. രോഹിതിനെ ബോധ്യപ്പെടുത്തി റിവ്യു ചെയ്യിക്കാന്‍ രാഹുലിന് സാധിച്ചു. തേർഡ് അമ്പയർ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പന്ത് ചമീരയുടെ ഗ്ലൗവ്വില്‍ ഉരസിയതായി കണ്ടെത്തുകയും ചെയ്തു.
ശുഭ്മാന്‍ ഗില്‍ (92), വിരാട് കോഹ്ലി (88), ശ്രേയസ് അയ്യർ (82) എന്നിവരുടെ ബാറ്റിങ് മികവിലായിരുന്നു നിശ്ചിത 50 ഓവറില്‍ ഇന്ത്യ 357 റണ്‍സെടുത്തത്. ദില്‍ഷന്‍ മധുശങ്ക അഞ്ച് വിക്കറ്റുമായി ലങ്കയ്ക്കായി തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ മുഹമ്മദ് ഷമി (അഞ്ച് വിക്കറ്റ്), മുഹമ്മദ് സിറാജ് (മൂന്ന് വിക്കറ്റ്), ജസ്പ്രിത് ബുംറ (ഒരു വിക്കറ്റ്) എന്നിവരടങ്ങിയ ഇന്ത്യയുടെ പേസ് ത്രയത്തിന് മുന്നില്‍ ലങ്കയ്ക്ക് നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല. കേവലം 55 റണ്‍സിലായിരുന്നു ടീം പുറത്തായത്.