ചേതോഹരം, വീരോഹിതം ഈ മടക്കം

ചേതോഹരം, വീരോഹിതം ഈ മടക്കം

ഇന്ത്യന്‍ ക്രിക്കറ്റ് കൊതിച്ചു കാത്തിരുന്ന ഐസിസി കിരീടം നേടിക്കൊടുത്ത ശേഷം രോഹിത് ചെയ്തതും അതായിരുന്നു
Updated on
2 min read

ക്ലാസും മാസും ചേര്‍ന്ന ഒരു തട്ടുപൊളിപ്പന്‍ ഹോളിവുഡ് ചിത്രം പോലെയാണ് തന്റെ മിന്നുന്ന ഫോമില്‍ കളിക്കുന്ന രോഹിത് ശര്‍മ. ആരാധകരെ സീറ്റ് എഡ്ജില്‍ പിടിച്ചിരുത്തുന്ന ഒന്നൊന്നര ത്രില്ലര്‍... എറിയുന്നത് ഷഹീന്‍ അഫ്രീദിയോ, മിച്ചല്‍ സ്റ്റാര്‍ക്കോ, ജൊഫ്ര ആര്‍ച്ചറോ ആരുമായിക്കൊള്ളട്ടെ... പന്ത് ഒരല്‍പം ഷോര്‍ട്ട് പിച്ച് ആണെങ്കില്‍ പിന്നെ നോക്കേണ്ട... ലോങ് ലെഗ് ബൗണ്ടറിക്ക് പുറത്ത് നിന്നു പെറുക്കാം...

രോഹിത് ഗുരുനാഥ് ശര്‍മ... ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കേണ്ട പേര്... ഒരു സ്‌പോര്‍ട്‌സ് താരത്തിന്റെ രൂപവും ഭാവവും പോലുമില്ല... പരിശീലനത്തിനിറങ്ങാന്‍ നേരം ബാറ്റ് മറന്നു വച്ചു വരുന്ന അലസന്‍. സച്ചിന്‍ തെണ്ടുല്‍ക്കറിനു ശേഷം മുംബൈ ക്രിക്കറ്റ് കണ്ട സൂപ്പര്‍ താരം, പക്ഷേ 'പ്ലേ ഇറ്റ് സ്‌ട്രെയ്റ്റ്' എന്ന മുംബൈ സ്‌കൂള്‍ തത്വം ഒരിക്കലും പാലിക്കാത്തവന്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒന്നുമാകില്ലെന്ന് ഒരിക്കല്‍ എഴുതിത്തള്ളപ്പെട്ടവന്‍... അവിടെ നിന്ന് രോഹിത് ശര്‍മ ഇന്നു വിശ്വം കീഴടക്കിയെങ്കില്‍ അതിന് അയാളെ പ്രാപ്തനാക്കിയത് അയാളിലെ തീരാത്ത നൈസര്‍ഗിക പ്രതിഭയാണ്.

ചേതോഹരം, വീരോഹിതം ഈ മടക്കം
പെർഫെക്ട് ഫെയർവെല്‍; വൻമതിലിന് നന്ദി

വിരാട് കോഹ്ലി ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങേറും മുമ്പേ കളത്തിലിറങ്ങിയവനാണ് രോഹിത്. കോഹ്ലിക്കും മുമ്പേ സച്ചിന്റെ പിന്‍ഗാമിയായി വാഴ്ത്തപ്പെട്ടവന്‍. എന്നാല്‍ ഒരിക്കല്‍ പോലും തന്റെ പ്രതിഭയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ രോഹിതിന് ആദ്യകാലത്ത് കഴിഞ്ഞില്ല. നിര്‍ഭാഗ്യത്തിന്റെ നിര്‍ദാക്ഷണ്യ വേട്ടയാടലുകളുടെ ഇരയായിരുന്നു എന്നും രോഹിത്.

2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ് തന്നെ അതിന്റെ ഏറ്റവും വലിയ ഉദാഹരണം. ആ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംലഭിക്കാതെ പോയപ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ 'കെട്ടകാലം കഴിഞ്ഞുപോകും' എന്നു ദ്യോതിപ്പിക്കുന്ന രോഹിതിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇന്നും സൂപ്പര്‍ ഹിറ്റാണ്.

പിന്നീട് ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിന് മണിക്കൂറുകള്‍ മുമ്പ് പരുക്കിന്റെ രൂപത്തില്‍ രോഹിതിനെ നിര്‍ഭാഗ്യം വേട്ടയാടി. എന്നാല്‍ അവിടെ നിന്നെല്ലാം ഗംഭീര തിരിച്ചുവരവാണ് പിന്നീട് രോഹിത് നടത്തിയത്. ഓട്ടമത്സരത്തില്‍ വീണു പോകുന്നതല്ല തോല്‍വി, വീണിടത്തു നിന്ന് എഴുന്നേല്‍ക്കാത്തതാണ് എന്ന് അയാള്‍ തെളിയിക്കുകയായിരുന്നു.

ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ നായക പദവി തേടിയെത്തിയതാണ് രോഹിതിന്റെ കരിയറിനെ മാറ്റിമറിച്ചത്. അയാളിലെ ബാറ്ററേക്കാള്‍ മികവുണ്ടായിരുന്നു അയാളിലെ നായകന്. ഇര പിടിക്കാന്‍ തക്കം പാത്ത് നില്‍ക്കുന്ന ഒരു മൃഗത്തിന്റെ ജാഗ്രതയാണ് കളത്തിലുള്ള ക്യാപ്റ്റന്‍ രോഹിതിന്. കളമറിഞ്ഞ് കളിനിയന്ത്രിക്കാന്‍ അയാളിലെ നായകനുള്ള മിടുക്കിന്റെ സാക്ഷ്യപത്രമാണ് മുംബൈ ഇന്ത്യന്‍സിന്റെ ഷോ കെയ്‌സിലെ അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍.

ചേതോഹരം, വീരോഹിതം ഈ മടക്കം
ലോകം കീഴടക്കി; ഇനി പടിയിറക്കം

അതുപോലെതന്നെ രോഹിതിനെ ഓപ്പണറാക്കാനുള്ള മഹേന്ദ്ര സിങ് ധോണിയുടെ തീരുമാനവും ആ കരിയറില്‍ വഴിത്തിരിവായി. പക്ഷേ അപ്പോഴും നിര്‍ഭാഗ്യത്തിന്റെ വേട്ടയാടലുകള്‍ അവസാനിച്ചിരുന്നില്ല. ഒരു ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ നേടി ടൂര്‍ണമെന്റിന്റെ ടോപ് സ്‌കോററായപ്പോള്‍ കിരീടം വഴുതിമാറി. നായകമികവ് പലകുറി തെളിയിച്ചിട്ടും ടീം ഇന്ത്യയുടെ നായകസ്ഥാനവും പലപ്പോഴും അകന്നുനിന്നു.

ഒടുവില്‍ അര്‍ഹിച്ച ക്യാപ്റ്റന്‍ സ്ഥാനം തേടിയെത്തിയപ്പോഴോ പ്രായം അധികമായെന്നും ടി20യില്‍ ഫോം ഔട്ടാണെന്നുമൊക്കെയുള്ള വിമര്‍ശനങ്ങള്‍ നാലുപാടുനിന്നും ഉയര്‍ന്നു. പക്ഷേ അയാള്‍ കീഴടങ്ങാന്‍ തയാറായിരുന്നില്ല. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയെ ടി20 ലോകകപ്പ് സെമിയിലേക്കും സ്വന്തം മണ്ണില്‍ ഏകദിന ലോകകപ്പിന്റെ ഫൈനലിലേക്കും നയിച്ച അയാള്‍ക്ക് പക്ഷേ കരഞ്ഞു മടങ്ങാനായിരുന്നു രണ്ടു തവണയും വിധി.

ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ നിശബ്ദരാക്കുന്നത് കണ്ട് മാറിനിന്നു കണ്ണീരണിയുന്ന രോഹിതിന്റെ ചിത്രം അത്രവേഗം മറക്കാനാകില്ല ആരാധകര്‍ക്ക്. അതിനു തൊട്ടുപിന്നാലെ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗത്തുനിന്നും കുത്തേറ്റു. തങ്ങളെ തങ്ങളാക്കിയ രോഹിതിനെ നിഷ്‌കരുണം നായകസ്ഥാനത്തുനിന്ന് ഇറക്കിവിട്ട മുംബൈയുടെ നടപടി ഞെട്ടിപ്പിക്കുന്നതായിരുന്നു.

അതോടെ രോഹിതിന്റെ കരിയര്‍ അവസാനിച്ചുവെന്നും വിരമിച്ചുകൂടേയെന്നുമൊക്കെ മുറവിളിയുയര്‍ന്നു. കൂനിന്മേല്‍ കുരു എന്ന കണക്കെ ട്വന്റി 20യില്‍ ഫോം നഷ്ടവും പിടികൂടി. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് അയാളിലെ നായകനെ വിശ്വാസമായിരുന്നു. ഒരു ലോകകപ്പിനു കൂടി അവസരം നല്‍കിയ ബോര്‍ഡിന് പിഴച്ചില്ല. വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചുകൊണ്ട് അജയ്യരായി തന്നെ രോഹിതും സംഘവും വിശ്വം കീഴടക്കി. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ടോപ് സ്‌കോററും മറ്റാരുമല്ല... രോഹിത് തന്നെ.

ചേതോഹരം, വീരോഹിതം ഈ മടക്കം
ബാർബഡോസില്‍ സ്വപ്നസാഫല്യം; ഇൻവിൻസിബിള്‍ ഇന്ത്യ

സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിര്‍ത്താനാകുകയെന്നത് എല്ലാവര്‍ക്കും കഴിയണമെന്നില്ല. ഒരു പതിറ്റാണ്ടിലേറെക്കാലമായി ഇന്ത്യന്‍ ക്രിക്കറ്റ് കൊതിച്ചു കാത്തിരുന്ന ഐസിസി കിരീടം നേടിക്കൊടുത്ത ശേഷം രോഹിത് ചെയ്തതും അതായിരുന്നു. ഇനി മതിയാക്കാം എന്ന തീരുമാനം അയാള്‍ കൈക്കൊള്ളുമ്പോള്‍ അത് ഏറ്റവും ഉചിതമായ സമയത്ത് തന്നെയാണ്. രോഹിത് ഗുരുനാഥ് ശര്‍മയെന്ന പേര് ഇപ്പോള്‍ ഇതിഹാസ താരങ്ങളുടെ പേരുകള്‍ക്കൊപ്പമാണ്... കുട്ടിക്രിക്കറ്റില്‍ ഇനിയും നീലജഴ്‌സിയില്‍ അയാളെക്കാണാനാകില്ലെങ്കിലും ആരാധകര്‍ ഇപ്പോഴും പറയുന്നു... യു ബിലീവ് ഇന്‍ കര്‍മ, വീ ബിലീവ് ഇന്‍ ശര്‍മ...

logo
The Fourth
www.thefourthnews.in