റോയല്‍ചലഞ്ചേഴ്‌സിന് വീണ്ടും റണ്‍മലയേറ്റം; നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയത് 223 റണ്‍സ് വിജയലക്ഷ്യം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് സീസണ്‍ 2024-ല്‍ റണ്‍മഴ തുടരുന്നു. ഇന്ന് നടന്ന ആദ മത്സരത്തില്‍ ബെംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 222 റണ്‍സ്.
സ്വന്തം തട്ടകത്തില്‍ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ അവര്‍ക്ക് നായകന്‍ ശ്രേയസ് അയ്യര്‍, ഓപ്പണര്‍ ഫില്‍ സോള്‍ട്ട്, മധ്യനിര താരങ്ങളായ റിങ്കു സിങ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിങ് എന്നിവരുടെ പ്രകടനങ്ങളാണ് തുണയായത്.
36 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 50 റണ്‍സ് നേടിയ നായകന്‍ ശ്രേയസാണ് അവരുടെ ടോപ് സ്‌കോറര്‍. 14 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 48 റണ്‍സാണ് സോള്‍ട്ട് നേടിയത്.
റിങ്കു 16 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 24 റണ്‍സ് നേടി പുറത്തായപ്പോള്‍ റസല്‍ 20 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 27 റണ്‍സുമായും രമണ്‍ദീപ് ഒമ്പത് പന്തുകളില്‍ നിന്ന് രണ്ടു വീതം ഫോറും സിക്‌സും സഹിതം 24 റണ്‍സുമായും പുറത്താകാതെ നിന്നു.
ബെംഗളുരുവിനു വേണ്ടി രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ യഷ് ദയാലും കാമറൂണ്‍ ഗ്രീനുമാണ് ബൗളിങ്ങില്‍ മികച്ചുനിന്നത്. മുഹമ്മദ് സിറാജും ലോക്കീ ഫെര്‍ഗൂസനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആറു മത്സരങ്ങളില്‍ നിന്ന് നാലു ജയവും രണ്ടു തോല്‍വിയുമായി എട്ടു പോയിന്റോടെ കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ ഏഴു മത്സരങ്ങളില്‍ നിന്ന് കേവലം ഒരു ജയം മാത്രമുള്ള ബെംഗളുരു പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. പ്ലേഓഫില്‍ കടക്കാന്‍ വിദൂര സാധ്യത മാത്രമുള്ള ബെംഗളുരുവിന് ഇന്ന് വിജയം അത്യാവശ്യമാണ്.