'തല' മാറി ചെന്നൈ സൂപ്പര്‍ കിങ്‌സ്; ധോണിക്ക് പകരം ഇനി ഋതുരാജ് ഗെയ്ക്‌വാദ് നയിക്കും

'തല' മാറി ചെന്നൈ സൂപ്പര്‍ കിങ്‌സ്; ധോണിക്ക് പകരം ഇനി ഋതുരാജ് ഗെയ്ക്‌വാദ് നയിക്കും

ചെന്നൈയ്ക്കു വേണ്ടി 52 മത്സരങ്ങളില്‍ പാഡണിഞ്ഞ ഗെയ്ക്‌വാദ് 39.10 ശരാശരിയില്‍ ഇതുവരെ 1797 റണ്‍സ് നേടിയിട്ടുണ്ട്. 135.5 ആണ് സ്‌ട്രൈക്ക് റേറ്റ്. ഒരു സെഞ്ചുറിയും 14 അര്‍ധസെഞ്ചുറിയും സ്വന്തം പേരിലുണ്ട്
Updated on
1 min read

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ 'തല'മുറ മാറ്റം. അഞ്ച് തവണ ടീമിനെ ഐപിഎല്‍ കിരീടനേട്ടത്തിലേക്ക് നയിച്ച ഇതിഹാസ നായകന്‍ മഹേന്ദ്ര സിങ് പുതിയ സീസണ്‍ ആരംഭത്തിന് തൊട്ടുമുമ്പ് നായക സ്ഥാനമൊഴിഞ്ഞു. പകരം യുവതാരവും വിശ്വസ്ത ഓപ്പണറുമായ ഋതുരാജ് ഗെയ്ക്‌വാദിനെ പുതിയ നായകനായി ടീം മാനേജ്‌മെന്റ് പ്രഖ്യാപിച്ചു.

2024 ഐപിഎല്‍ സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ നാളെ സ്വന്തം തട്ടകമായ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ബെംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടാന്‍ ഒരുങ്ങുന്നതിനിടെയാണ് മാറ്റം. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് നേരത്തെ തന്നെ ധോണി സൂചന നല്‍കിയിരുന്നു. 'പുതിയ സീസണിനും പുതിയ റോളിനുമായി കാത്തിരിക്കുന്നു' എന്നാണ് ടീമിനൊപ്പം ചേര്‍ന്ന അന്ന് തന്റെ സോഷ്യല്‍ മീഡിയയില്‍ ധോണി കുറിച്ചത്.

അതോടെ ഈ സീസണില്‍ ധോണി നായക സ്ഥാനത്ത് ഉണ്ടാകില്ലെന്ന് ആരാധകര്‍ ഏറെക്കുറേ ഉറപ്പിച്ചിരുന്നു. ഇന്ന് സീസണ്‍ ആരംഭത്തിന്റെ മുന്നോടിയായി എല്ലാ ടീമുകളുടെയും ക്യാപ്റ്റന്മാര്‍ ട്രോഫിക്കൊപ്പമുള്ള ഫോട്ടോ സെഷന് അണിനിരക്കുന്നതിന് തൊട്ടുമുമ്പായാണ് നായകനെ മാറ്റിയതായി സൂപ്പര്‍ കിങ്‌സ് ഔദ്യോഗികമായി അറിയിച്ചത്.

2008-ല്‍ ഐപിഎല്‍ ആരംഭിച്ചതു മുതല്‍ ധോണിയായിരുന്നു സൂപ്പര്‍ കിങ്‌സിന്റെ നായകന്‍. 2022 സീസണില്‍ ധോണിക്കു പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പുതിയ നായകനായി സൂപ്പര്‍ കിങ്‌സ് നിയമിച്ചിരുന്നു. എന്നാല്‍ ജഡേജയുടെ കീഴില്‍ ടീമിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതെ പോയതോടെ സീസണ്‍ പകുതിക്കു വച്ച് ധോണിയെ വീണ്ടും നായകനായി തിരിച്ചെത്തിക്കുയായിരുന്നു. പിന്നീട് കഴിഞ്ഞ സീസണില്‍ ധോണിയുടെ കീഴില്‍ ചെന്നൈ തങ്ങളുടെ അഞ്ചാം ഐപിഎല്‍ കിരീടം നേടുകയും ചെയ്തു.

2019-ലാണ് ഗെയ്ക്‌വാദ് ചെന്നൈയുടെ ഭാഗമാകുന്നത്. തുടര്‍ന്ന് നാലു സീസണുകളിലായി ചെന്നൈയ്ക്കു വേണ്ടി 52 മത്സരങ്ങളില്‍ പാഡണിഞ്ഞ ഗെയ്ക്‌വാദ് 39.10 ശരാശരിയില്‍ ഇതുവരെ 1797 റണ്‍സ് നേടിയിട്ടുണ്ട്. 135.5 ആണ് സ്‌ട്രൈക്ക് റേറ്റ്. ഒരു സെഞ്ചുറിയും 14 അര്‍ധസെഞ്ചുറിയും സ്വന്തം പേരിലുണ്ട്. 101 നോട്ടൗട്ട് ആണ് ഉയര്‍ന്ന സ്‌കോര്‍.

logo
The Fourth
www.thefourthnews.in