കോഹ്‌ലിയുടെ ആ ഐപിഎൽ റെക്കോർഡ് പഴങ്കഥ, ഇനി ഗെയ്ക്ക്‌വാദ്

കോഹ്‌ലിയുടെ ആ ഐപിഎൽ റെക്കോർഡ് പഴങ്കഥ, ഇനി ഗെയ്ക്ക്‌വാദ്

ഏഴ് ബൗണ്ടറികൾ ഉൾപ്പെടെ 44 പന്തിൽ 60 റൺസെന്ന വെടിക്കെട്ട് പ്രകടനമാണ് ഗെയ്ക്ക്‌വാദ് ഗുജറാത്തിനെതിരെ തീർത്തത്.
Updated on
1 min read

ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2023 പ്ലേ ഓഫിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് നേടിയ ഉജ്ജ്വല വിജയത്തിനൊപ്പം ചരിത്രത്തില്‍ ഇടം പിടിച്ച് റുതുരാജ് ഗെയ്‌ക്‌വാദും. ഏഴ് ബൗണ്ടറികൾ ഉൾപ്പെടെ 44 പന്തിൽ 60 റൺസെന്ന തകർപ്പൻ പ്രകടനമാണ് റുതുരാജ് ഗെയ്‌ക്‌വാദ് കാഴ്ചവച്ചത്. ഗുജറാത്തിനെതിരായി വിരാട് കോഹ്‌ലി തീർത്ത റെക്കോർഡും ഇന്നത്തെ മത്സരത്തിൽ ഗെയ്‌ക്‌വാദ് മറികടന്നു.

ഗുജറാത്തിനെതിരെ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സ് എന്ന റെക്കോര്‍ഡ് ആണ് ഗെയ്‌ക്‌വാദ് സ്വന്തം പേരിലേക്ക് മാറ്റിയത്. മൂന്ന് ഇന്നിംഗ്‌സുകളിലായി 232 റൺസായിരുന്നു കോഹ്‌ലി നേടിയത്. എന്നാൽ നാല് ഇന്നിംഗ്‌സുകളിലായി ചെന്നൈയുടെ ഓപ്പണറായ ഗെയ്ക്ക്‌വാദിന് 278 റൺസെന്ന നേട്ടമാണുള്ളത്. നാലാം തവണയാണ് സിഎസ്‌കെ ഗുജറാത്തിനെതിരെ അങ്കത്തിനിറങ്ങുന്നത്. മിക്ക കളികളിലും ഗെയ്ക്ക്‌വാദ് അർദ്ധ സെഞ്ചുറി നേടുകയും ചെയ്തു. ഈ സീസണിൽ ആദ്യമ മത്സരത്തില്‍ ഗുജറാത്തിനെതിരെ 50 പന്തിൽ 92 റൺസ് നേടിയായിരുന്നു ഗെയ്‌ക്‌വാദിന്റെ തുടക്കം.

ചൊവ്വാഴ്ച നടന്ന ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ 15 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്‌സ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് 157 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. ജയത്തോടെ സീസണിലെ ആദ്യ ഫൈനലിസ്റ്റാകാന്‍ ചെന്നൈയ്ക്കു കഴിഞ്ഞപ്പോ ഗുജറാത്തിന് കലാശപ്പോരാട്ടത്തിന് ടിക്കറ്റ് നേടാന്‍ ഒരവസരം കൂടിയുണ്ട്.

logo
The Fourth
www.thefourthnews.in