അച്ഛന്റെ സ്വപ്നങ്ങള്‍ക്ക് നിറം ചേർത്ത് പർപ്പിള്‍ ക്യാപ്; കളിക്കളത്തിനകത്തും പുറത്തും പൊരുതി സെയ്ക മുന്നോട്ട്

അച്ഛന്റെ സ്വപ്നങ്ങള്‍ക്ക് നിറം ചേർത്ത് പർപ്പിള്‍ ക്യാപ്; കളിക്കളത്തിനകത്തും പുറത്തും പൊരുതി സെയ്ക മുന്നോട്ട്

കരിയര്‍ തന്നെ ഇല്ലാതാക്കിയേക്കാവുന്ന ഒരു പരുക്കും ക്രിക്കറ്റിന്റെ ബാലപാഠം പറഞ്ഞു നല്‍കിയ അച്ഛന്റെ ആകസ്മിക മരണവും സമ്മാനിച്ച മാനസിക വ്യഥകള്‍ സെയ്കയിലെ ക്രിക്കറ്ററെ അകാലമൃത്യുവിലേക്ക് നയിച്ചതാണ്
Updated on
3 min read

ആഭ്യന്തര വനിതാ താരങ്ങളെ വെള്ളിവെളിച്ചത്തിലേക്ക് എത്തിക്കുകയാണ് വനിതാ പ്രീമിയര്‍ ലീഗ് കൊണ്ട് ഉദ്ദേശിച്ചതെങ്കില്‍ പ്രഥമ സീസണ്‍ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴേക്കും ആ ലക്ഷ്യം സാധിച്ചു തുടങ്ങിയെന്നു വേണം പറയാന്‍.

ടൂര്‍ണമെന്റ് ഏഴു മത്സരം പിന്നിടുമ്പോഴേക്കും വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ 'പര്‍പ്പിള്‍ ക്യാപ്' ഉടമയാകാനുള്ള മത്സരത്തില്‍ മുന്നിലുള്ളത് മുംബൈ ഇന്ത്യന്‍സിന്റെ 'അറിയപ്പെടാത്ത ഇന്ത്യന്‍ താരം' സെയ്ക ഇഷാക് ആണ്. മൂന്നു മത്സരങ്ങളില്‍ നിന്നായി 4.91 ഇക്കണോമിയില്‍ ഒമ്പതു വിക്കറ്റുകളാണ് ഈ ബംഗാളി താരം സ്വന്തമാക്കിയിരിക്കുന്നത്.

സെയ്കയുടെ ഈ പ്രകടനങ്ങള്‍ വന്ന വേദി ഏതെന്ന് അറിയുമ്പോഴാണ് അമ്പരപ്പ് ഉളവാകുന്നത്. ബൗളര്‍മാരുടെ, പ്രത്യേകിച്ച് സ്പിന്നര്‍മാരുടെ ശവപ്പറമ്പായ നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തിലെയും ബ്രാബോണ്‍ സ്‌റ്റേഡിയത്തിലെയും റണ്ണൊഴുകുന്ന പിച്ചിലായിരുന്നു സെയ്ക ബാറ്റര്‍മാരെ വെള്ളംകുടിപ്പിച്ചത്.

പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള മുംബൈ ഇലവന്റെ അവിഭാജ്യ ഘടകമായി സെയ്ക മാറിയത് വെറും മൂന്നു മത്സരങ്ങള്‍ കൊണ്ടാണ്. ഗുജറാത്ത് ജയന്റ്‌സിനെതിരായ മത്സരത്തില്‍ എറിഞ്ഞ നാലോവറിലും വിക്കറ്റ് വീഴ്ത്തിയ സെയ്കയുടെ മാച്ച് ഫിഗര്‍ 4-0-11-4 എന്നായിരുന്നു. ആദ്യ മത്സരത്തില്‍ ബംഗളുരുവിനെതിരേ രണ്ടു വിക്കറ്റ് വീഴ്ത്തിയ സെയ്ക ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ മൂന്നു വിക്കറ്റും സ്വന്തമാക്കി.

ആത്മവിശ്വാസം! അതൊന്നു മാത്രമാണ് തന്റെ കൈമുതല്‍ എന്നാണ് പര്‍പ്പിള്‍ ക്യാപ് സ്വീകരിച്ചുകൊണ്ട് സെയ്ക പറഞ്ഞത്. ആ വാക്കുകള്‍ വെറുതേയല്ല. ഡബ്ല്യു.പി.എല്‍. അരങ്ങേറ്റത്തിനു തൊട്ടുമുമ്പ് ''ഞാനൊരു ബൗളറാണ്, വിക്കറ്റ് എടുക്കാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്'' എന്നു പറഞ്ഞ സെയ്ക അക്ഷരാര്‍ത്ഥത്തില്‍ അതു ചെയ്തു കാണിക്കുകയാണ്.

ഇന്ന് വെള്ളിവെളിച്ചത്തിലേക്ക് എത്തും മുന്‍പ് കയ്‌പേറിയ ഒരു പൂര്‍വകാലം ഈ 27-കാരിക്കുണ്ടായിരുന്നു. കരിയര്‍ തന്നെ ഇല്ലാതാക്കിയേക്കാവുന്ന ഒരു പരുക്കും ക്രിക്കറ്റിന്റെ ബാലപാഠം പറഞ്ഞു നല്‍കിയ അച്ഛന്റെ മരണവും സമ്മാനിച്ച മാനസിക വ്യഥകള്‍ സെയ്കയിലെ ക്രിക്കറ്ററെ അകാലമൃത്യുവിലേക്ക് നയിച്ചതാണ്. എന്നാല്‍ ഏതോ ഒരുള്‍പ്രേരണയില്‍ തിരിച്ചെത്തിയ അവള്‍ക്ക് ഇപ്പോള്‍ ഇന്ത്യന്‍ ദേശീയ ടീമിലേക്കുള്ള പടിവാതിലാണ് ഈ ഡബ്ല്യു.പി.എല്‍. സീസണ്‍.

ദക്ഷിണ കൊല്‍ക്കത്തയുടെ സമീപ പ്രദേശമായ പാര്‍ക്ക് സര്‍ക്കസിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നാണ് സെയ്കയുടെ വരവ്. അച്ഛനാണ് സെയ്കയെ ക്രിക്കറ്റിലേക്കു കൈപിടിച്ചു നടത്തിയത്. ക്രിക്കറ്ററാകാന്‍ കൊതിച്ച് ആകാതെ പോയ മുഹമ്മദ് ഇഷാക് എന്ന ആ പിതാവിന് ഇന്ത്യന്‍ ജഴ്‌സിയില്‍ മകളെ കാണാനായിരുന്നു ആഗ്രഹം.

എന്നാല്‍ അത് കാണാന്‍ നില്‍ക്കാതെ പതിനഞ്ചു വര്‍ഷം മുമ്പ് അച്ഛന്‍ മരണമടഞ്ഞതാണ് ആദ്യം സെയ്കയെ തളര്‍ത്തിയത്. അച്ഛന്റെ വിയോഗം ഏല്‍പിച്ച മാനസിക വ്യഥയില്‍ നിന്നു സെയ്കയെ രക്ഷിച്ചെടുത്തത് അച്ഛന്റെ ഇഷ്ടഗെയിമായ ക്രിക്കറ്റായിരുന്നു. കടുത്ത പരിശീലന നാളുകളായിരുന്നു പിന്നീട്.

അണ്ടര്‍ 19, അണ്ടര്‍ 23 വിഭാഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സെയ്ക അതിവേഗം ബംഗാള്‍ സീനിയര്‍ ടീമില്‍ ഇടംപിടിച്ചു. എന്നാല്‍ 2018-ല്‍ ഫീല്‍ഡിങ്ങിനിടെയേറ്റ പരുക്ക് സെയ്കയുടെ കരിയര്‍ തന്നെ ഇല്ലാതാക്കുന്നതിനടുത്തെത്തിച്ചു. ഗുരുതരമായ പരുക്കിനെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തോളമാണ് സെയ്കയ്ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നത്.

അപ്പോഴേക്കും കാലം മുന്നോട്ടു പോകുകയും ടീം ഇന്ത്യയില്‍ ഒരുപിടി മികച്ച താരങ്ങള്‍ എത്തുകയും ചെയ്തു. ഇതോടെ ക്രിക്കറ്റ് മതിയാക്കുന്നതിനേക്കുറിച്ചു പോലും സെയ്ക ആലോചിച്ചു. എന്നാല്‍ ബംഗാള്‍ മുന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ശിവ്‌സാഗര്‍ സിങ്ങിന്റെ ഇടപെടല്‍ അവളില്‍ വീണ്ടും ക്രിക്കറ്റിനോടുള്ള അഭിവാഞ്ഛ വളര്‍ത്തി.

അച്ഛനു നല്‍കിയ വാക്കുപാലിക്കാന്‍ സെയ്ക വീണ്ടും ക്രിക്കറ്റ് പന്ത് എടുത്തു. 2021-ല്‍ ശിവ്‌സാഗറിന്റെ ശ്രമഫലമായി പരിശീലനം പുനരരാംഭിച്ചു. ശിവ്‌സാഗര്‍ തന്നെ അതിന് മേല്‍നോട്ടം വഹിക്കുകയും ചെയ്തു. സെയ്കയുടെ ബൗളിങ്ങിലുള്ള സാങ്കേതികപ്പിഴവുകള്‍ പരിഹരിക്കാനും ശിവ്‌സാഗറിന്റെ ഇടപെടലുകള്‍ക്കായി.

ഇരുവരുടെയും ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഇന്ത്യന്‍ മുന്‍ പേസറും സെയ്കയുടെ റോള്‍ മോഡലുമായ ജൂലന്‍ ഗോസ്വാമിയും ഉണ്ടായിരുന്നു. 2021 അവസാനം തന്നെ ബംഗാള്‍ സീനിയര്‍ ടീമില്‍ തിരിച്ചെത്താന്‍ സെയ്കയ്ക്കായി. പിന്നീട് ഇതുവരെ അവള്‍ക്ക് ടീമില്‍ നിന്നു സ്ഥാനം നഷ്ടമായിട്ടില്ല.

സെയ്കയുടെ മികവ് അടുത്തുനിന്നു കണ്ടറിഞ്ഞ ജൂലനാണ് അവളെ മുംബൈ ഇന്ത്യന്‍സില്‍ എത്തിക്കുന്നത്. മുംബൈയുടെ ടീം മെന്റര്‍ കൂടിയായ ജൂലന്റെ നിര്‍ദേശപ്രകാരമാണ് താരലേലത്തില്‍ 10 ലക്ഷം രൂപ ചിലവഴിച്ച് സെയ്കയെ മുംബൈ സ്വന്തമാക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് സെയ്കയ്ക്ക് ആദ്യ ക്രിക്കറ്റ് കിറ്റ് സമ്മാനിച്ചതും ജൂലനാണ്.

മുംബൈയുടെയും ജൂലന്റെ തീരുമാനം തെറ്റായില്ലെന്നാണ് ഡബ്ല്യു.പി.എല്ലിലെ ആദ്യ മൂന്നു മത്സരങ്ങള്‍ തെളിയിക്കുന്നത്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കൂടി ഇതേ ഫോം തുടര്‍ന്നാല്‍ മുഹമ്മദ് ഇഷാക് എന്ന മനുഷ്യന്‍ കണ്ട സ്വപ്‌നം യാഥാര്‍ഥ്യമാകാന്‍ അധികകാലം വേണ്ടി വരില്ല.

logo
The Fourth
www.thefourthnews.in