ശതകം തൊട്ട് സഞ്ജു; അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ സെഞ്ചുറി

ശതകം തൊട്ട് സഞ്ജു; അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ സെഞ്ചുറി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് താരത്തിന്റെ നേട്ടം
Updated on
1 min read

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മലയാളി താരം സഞ്ജു സാംസണ് കന്നി സെഞ്ചുറി. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് താരത്തിന്റെ നേട്ടം. 110 പന്തുകളില്‍ ആറ് ഫോറും രണ്ട് സിക്സും സെഞ്ചുറി ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. സെഞ്ചുറിക്ക് ശേഷം അധികനേരം ക്രീസില്‍ തുടരാന്‍ വലം കയ്യന്‍ ബാറ്റർക്കായില്ല. 114 പന്തില്‍ 108 റണ്‍സുമായി 46-ാം ഓവറില്‍ താരം ക്രീസുവിട്ടു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം സമ്മാനിക്കാന്‍ ഓപ്പണർമാരായ സായ് സുദർശനും രജത് പട്ടിദാറിനും സാധിച്ചിരുന്നു. ഒന്നാം വിക്കറ്റില്‍ 34 റണ്‍സാണ് ഇരുവരും ചേർത്തത്. മൂന്നാമനായാണ് സഞ്ജു ക്രീസിലെത്തിയത്. ന്യൂ ബോളിന്റെ വെല്ലുവിളിയും ദക്ഷിണാഫ്രിക്കന്‍ പേസർമാരുടെ കൃത്യതയും അതിജീവിച്ചായിരുന്നു സഞ്ജു ബാറ്റ് വീശിയത്.

ശതകം തൊട്ട് സഞ്ജു; അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ സെഞ്ചുറി
ക്യൂരിയസ് കേസ് ഓഫ് സഞ്ജു സാംസണ്‍

രജതും (22) സായിയും (10) പവർപ്ലേയ്ക്കുള്ളില്‍ തന്നെ മടങ്ങിയെങ്കിലും സഞ്ജു നിലയുറപ്പിച്ചു കളിച്ചു. നായകന്‍ കെ എല്‍ രാഹുലിനെ കൂട്ടുപിടിച്ച് മൂന്നാം വിക്കറ്റില്‍ 52 റണ്‍സ് സഞ്ജു ചേർത്തു. രാഹുല്‍ (21) മടങ്ങിയ ശേഷം എത്തിയത് തിലക് വർമയായിരുന്നു. തിലക് തുടക്കത്തിലെ റണ്‍സ് കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതോടെ സഞ്ജുവില്‍ സമ്മർദമേറി. എന്നാല്‍ അനാവശ്യ ഷോട്ടുകള്‍ക്ക് തയാറാകാതെ കരുതലോടെ സഞ്ജു ഇന്നിങ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

തിലക് വർമയുമായി ചേർന്ന് നാലാം വിക്കറ്റില്‍ 116 റണ്‍സാണ് സഞ്ജു കണ്ടെത്തിയത്. ഇന്ത്യന്‍ ഇന്നിങ്സില്‍ നിർണായകമായതും ഈ കൂട്ടുകെട്ടായിരുന്നു. സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് റണ്ണൊഴുകുന്നില്ലെന്ന് പരാതി ഉയർത്തിയവർക്കുള്ള മറുപടി 44-ാം ഓവറിലെ അവസാന പന്തിലെത്തി.

കേശവ് മഹരാജിന്റെ പന്തില്‍ ലോങ് ഓഫിലേക്ക് സിംഗിളിട്ടായിരുന്നു തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ ശതകം സഞ്ജു സ്വന്തമാക്കിയത്. സെഞ്ചുറിക്ക് പിന്നാലെ എട്ട് റണ്‍സ് മാത്രമാണ് സഞ്ജുവിന് ചേർക്കാനായത്. വില്യംസിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച സഞ്ജു റീസ ഹെന്‍ഡ്രിക്സിന്റെ കൈകളിലൊതുങ്ങി.

logo
The Fourth
www.thefourthnews.in