ഹൈ വോള്‍ട്ടേജില്‍ സഞ്ജു! ബംഗ്ലാദേശിനെതിരായ ട്വന്റി 20യില്‍ സെഞ്ചുറി
ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി 20യില്‍ സഞ്ജു സാംസണിന് സെഞ്ചുറി. കേവലം 40 പന്തിലാണ് അന്താരാഷ്ട്ര ട്വന്റി 20യില്‍ ആദ്യമായി സഞ്ജു മൂന്നക്കം കടന്നത്. റിഷാദ് ഹൊസൈന്റെ ഓവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്സറുകളും പറത്തി അത്യുഗ്രൻ പ്രകടനമായിരുന്നു സഞ്ജു കാഴ്ചവെച്ചത്. ഒൻപത് ഫോറും എട്ട് സിക്സും സെഞ്ചുറി ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.
തുടക്കം മുതല്‍ ആക്രമണ ബാറ്റിങ്ങായിരുന്നു സഞ്ജു കാഴ്ചവെച്ചത്. ആദ്യ ഓവറില്‍ കരുതലോടെയായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്ങ്. എന്നാല്‍, രണ്ടാം ഓവറില്‍ ബംഗ്ലാദേശ് പേസർ ടസ്ക്കിൻ അഹമ്മദിനെ തുടർച്ചയായി നാലുതവണ ബൗണ്ടറി കടത്തിയായിരുന്നു സഞ്ജു സ്കോറിങ്ങിന്റെ ഗിയർ മാറ്റിയത്. പിന്നീട് ഇന്നിങ്സിന്റെ ഒരു ഘട്ടത്തില്‍ പോലും വേഗത കുറയ്ക്കാൻ സഞ്ജു തയാറായില്ല.
മുസ്തഫിസൂറിനെതിരെ ഫോറും സിക്സും പായിച്ച് അർദ്ധ സെഞ്ചുറിയിലേക്ക് അടുത്തു. റിഷാദ് ഹൊസൈന്റെ രണ്ട് ഫോറും ഒരു സിക്സും പറത്തി കേവലം 22 പന്തിലായിരുന്നു സഞ്ജു 50 കടന്നത്.
റിഷാദ് തന്നെയായിരുന്നു സഞ്ജുവിന്റെ ഏറ്റവും വലിയ പ്രഹരത്തിന് ഇരയായതും. റിഷാദിന്റെ രണ്ടാം ഓവറില്‍ തുടർച്ചയായി അഞ്ച് സിക്സുകളാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. രണ്ട് സിക്സറുകള്‍ റിഷാദിന്റെ തലയ്ക്ക് മുകളിലൂടെയും ഓരോന്ന് വീതം ലോങ് ഓഫിനും ലോങ് ഓണിനും മിഡ് വിക്കറ്റിനും മുകളിലൂടെയാണ് സഞ്ജു പായിച്ചത്.
ട്വന്റി 20 ക്രിക്കറ്റില്‍ ഒരു ഓവറില്‍ ഒറ്റയ്ക്ക് ഇന്ത്യയ്ക്കായി കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനും സഞ്ജുവിനായി. ഇംഗ്ലണ്ടിനെതിരെ ഒരു ഓവറില്‍ 36 റണ്‍സെടുത്ത യുവരാജ് സിങ്ങാണ് ഒന്നാമത്. റിഷാദിന്റെ ഓവറില്‍ 30 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.
റിഷാദിന്റെ ഓവർ പൂർത്തിയായപ്പോഴേക്കും സഞ്ജുവിന്റെ സ്കോർ 92ലെത്തിയിരുന്നു. മുസ്തഫിസൂറിന്റെ പന്തില്‍ ഫോർ നേടിയാണ് സെഞ്ചുറിയിലേക്ക് എത്തിയത്. ട്വന്റി 20 ക്രിക്കറ്റിലെ തന്റെ ആദ്യ സെഞ്ചുറിയിലേക്ക് എത്താൻ സഞ്ജുവിന് 33 മത്സരങ്ങളാണ് ആവശ്യമായി വന്നത്.
സെഞ്ചുറിക്ക് ശേഷവും ആക്രമണം തുടർന്ന സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിന്നീട് രണ്ട് ഫോറുകൂടി പിറന്നു. ഒടുവില്‍ മുസ്തഫിസൂറിന്റെ പന്തില്‍ മെഹദി ഹസന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്. 11 ഫോറും എട്ട് സിക്സും ഉള്‍പ്പെടെ 47 പന്തില്‍ 111 റണ്‍സാണ് താരം നേടിയത്.