ഒറ്റയ്ക്കു പൊരുതി സഞ്ജു; ഒപ്പം നില്‍ക്കാതെ ടീം ഇന്ത്യ

ഒറ്റയ്ക്കു പൊരുതി സഞ്ജു; ഒപ്പം നില്‍ക്കാതെ ടീം ഇന്ത്യ

63 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 86 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്‌കോററായത്.
Updated on
1 min read

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഒമ്പതു റണ്‍സിന്റെ തോല്‍വി. ജയിക്കാനുറച്ച് ബാറ്റു വീശിയ മലയാളി താരം സഞ്ജു സാംസണൊഴികെ മറ്റാരും പൊരുതാതെ കീഴടങ്ങിയപ്പോള്‍ ജയത്തിനരികെ ഇന്ത്യ ഇടറി വീണു.

ലഖ്‌നൗവിലെ അടല്‍ ബിഹാരി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.

63 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 86 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്‌കോററായത്. സഞ്ജുവിനു പുറമേ 37 പന്തുകളില്‍ നിന്ന് 50 റണ്‍സ് നേടിയ മധ്യനിര താരം ശ്രേയസ് അയ്യര്‍, 31 പന്തുകളില്‍ നിന്ന് 33 റണ്‍സ നേടിയ ഷാര്‍ദ്ദൂല്‍ താക്കൂര്‍ എന്നിവര്‍ക്കു മാത്രമാണ് ചേസിങ്ങില്‍ അല്‍പമെങ്കിലും തന്റേടം കാട്ടാനായുള്ളു.

നായകന്‍ ശിഖര്‍ ധവാന്‍(16 പന്തില്‍ 4), ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍(ഏഴു പന്തില്‍ 3), മധ്യനിര താരങ്ങളായ റുതുരാജ് ഗെയ്ക്ക്‌വാദ്(42 പന്തില്‍ 19), ഇഷാന്‍ കിഷന്‍(37 പന്തില്‍ 20) എന്നിവര്‍ നടത്തിയ മെല്ലെപ്പോക്കാണ് ഇന്ത്യയെ വിജയചിത്രത്തില്‍ നിന്ന് പുറമ്പോക്കിലേക്ക് നയിച്ചത്

നേരത്തെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയ ഹെന്റ്‌റിച്ച് ക്ലാസന്‍(65 പന്തില്‍ 74 നോട്ടൗട്ട്), ഡേവിഡ് മില്ലര്‍(63 പന്തില്‍ 75 നോട്ടൗട്ട് എന്നിവരുടെ മികവിലായിരുന്നു ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്ക് എത്തിയത്.

logo
The Fourth
www.thefourthnews.in