ഹോം സീസണിന് മുൻപ് ദുലീപ് ട്രോഫി കളിക്കണമെന്ന് സെലക്ടർമാർ; അവഗണിച്ച് രോഹിതും കോഹ്ലിയും ഉള്‍പ്പെടെയുള്ളവർ, അവസാനം നാണക്കേട്

ഹോം സീസണിന് മുൻപ് ദുലീപ് ട്രോഫി കളിക്കണമെന്ന് സെലക്ടർമാർ; അവഗണിച്ച് രോഹിതും കോഹ്ലിയും ഉള്‍പ്പെടെയുള്ളവർ, അവസാനം നാണക്കേട്

ന്യൂസിലൻഡിനെതിരായ പരമ്പര നഷ്ടമായതിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് പ്രകടനത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് വിവിധ കോണില്‍ നിന്ന് ഉയരുന്നത്
Updated on
1 min read

ഹോം ടെസ്റ്റ് സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മുതിർന്ന ഇന്ത്യൻ താരങ്ങള്‍ ദുലീപ് ട്രോഫിയില്‍ കളിക്കണമെന്ന് സെലക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്. ബംഗ്ലാദേശ്, ന്യൂസിലൻഡ് പരമ്പരകള്‍ക്ക് മുന്നോടിയായി മത്സരപരിചയം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കമ്മിറ്റിയുടെ നിർദേശം. എന്നാല്‍, ഇന്ത്യൻ താരങ്ങള്‍ കമ്മിറ്റിയുടെ നിർദേശം അംഗീകരിക്കാൻ തയാറായില്ല. ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ന്യൂസിലൻഡിനെതിരായ പരമ്പര നഷ്ടമായതിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് പ്രകടനത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് വിവിധ കോണില്‍ നിന്ന് ഉയരുന്നത്.

"തീർച്ചയായും താരങ്ങള്‍ക്ക് പരിശീലനം നടത്തമായിരുന്നു. ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയതോടെ ന്യൂസിലൻഡിനെതിരായ പരമ്പരയും അനായാസം നേടുമെന്ന് കരുതി. എന്നാല്‍, ന്യൂസിലൻഡിന് മികവുറ്റ നിരയുണ്ടായിരുന്നു. ഇന്ത്യയിലെ വിവിധ മൈതാനങ്ങളിലും ഐപിഎല്ലിലും ഭാഗമായ താരങ്ങള്‍ ന്യൂസിലൻഡ് ടീമിലുണ്ടായിരുന്നു. ഇന്ത്യയിലെ പിച്ചുകളെക്കുറിച്ച് അവർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു," മുൻ ഇന്ത്യൻ താരം സുനില്‍ ഗവാസ്കർ പറഞ്ഞു.

ഹോം സീസണിന് മുൻപ് ദുലീപ് ട്രോഫി കളിക്കണമെന്ന് സെലക്ടർമാർ; അവഗണിച്ച് രോഹിതും കോഹ്ലിയും ഉള്‍പ്പെടെയുള്ളവർ, അവസാനം നാണക്കേട്
ഇതിലും താഴേക്ക് പോകാനാകില്ല; ഇന്ത്യൻ ക്രിക്കറ്റില്‍ ഇനിയെന്ത്?

ഇന്ത്യൻ ബാറ്റിങ് നിരയിലെ ഏറ്റവും മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും കരിയറിലെ തന്നെ ഏറ്റവും മോശം ഹോം സീരീസാണ് പൂർത്തിയാക്കിയത്. കഴിഞ്ഞ 10 ഇന്നിങ്സില്‍ കോഹ്ലിക്ക് നേടാനായത് കേവലം 192 റണ്‍സ് മാത്രമാണ്, രോഹിത് സ്കോർ ചെയ്തതാകട്ടെ 133 റണ്‍സും. രോഹിത് അവസാനമായി രഞ്ജി ട്രോഫി കളിച്ചത് 2015ലാണ്. കോഹ്ലി 2012ലും.

സച്ചിൻ തെണ്ടുല്‍ക്കർ ഉള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങള്‍പ്പോലും വിരമിക്കലിന് തൊട്ടുമുൻപ് വരെ രഞ്ജി ട്രോഫി കളിച്ചിരുന്നു.

ഐസിസി ട്വന്റി 20 ലോകകപ്പിന് ശേഷം മുതിർന്ന താരങ്ങള്‍ ക്രിക്കറ്റില്‍ നിന്ന് ഒരുമാസത്തെ ഇടവേള എടുത്തിരുന്നു. ഈ സമയത്താണ് സെലക്ഷൻ കമ്മിറ്റി ദുലീപ് ട്രോഫിയില്‍ കളിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. സെപ്റ്റംബർ അഞ്ച് മുതല്‍ 22 വരെയായിരുന്നു ടൂർണമെന്റ്.

രോഹിതും കോഹ്ലിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആദ്യം സമ്മതം അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് നിലപാട് മാറ്റുകയായിരുന്നെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. രോഹിത്, കോഹ്ലി, അശ്വിൻ, ബുംറ തുടങ്ങിയ താരങ്ങള്‍ ദുലീപ് ട്രോഫിയില്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയതോടെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന രവീന്ദ്ര ജഡേജയേയും ഒഴിവാക്കേണ്ടതായി സെലക്ഷൻ കമ്മിറ്റിക്ക് വന്നു.

എന്നാല്‍, ശുഭ്മാൻ ഗില്‍, സർഫറാസ് ഖാൻ, ഋഷഭ് പന്ത്, യശസ്വ ജയ്സ്വാള്‍, കെ എല്‍ രാഹുല്‍ തുടങ്ങിയ താരങ്ങള്‍ ദുലീപ് ട്രോഫിയില്‍ കളിച്ചിരുന്നു.

logo
The Fourth
www.thefourthnews.in