ഷമി ദ ഷാര്‍പ്പ് ഷൂട്ടര്‍; വാങ്ക്‌ഡെയെ വിസ്മയിപ്പിച്ച വിക്കറ്റ് വേട്ടക്കാരന്‍
140 കോടി ജനങ്ങളുടെ പ്രതീക്ഷ, ലോകകപ്പ് നോക്കൗട്ടുകളില്‍ ന്യൂസിലന്‍ഡിനെ മറികടക്കാനായിട്ടില്ല എന്ന വസ്തുതയുടെ സമ്മർദം, വാങ്ക്ഡേയില്‍ ഇതിഹാസങ്ങളടക്കമുള്ള 40,000-ലധികം വരുന്ന കാണികള്‍..ഇതിനെയെല്ലാം അതിജീവിക്കാന്‍ നായകന്‍ രോഹിത് ശർമയ്ക്ക് കരുത്ത് നല്‍കിയത് മുഹമ്മദ് ഷമിയെന്ന വലം കയ്യന്‍ പേസറുടെ പിഴയ്ക്കാത്ത കൃത്യതയായിരുന്നു.
ഒരേസമയം, ബ്രൂട്ടലും ഐ പ്ലീസിങ്ങുമാകുന്ന ഷമി എന്ന ഷാർപ്പ് ഷൂട്ടർ വിരാട് കോഹ്ലിയുടെ ചരിത്ര സെഞ്ചുറിയേയും ന്യൂസിലന്‍ഡിന്റെ ചെറുത്തുനില്‍പ്പിന്റെ വീര്യത്തേയും നിഴല്‍ മാത്രമാക്കിയപ്പോള്‍ ഇന്ത്യ കുതിച്ചത് ലോകകപ്പ് ചരിത്രത്തിലെ നാലാം ഫൈനലിലേക്ക്.
പവർപ്ലേയില്‍ വിക്കറ്റിനായി പരീക്ഷണങ്ങള്‍ നടത്തി മുഹമ്മദ് സിറാജിനും ജസ്പ്രിത് ബുംറയ്ക്കും ആയുധങ്ങള്‍ നഷ്ടപ്പെട്ട നിമിഷത്തിലായിരുന്നു വാങ്ക്ഡേയിലെ വിക്കറ്റിലേക്ക് ആറാം ഓവറില്‍ ഷമിയെ നിറഞ്ഞാടാന്‍ രോഹിത് വിട്ടത്.
തന്റെ സ്വതസിദ്ധമായ ചെറുചിരിയോടെയുള്ള റണ്ണപ്പ്. ആദ്യ പന്തില്‍ തന്നെ വാങ്ക്ഡേയില്‍ പ്രതീക്ഷയുടെ ആദ്യ വിക്കറ്റ്. ഡെവോണ്‍ കോണ്‍വെയുടെ ബാറ്റിലുരസി പന്ത് രാഹുലിന്റെ കൈകളിലേക്ക്. ബുംറയ്ക്കും സിറാജിനും പിഴച്ചിടത്ത് ഷമി വിജയം കണ്ടു.
ഷമിയാണ് കളിയിലെ എക്സ് ഫാക്ടറാകാന്‍ പോകുന്നതെന്ന് മനസിലാക്കാന്‍ ക്രിക്കറ്റ് പണ്ഡിതരുടെ നിരീക്ഷണ പാഠവം വേണ്ടെന്ന് രണ്ടാം ഓവറിലും ഷമി തെളിയിച്ചു. ഇത്തവണ രച്ചിന്‍ രവീന്ദ്രയായിരുന്നു ഇരയായത്. പിന്നീട് വാങ്ക്ഡേ നിശബ്ദമായ മണിക്കൂറുകളായിരുന്നു. കെയിന്‍ വില്യംസണും ഡാരില്‍ മിച്ചലും ചേർന്ന് കൂട്ടുകെട്ട് ഒരുക്കിയതോടെ ഇന്ത്യ സമ്മർദത്തിലേക്ക് ആദ്യമായി വഴുതി വീണു.
വില്യംസണിന്റെ അനായാസ ക്യാച്ച് വിട്ടുകളഞ്ഞതിന്റെ പേരില്‍ പതിവ് ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ കളത്തിനുപുറത്ത് ഷമിക്കെതിരെ പ്രത്യക്ഷപ്പെട്ടു. പക്ഷേ, നിശബ്ദതയ്ക്കൊടുവില്‍ വാങ്ക്ഡെ കാത്തിരുന്നത് സമ്മാനിക്കാന്‍ ഷമി തന്നെയെത്തി. കെയിന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ടിം സൗത്തി, ലോക്കി ഫെർഗൂസണ്‍..അങ്ങനെ ന്യൂസിലന്‍ഡ് ബാറ്റിങ് നിര ഷമിക്ക് മുന്നില്‍ കീഴടങ്ങി.
ഏത് സാഹചര്യത്തിലും അപകടം വിതയ്ക്കും
ഹാർദിക് പാണ്ഡ്യയുടെ പരുക്കാണ് മൂന്നാം പേസറായി ഷമിയ്ക്ക് ടീമിലേക്കുള്ള വഴി തെളിച്ചത്. എന്നാല്‍ ഒരു മൂന്നാം പേസറുടെ ഇംപാക്ടല്ല ഷമി ലോകകപ്പില്‍ ഇന്ത്യയ്ക്ക് നല്‍കുന്നത്. ന്യൂ ബോള്‍, മീഡിയം ഓള്‍ഡ് ബോള്‍, ഓള്‍ഡ് ബോള്‍..ഏത് പന്തിലായാലും ഫോമിലുള്ള ഷമിയെ നേരിടുക എന്നത് എത്രത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ബെന്‍ സ്റ്റോക്സിനെതിരായ സ്പെല്‍ തെളിയിച്ചതാണ്. അപ്രതീഷിതമായ പേസ് വേരിയേഷനുകളും കൃത്യമായ ലൈനും ലെങ്തും നിറച്ച ഷമി മാനിയയ്ക്ക് മുന്നില്‍ ബുംറയുടെ മികവും സിറാജിന്റെ ഫോമും ഒന്നുമല്ലാതാകുകയാണ്.
റെക്കോഡുകളുടെ പെരുമഴ
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയുടെ മുന്‍പന്തിയിലെത്താന്‍ ഷമിക്ക് ആവശ്യമായി വന്നത് കേവലം ആറ് മത്സരങ്ങള്‍ മാത്രമായിരുന്നു. ആറ് കളികളില്‍ നിന്ന് ഇതുവരെ നേടിയത് 23 വിക്കറ്റുകള്‍. മൂന്ന് അഞ്ച് വിക്കറ്റ് നേട്ടവും ഇതില്‍ ഉള്‍പ്പെടുന്നു.
ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ നാല് തവണയാണ് ഷമി അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവച്ചിട്ടുള്ളത്. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേടിയിട്ടുള്ള മിച്ചല്‍ സ്റ്റാർക്കിന്റെ റെക്കോഡാണ് ഷമി മറികടന്നത്.
ലോകകപ്പില്‍ അതിവേഗം 50 വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമാകാനും ഷമിക്കായി. 17 ഇന്നിങ്സുകളില്‍ നിന്നാണ് വലം കൈയന്‍ പേസറുടെ നേട്ടം. മിച്ചല്‍ സ്റ്റാർക്കിനെയാണ് (19 ഇന്നിങ്സ്) ഇവിടെയും ഷമി പിന്തള്ളിയത്.
ഏകദിന ലോകകപ്പില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ആദ്യ ഏഴ് വിക്കറ്റ് പ്രകടനം കൂടിയായിരുന്നു ഇന്നലെ വാങ്ക്ഡേയില്‍ സംഭവിച്ചത്. ഏകദിനത്തിലെ ഇന്ത്യന്‍ ബൗളറുടെ മികച്ച പ്രകടനവും ഇതുതന്നെ (57-7)