ഷെയിന്‍ വോണ്‍, കാലത്തിനുമുമ്പേ പാഞ്ഞ ക്രിക്കറ്റ് ബുദ്ധി: അർജുന രണതുങ്ക
മൈതാനത്ത് ഇരുടീമുകളും നടത്തിയ പോരിനേക്കാള്‍ പ്രസിദ്ധമായിരുന്നു, ശ്രീലങ്കന്‍ മുൻ ക്യാപ്റ്റൻ അർജുന രണതുങ്കയും അന്തരിച്ച ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണും തമ്മിലുള്ള തീപാറിയ പോരാട്ടങ്ങൾ.. എന്നാൽ രൂക്ഷമായ തർക്കങ്ങൾക്കും പരിഹാസങ്ങൾക്കുമിടയിൽ പരസ്പര ബഹുമാനം അവർ കാത്തുസൂക്ഷിച്ചിരുന്നു.
മാർച്ചിൽ തായ്‌ലൻഡിൽ അന്തരിച്ച ലെഗ് സ്പിന്നർക്ക് ശ്രീലങ്ക ക്രിക്കറ്റ് ആദരാഞ്ജലികൾ അർപ്പിക്കുന്ന ചടങ്ങിൽ ബുധനാഴ്ച രണതുങ്ക പങ്കെടുത്തിരുന്നു. വോൺ തന്റെ 500-ാം ടെസ്റ്റ് വിക്കറ്റ് നേടിയ വേദി കൂടിയായ ഗാലെയിൽ നടന്ന ചടങ്ങിൽ, പഴയ എതിരാളിയെ കുറിച്ച് രണതുങ്ക മനസ്സ് തുറന്നു. ഫീൽഡിൽ നടന്ന തർക്കങ്ങളെകുറിച്ച് എല്ലാവർക്കും അറിയാം, പക്ഷേ ഫീൽഡിന് പുറത്ത് നല്ല ബന്ധത്തിലായിരുന്നു തങ്ങള്‍ മുന്നോട്ടു പോയിരുന്നതെന്ന് രണതുങ്ക പറഞ്ഞു.
കാലത്തിനു മുമ്പേ സഞ്ചരിച്ച ക്രിക്കറ്റ് ബുദ്ധി (ക്രിക്കറ്റ് ബ്രെയിന്‍) ആയിരുന്നു വോണിന്റേത്. മനസ്സ് തുറന്നു സംസാരിക്കാൻ അദ്ദേഹത്തിന് യാതൊരു ഭയവുമുണ്ടായിരുന്നില്ല. സത്യസന്ധമായി കമന്ററി പറഞ്ഞിരുന്ന വോൺ, ക്രിക്കറ്റ് കമന്റേറ്റർമാർക്കിടയിൽ ഒരു അപൂർവതയാണെന്നും മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ പറഞ്ഞു.
അദ്ദേഹം ഒരു മികച്ച കളിക്കാരനായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, സുനാമിക്ക് ശേഷമാണ് അദ്ദേഹം ശ്രീലങ്കൻ ഹൃദയങ്ങളോട് കൂടുതൽ അടുത്തത്. സുനാമി ബാധിച്ചപ്പോൾ ശ്രീലങ്കയെ സഹായിക്കാൻ വോൺ എത്തിയത് ഓസ്‌ട്രേലിയൻ ലെഗ്‌സ്പിന്നറെക്കുറിച്ചുള്ള ശ്രീലങ്കക്കാരുടെ ധാരണ തന്നെ തിരുത്താൻ കാരണമായി. വോണിന്റെ മരണ വാർത്ത കേട്ടപ്പോൾ എല്ലാവരും തകർന്നതിന്റെ ഒരു പ്രധാന കാരണം അതായിരുന്നുവെന്നും രണതുങ്ക പറഞ്ഞു.