ബ്രാഡ്മാനൊപ്പമെത്തി ഷാര്‍ദ്ദൂല്‍; 'ലോര്‍ഡ് ഓഫ് ദ ഗെയിം' എന്ന് ആരാധകര്‍
ക്രിക്കറ്റ് ഇതിഹാസം സര്‍ ഡോണ്‍ ബ്രാഡ്മാന്റെയും ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ അലന്‍ ബോര്‍ഡറിന്റെയും റെക്കോഡിനൊപ്പമെത്തി ഇന്ത്യന്‍ യുവ ഓള്‍റൗണ്ടര്‍ ഷാര്‍ദ്ദൂല്‍ താക്കൂര്‍. ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മൂന്ന് അര്‍ധസെഞ്ചുറി നേടുന്ന താരമെന്ന ബ്രാഡ്മാന്റെയും ബോര്‍ഡറിന്റെയും റെക്കോഡിനൊപ്പമാണ് ഇന്ന് ഷാര്‍ദ്ദൂലും പേര് ചേര്‍ത്തത്.
ഈ ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരത്തിന്റെ മൂന്നാം അര്‍ധസെഞ്ചുറിയായിരുന്നു ഇന്നു പിറന്നത്. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 469 പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ആറിന് 152 എന്ന നിലയില്‍ പതറുമ്പോഴാണ് അജിന്‍ക്യ രഹാനെയ്ക്കു കൂട്ടായി ഷാര്‍ദ്ദൂല്‍ ക്രീസില്‍ എത്തുന്നത്.
പിന്നീട് രഹാനെയും ഷാര്‍ദ്ദൂലും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 109 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ ഫോളോ ഓണില്‍ നിന്നു രക്ഷിച്ചത്. ഇന്നിങ്‌സില്‍ 109 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 51 റണ്‍സ് നേടി ഇന്ത്യയുടെ രണ്ടാമത്തെ മികച്ച ടോപ്‌സ്‌കോററാകാനും ഷാര്‍ദ്ദൂലിനായി.
ഇതിനു മുമ്പ് 2021 സെപ്റ്റംബറില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റ് മത്സരത്തിലാണ് ഷാര്‍ദ്ദുല്‍ ഇവിടെ അര്‍ധസെഞ്ചുറി നേടിയത്. അന്ന് രണ്ട് ഇന്നിങ്‌സിലും ഫിഫ്റ്റി തികച്ച ഷാര്‍ദ്ദൂലിന്റെ മികവില്‍ ഇന്ത്യ 157 റണ്‍സിന്റെ തകര്‍പ്പന്‍ ജയവും നേടിയിരുന്നു.