ഏഴ് വിക്കറ്റ് ജയം; 'സൂര്യ'തേജസോടെ ഇന്ത്യയുടെ തിരിച്ചുവരവ്

ഏഴ് വിക്കറ്റ് ജയം; 'സൂര്യ'തേജസോടെ ഇന്ത്യയുടെ തിരിച്ചുവരവ്

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി മുന്നില്‍ നിന്നു നയിച്ച മധ്യനിര താരം സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ വിജയശില്‍പി. മികച്ച ബാറ്റിങ് കാഴ്ചവച്ച് യുവതാരം തിലക് വര്‍മ സൂര്യയ്ക്ക് മികച്ച പിന്തുണ നല്‍കി.
Updated on
1 min read

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ ജീവന്‍ കാത്ത് ടീം ഇന്ത്യ. നിര്‍ണായകമായ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തി. ജോര്‍ജ്ടൗണിലെ പ്രോവിഡന്‍സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 13 പന്ത് ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ഇന്ത്യയുടെ ജയം.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി മുന്നില്‍ നിന്നു നയിച്ച മധ്യനിര താരം സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ വിജയശില്‍പി. ആദ്യ രണ്ടു മത്സരങ്ങളില്‍ ചെറിയ സ്‌കോറിനു പുറത്തായതിന്റെ നിരാശ തീര്‍ത്ത സൂര്യ 44 പന്തുകളില്‍ നിനന് 10 ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 83 റണ്‍സ് നേടി ഇന്ത്യയെ ഏറെക്കുറേ ഒറ്റയ്ക്ക് ജയത്തിലേക്ക് നയിക്കുകയായിരുന്നു.

തന്റെ മൂന്നാമത്തെ മാത്രം രാജ്യാന്തര മത്സരം കളിക്കുന്ന യുവതാരം തിലക് വര്‍മ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മികച്ച ബാറ്റിങ് കാഴ്ചവച്ച് സൂര്യയ്ക്ക് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്ന 93 റണ്‍സാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. കളി അവസാനിക്കുമ്പോള്‍ 37 പന്തില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 49 റണ്‍സുമായി തിലകും 15 പനളതുകളില്‍ നിന്ന് ഓരോ സിക്‌സും ഫോറും സഹിതം 20 റണ്‍സുമായി നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമായിരുന്നു ക്രീസില്‍.

ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. അരങ്ങേറ്റം മത്സരം കളിച്ച യശ്വസി ജയ്‌സ്വാള്‍(1), ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍(6) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായതോടെ രണ്ടിന് 34 എന്ന നിലയില്‍ പതറിയ ഇന്ത്യയെ പിന്നീട് സൂര്യ-തിലക് സഖ്യമാണ് കരകയറ്റിയത്. സെഞ്ചുറിയിലേക്ക് കുതിച്ച സൂര്യ 17 റണ്‍സ് അകലെ വീണതിനു ശേഷം നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം ചേര്‍ന്നാണ് തിലക് ടീമിനെ ജയത്തിലേക്ക് നയിച്ചത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. ഓപ്പണര്‍ ബ്രാന്‍ഡണ്‍ കിങ്ങിന്റെയും നായകന്‍ റോവ്മാന്‍ പവലിന്റെയും മികച്ച ബാറ്റിങ്ങാണ് അവരെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്. കിങ് 42 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 42 റണ്‍സ് നേടിയപ്പോള്‍ വെറും 19 പന്തുകളില്‍ നിന്ന് ഒരു ഫോറും മൂന്നു സിക്‌സറുകളും സഹിതം 40 റണ്‍സ് നേടി പുറത്താകാതെ നിന്ന് പവലാണ് വിന്‍ഡീസിനെ 150 കടത്തിയത്.

ഓപ്പണര്‍ കൈല്‍ മേയേഴ്‌സ്(25) മധ്യനിര താരങ്ങളായ ജോണ്‍സണ്‍ ചാള്‍സ്(12), നിക്കോളാസ് പൂരന്‍(20), ഷിംറോണ്‍ ഹെറ്റ്മയര്‍(9) എന്നിവരാണ് പുറത്തായ മറ്റ് വിന്‍ഡീസ് ബാറ്റര്‍മാര്‍. നാലോവറില്‍ വെറും 28 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ഇന്ത്യക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. ഓരോ വിക്കറ്റുകളുമായി അക്‌സര്‍ പട്ടേലും മുകേഷ് കുമാറും മികച്ച പിന്തുണ നല്‍കി.

logo
The Fourth
www.thefourthnews.in