സ്മൃതിയുടെയും റിച്ചയുടെയും പോരാട്ടം പാഴായി; ഇന്ത്യയുടെ വിജയക്കുതിപ്പ് അവസാനിപ്പിച്ച് ഇംഗ്ലണ്ട്

സ്മൃതിയുടെയും റിച്ചയുടെയും പോരാട്ടം പാഴായി; ഇന്ത്യയുടെ വിജയക്കുതിപ്പ് അവസാനിപ്പിച്ച് ഇംഗ്ലണ്ട്

ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.
Updated on
1 min read

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ അപരാജിത മുന്നേറ്റത്തിന് അന്ത്യം. ഗ്രൂപ്പ് റൗണ്ടിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം അരക്കിട്ട് ഉറപ്പിച്ചു.

കേപ്ടൗണിനു സമീപം ക്വേബെര്‍ഗയില്‍ ഇന്നു നടന്ന മത്സരത്തില്‍ 11 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.

മധ്യനിര പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ നിരയില്‍ അര്‍ധസെഞ്ചുറി നേടിയ ഉപനായികയും ഓപ്പണറുമായ സ്മൃതി മന്ദാന, അവസാനെ ഓവര്‍ വരെ പൊരുതിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ചാ ഘോഷ് എന്നിവര്‍ക്കു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്.

സ്മൃതി 41 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 52 റണ്‍സ് നേടിയപ്പോള്‍ റിച്ച 34 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും സഹിതം 47 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഓപ്പണര്‍ ഷെഫാലി വര്‍മ(8), മധ്യനിര താരം ജെമീമ റോഡ്രിഗസ്(13), നായിക ഹര്‍മന്‍പ്രീത് കൗര്‍(4), ദീപ്തി ശര്‍മ(7) എന്നിവര്‍ പരാജപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

ഇംഗ്ലണ്ടിനു വേണ്ടി നാലോവറില്‍ 27 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ സാറ ഗ്ലെന്‍ ആണ് ബൗളിങ്ങില്‍ തിളങ്ങിയത്. സ്മൃതിയെ വീഴ്ത്തിയ ഗ്ലെന്നിന്റെ ഓവറാണ് മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കിയത്. ഗ്ലെന്നിനു പുറമേ ലോറെന്‍ ബെല്‍, സോഫി എക്കിള്‍സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റുകള്‍ നേടി തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ച രേണുക സിങ്ങാണ് ഇംഗ്ലണ്ടിനെ 151 എന്ന സ്‌കോറില്‍ തളയ്ക്കാന്‍ ഇന്ത്യയെ സഹായിച്ചത്.

ഒരു ഘട്ടത്തില്‍ മൂന്നിന് 29 എന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിന് അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരം നാറ്റ് സ്‌കീവറിന്റെയും മധ്യനിര താരം ആമി ജോണ്‍സ്, നായിക ഹീഥര്‍ നൈറ്റ് എന്നിവരുടെയും മികച്ച ബാറ്റിങ്ങാണ് മാന്യമായ സകോര്‍ സമ്മാനിച്ചത്.

നാറ്റ് സ്‌കീവര്‍ 42 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികള്‍ സഹിതം 50 റണ്‍സ് നേടിയപ്പോള്‍ 27 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 40 റണ്‍സായിരുന്നു ആമിയുടെ സംഭാവന. ഹീഥര്‍ നൈറ്റ് 23 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 28 റണ്‍സ് നേടി.

ഇന്ത്യന്‍ നിരയില്‍ രേണുകയ്ക്കു പുറമേ ശിഖാ പാണ്ഡെയും ദീപ്തി ശര്‍മയും ഓരോ വിക്കറ്റുകള്‍ നേടി. ടി20 കരിയറില്‍ തന്റെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണ് രേണുക സിങ് ഇന്നു സ്വന്തമാക്കിയത്.

logo
The Fourth
www.thefourthnews.in