ദേവ്ധര്‍ ട്രോഫി ഫൈനല്‍: രോഹന്‍ കുന്നുമ്മലിന് സെഞ്ചുറി, ദക്ഷിണമേഖലയ്ക്ക് കൂറ്റന്‍ സ്‌കോര്‍
ദേവ്ധര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ മലയാളി താരം രോഹന്‍ കുന്നുമ്മലിന്റെ മികവില്‍ പൂര്‍വമേഖലയ്‌ക്കെതിരേ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ദക്ഷിണമേഖല. പുതുച്ചേരിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സാണ് നേടിയത്.
സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്റെയും അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ നായകന്‍ മായങ്ക് അഗര്‍വാള്‍, മധ്യനിര താരം എന്‍ ജഗദീശന്‍ എന്നിവരുടെയും മിന്നുന്ന ബാറ്റിങ്ങാണ് ദക്ഷിണമേഖലയ്ക്ക് കരുത്തായത്. 75 പനളതുകളില്‍ നിന്ന് 11 ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 107 റണ്‍സ് നേടിയ രോഹന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
83 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 63 റണ്‍സുമായി മായങ്കും 60 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 54 റണ്‍സുമായി ജഗദീശനും മികച്ച പിന്തുണ നല്‍കി. ഇവര്‍ക്കു പുറമേ 26 റണ്‍സ് നേടിയ രോഹിത് റായിഡു, 24 റണ്‍സ് നേടിയ സായ് കിഷോര്‍ എന്നിവരും മികച്ച സംഭാവന നല്‍കി.
രോഹനും മായങ്കും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്. 24.4 ഓവറില്‍ 181 റണ്‍സ് കൂ്ട്ടിച്ചേര്‍ത്ത ശേഷമാണ് ഇവരുടെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് ഒരു അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചെറിയ ചെറിയ കൂട്ടുകെട്ടിലൂടെ ദക്ഷിണമേഖല 300-ന് മേല്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. പൂര്‍വമേഖലയ്ക്കു വേണ്ടി ഷഹബാസ്, റിയാന്‍ പരാഗ്, ഉത്കര്‍ഷ് സിങ് എന്നിവര്‍ രണ്ടു വിക്ക്‌റ് വീതം വീഴ്ത്തിയപ്പോള്‍ ഓരോ വിക്കറ്റുകളുമായി മുര സിങ്, ആകാശ് ദീപ് എന്നിവര്‍ മികച്ച പിന്തുണ നല്‍കി.