രോഹന്‍ കുന്നുമ്മലിന്റെ മിന്നും പ്രകടനം; ദക്ഷിണ മേഖലയ്ക്ക് ജയം

രോഹന്‍ കുന്നുമ്മലിന്റെ മിന്നും പ്രകടനം; ദക്ഷിണ മേഖലയ്ക്ക് ജയം

മഴ രസംകൊല്ലിയായി മത്സരത്തില്‍ വി.ജെ.ഡി(വി. ജയദേവന്‍)നിയമനുസരിച്ചായിരുന്നു ദക്ഷിണമേഖലയുടെ ജയം
Updated on
1 min read

ദേവ്ദധര്‍ ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം രോഹന്‍ കുന്നുമ്മലിന്റെ മിന്നുന്ന ബാറ്റിങ് പ്രകടനത്തിന്റെ മികവില്‍ ദക്ഷിണ മേഖലയ്ക്ക് ജയം. ഇന്നു നടന്ന മത്സരത്തില്‍ അവര്‍ ഉത്തര മേഖലയെ 185 റണ്‍സിനാണ് തോല്‍പിച്ചത്. മഴ രസംകൊല്ലിയായി മത്സരത്തില്‍ വി.ജെ.ഡി(വി. ജയദേവന്‍)നിയമനുസരിച്ചായിരുന്നു ദക്ഷിണമേഖലയുടെ ജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണ മേഖല നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സാണ് നേടിയത്. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മല്‍, നായകന്‍ മായങ്ക് അഗര്‍വാള്‍, മധ്യനിര താരം എന്‍. ജഗദീശന്‍ എന്നിവരുടെ മികവിലാണ് ദക്ഷിണ മേഖല മികച്ച സ്‌കോര്‍ നേടിയത്.

രോഹന്‍ 61 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 70 റണ്‍സ് നേടിയപ്പോള്‍ 66 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 71 റണ്‍സുമായി ജഗദീശന്‍ ടോപ്‌സ്‌കോററായി. 68 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 64 റണ്‍സാണ് മായങ്ക് നേടിയത്.

തുടര്‍ന്ന് ഉത്തരമേഖല ബാറ്റിങ്ങിനിറങ്ങും മുമ്പ് മഴയെത്തിയതോടെ വിജെഡി നിയമപ്രകാരം അവരുടെ വിജയലക്ഷ്യം 28 ഓവറില്‍ 246 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ ലക്ഷ്യം തേടിയിറങ്ങിയ അവര്‍ 60 റണ്‍സിന് പറുത്തായി. ആറോവറല്‍ 17 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ വിദ്വത് കവേരപ്പയാണ് ഉത്തരമേഖലയെ തകര്‍ത്തത്.

logo
The Fourth
www.thefourthnews.in