താരമായി രോഹന്‍ കുന്നുമ്മല്‍; ദേവ്ധര്‍ ട്രോഫി ദക്ഷിണമേഖലയ്ക്ക്

താരമായി രോഹന്‍ കുന്നുമ്മല്‍; ദേവ്ധര്‍ ട്രോഫി ദക്ഷിണമേഖലയ്ക്ക്

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണമേഖല നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പൂര്‍വമേഖല 46.1 ഓവറില്‍ 283 റണ്‍സിന് പുറത്താകുകയായിരുന്നു
Updated on
1 min read

മലയാളി താരം രോഹന്‍ കുന്നുമ്മലിന്റെ മികവില്‍ പൂര്‍വമേഖലയെ തോല്‍പിച്ച് ദേവ്ധര്‍ ട്രോഫി നേടി ദക്ഷിണമേഖല. പുതുച്ചേരിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 45 റണ്‍സിന് വിജയം കൊയ്താണ് അവര്‍ കിരീടം ചൂടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണമേഖല നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പൂര്‍വമേഖല 46.1 ഓവറില്‍ 283 റണ്‍സിന് പുറത്താകുകയായിരുന്നു.

സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്റെയും അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ നായകന്‍ മായങ്ക് അഗര്‍വാള്‍, മധ്യനിര താരം എന്‍ ജഗദീശന്‍ എന്നിവരുടെയും മിന്നുന്ന ബാറ്റിങ്ങാണ് ദക്ഷിണമേഖലയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രോഹനാണ് കളിയിലെ കേമനും.

75 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 107 റണ്‍സാണ് രോഹന്‍ നേടിയത്. 83 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 63 റണ്‍സുമായി മായങ്കും 60 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 54 റണ്‍സുമായി ജഗദീശനും മികച്ച പിന്തുണ നല്‍കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പൂര്‍വമേഖലയെ മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ വിദ്വത് കവേരപ്പ, വി. കൗശിക്, വി. വൈശാഖ്, എന്നിവരും ചേര്‍ന്നാണ് തകര്‍ത്തത്. ആര്‍. സായ് കിഷോറിനാണ് ശേഷിച്ച ഒരു വിക്കറ്റ്.

പൂര്‍വമേഖലയ്ക്കു വേണ്ടി തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി റയാല്‍ പരാഗും കുമാര്‍ കുശാഗ്രയുമാണ് പൊരുതിയത്. പരാഗ് 65 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 95 റണ്‍സ് നേടിയപ്പോള്‍ കുശാഗ്ര 58 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 68 റണ്‍സാണ് അടിച്ചുകൂട്ടിയത്. സുധീര്‍ കുമാര്‍ ഗരാമി(48), നായകന്‍ സൗരഭ് തിവാരി(28) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഓപ്പണര്‍മാരായ അഭിമന്യൂ ഈശ്വരന്‍(1), ഉത്കര്‍ഷ് സിങ്(4), മധ്യനിര താരം വിരാട് സിങ്(6) എന്നിവര്‍ പരാജയപ്പെട്ടതാണ് അവര്‍ക്ക് തിരിച്ചടിയാത്.

നേരത്തെ രോഹനും മായങ്കും ചേര്‍ന്ന് മികച്ച തുടക്കമാണ് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണമേഖലയ്ക്ക് സമ്മാനിച്ചത്. 24.4 ഓവറില്‍ 181 റണ്‍സ് കൂ്ട്ടിച്ചേര്‍ത്ത ശേഷമാണ് ഇവരുടെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് ഒരു അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചെറിയ ചെറിയ കൂട്ടുകെട്ടിലൂടെ ദക്ഷിണമേഖല 300-ന് മേല്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.

പൂര്‍വമേഖലയ്ക്കു വേണ്ടി ഷഹബാസ്, റിയാന്‍ പരാഗ്, ഉത്കര്‍ഷ് സിങ് എന്നിവര്‍ രണ്ടു വിക്ക്‌റ് വീതം വീഴ്ത്തിയപ്പോള്‍ ഓരോ വിക്കറ്റുകളുമായി മുര സിങ്, ആകാശ് ദീപ് എന്നിവര്‍ മികച്ച പിന്തുണ നല്‍കി.

logo
The Fourth
www.thefourthnews.in