പാകിസ്താന്‍ പേസര്‍മാരെ 'നിശബ്ദരാക്കി' ഇന്ത്യ; സഹായിച്ചത് ശ്രീലങ്കക്കാരന്‍!

പാകിസ്താന്‍ പേസര്‍മാരെ 'നിശബ്ദരാക്കി' ഇന്ത്യ; സഹായിച്ചത് ശ്രീലങ്കക്കാരന്‍!

ഇതിനു മുമ്പും പാകിസ്താന്‍ ഇടംകൈയ്യന്‍ പേസര്‍മാരുടെ ഭീഷണി നേരിടാന്‍ സെനെവിരത്‌നയുടെ സേവനം ബിസിസിഐ തേടിയിരുന്നു
Updated on
2 min read

ലോക ക്രിക്കറ്റിനെ എണ്ണം പറഞ്ഞ താരങ്ങള്‍ അണിനിരക്കുന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍നിര ബാറ്റിങ്. ലോകത്തെ ഏതു ബൗളിങ് നിരയെയും മുട്ടിടിപ്പിക്കാന്‍ പോന്ന സ്റ്റാറ്റിസ്റ്റിക്‌സാണ് അവരില്‍ ഒരോരുത്തരുടേയും പേരില്‍. എന്നാല്‍ അവര്‍ക്ക് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏറെ തലവേദനയുണ്ടാക്കിയ പേസറാണ് പാകിസ്താന്റെ ഷഹീന്‍ ഷാ അഫ്രീദി.

കഴിഞ്ഞ രണ്ടു ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പുകളിലും 2023 ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് മത്സരത്തില്‍ അഫ്രീദിയുടെ തീപാറുന്ന ബൗളിങ്ങിനു മുന്നില്‍ പതറിയ ഇന്ത്യന്‍ മുന്‍നിര ഇന്ന് തിരിച്ചടിക്കുന്ന കാഴ്ചയാണ് കൊളംബോയില്‍ കണ്ടത്. അഫ്രീദിയും നസീം ഷായും അസാദ് റൗഫും ഫഹീം ഖാനുമടങ്ങുന്ന പേസ് ബാറ്ററിയെ നിഷ്പ്രഭമാക്കി ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്.

ഇന്ത്യന്‍ ആരാധകര്‍പോലും സ്വപ്‌നത്തില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യയെ സഹായിച്ചത് ഒരു ശ്രീലങ്കക്കാരനാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മൂന്നു ദിവസമായി ഇന്ത്യന്‍ ടീമിനൊപ്പം ചിലവഴിക്കുന്ന ശ്രീലങ്കന്‍ ത്രോഡൗണ്‍ സ്‌പെഷലിസ്റ്റ് നുവാന്‍ സെനെവിരത്‌നെയാണ് ഈ അപ്രതീക്ഷിത സഹായി. കഴിഞ്ഞ മൂന്നു ദിവസങ്ങളായി പന്ത്രണ്ട് മണിക്കൂറിലേറെ നേരമാണ് സെനെവിരത്‌നെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കായി പരിശീലന ഗ്രൗണ്ടില്‍ പന്തെറിഞ്ഞത്.

നെറ്റ്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു വേണ്ടി പാക് ബൗളര്‍മാരായ അഫ്രീദിയുടെയും നസീം ഷായുടെയും വിവിധ ആംഗിളുകളിലും വേരിയേഷനുകളിലും പന്തെറിഞ്ഞു നല്‍കിയ സെനെവിരത്‌നെ പാക് പേസ് ബാറ്ററിയോടുള്ള ഇന്ത്യന്‍ ബാറ്റര്‍മാരുടെ അപരിചിതത്വം ഒരു പരിധിവരെ മാറ്റിമറിച്ചു. അതിന്റെ തെളിവാണ് കൊളംബോയില്‍ ഇന്നു കണ്ടത്. ആദ്യം ഷഹീനെയും പിന്നീട് നസീമിനെയും രോഹിതും ഗില്ലും ബൗണ്ടറിയിലേക്കു പറത്തുന്നത് കാണാന്‍ പവലിയനില്‍ ഇന്ത്യന്‍ ടീമിനൊപ്പം സെനെവിരത്‌നെയുമുണ്ടായിരുന്നു.

കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പ്രത്യേക താല്‍പര്യപ്രകാരം ഏഷ്യാ കപ്പിനു തൊട്ടുമുമ്പാണ് സെനെവിരത്‌നയെ ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. ഏഷ്യാ കപ്പിലെ ആദ്യ ഇന്ത്യ-പാക് മത്സരത്തിന് ഒരു ദിനം മുമ്പാണ് അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നത്. ആ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പാക് പേസര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്നത് സെനവിരത്‌നെ നേരിട്ടു വീക്ഷിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പിഴച്ചതെവിടെയെന്ന് ടീം അനലിസ്റ്റുകളുടെ സഹായത്തോടെ മനസിലാക്കിയ ശേഷമായിരുന്നു കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ സെനവിരത്‌നെ നെറ്റ്‌സില്‍ പന്തെറിഞ്ഞത്. ഇന്ത്യന്‍ ടോപ് ഓര്‍ഡറിലെ എല്ലാ ബാറ്റര്‍മാരും സെനവിരത്‌നെയുടെ പ്രത്യേക നെറ്റ്‌സ് പ്രാക്ടീസ് സെഷനില്‍ പങ്കെടുക്കുകയും ചെയ്തു. അതിനു മികച്ച ഫലമാണ് ലഭിച്ചതെന്ന് ഇന്ന് ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തിലൂടെ വ്യക്തമാകുകയും ചെയ്തു.

ഇതിനു മുമ്പും പാകിസ്താന്‍ ഇടംകൈയ്യന്‍ പേസര്‍മാരുടെ ഭീഷണി നേരിടാന്‍ സെനെവിരത്‌നയുടെ സേവനം ബിസിസിഐ തേടിയിരുന്നു. 2018-ല്‍ പാകിസ്താന്റെ മുഹമ്മദ് ആമിര്‍-ജുനൈദ് ഖാന്‍ പേസ് സഖ്യത്തിനെ നേരിടാന്‍ സഹായിക്കാനായാണ് സെനവിരത്‌നെയുടെ സേവനം ആദ്യമായി ബിസിസിഐ ആദ്യമായി തേടിയത്. പിന്നീട് 2022 ക്രിക്കറ്റ് ലോകകപ്പിന്റെ സമയത്തും അദ്ദേഹത്തെ ഇന്ത്യന്‍ ടീമിനൊപ്പം എത്തിച്ചിരുന്നു. വരുന്ന ക്രിക്കറ്റ് ലോകകപ്പില്‍ സെനെവിരത്‌നെയുടെ സേവനം ടീം ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

logo
The Fourth
www.thefourthnews.in