ഏഷ്യാ കപ്പ് ക്രിക്കറ്റ്; ബംഗ്ലാദേശിനെ തകര്‍ത്ത് ലങ്ക
Deepak Malik

ഏഷ്യാ കപ്പ് ക്രിക്കറ്റ്; ബംഗ്ലാദേശിനെ തകര്‍ത്ത് ലങ്ക

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് വെറും 164 റണ്‍സിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 11 ഓവര്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു
Updated on
1 min read

2023 ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്ന് സ്വന്തം തട്ടകമായ പല്ലേകലെയില്‍ നടന്ന മത്സരത്തില്‍ അവര്‍ അഞ്ച് വിക്കറ്റിന് ബംഗ്ലാദേശിനെയാണ് തുരത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് വെറും 164 റണ്‍സിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 11 ഓവര്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ മധ്യനിര താരങങളായ സദീര സമരവിക്രമയും ചരിത് അസലങ്കയുമാണ് ലങ്കയ്ക്ക് മിന്നും ജയമൊരുക്കിയത്. സമരവിക്രമ 77 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 54 റണ്‍സ് നേടിയപ്പോള്‍ അസലങ്ക 92 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 62 റണ്‍സുമായി പുറത്താകാതെ നിന്നു.

ലങ്കന്‍ നിരയില്‍ മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. ഓപ്പണര്‍മാരായ പാഥും നിസാങ്ക(14), ദിമുത് കരുണരത്‌നെ(1), മധ്യനിര താരം കുശാല്‍ മെന്‍ഡിസ്(5) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായി മൂന്നിന് 43 എന്ന നിലയില്‍ പതറിയ അവരെ നാലാം വിക്കറ്റില്‍ സമരവിക്രമ-അസലങ്ക സഖ്യമാണ് കരകയറ്റിയത്. ഇരുവുരും ചേര്‍ന്ന് 78 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

നേരത്തെ നാലു വിക്കറ്റ് വീഴ്ത്തിയ പേസര്‍ മതീഷ പതിരണയുടെ മികവിലാണ് ലങ്ക ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്. രണ്ടു വിക്കറ്റുകളുമായി മതീഷ് തീക്ഷ്ണയും ഓരോ വിക്കറ്റുകളുമായി ധനഞ്ജയ ഡിസില്‍വ, ദുനിത് വെല്ലഗലെ, ദസുണ്‍ ഷനക എന്നിവര്‍ മികച്ച പിന്തുണ നല്‍കി.

ബംഗ്ലാദേശ് നിരയില്‍ അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരം നജ്മുള്‍ ഹൊസൈന്‍ ഷാന്റോയ്ക്കു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. ഷാന്റോ 122 പന്തുകള്‍ നേരിട്ട് ഏഴു ബൗണ്ടറികളോടെ നേടിയ 89 റണ്‍സാണ് ബംഗ്ലാദേശിനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഓപ്പണര്‍ മുഹമ്മദ് നയീം(16), മധ്യനിര താരങ്ങളായ തൗഹിദ് ഹൃദോയ്(20), മുഷ്ഫിക്കര്‍ റഹീം(13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍.

logo
The Fourth
www.thefourthnews.in