ഐറിഷ് വീര്യത്തെ എറിഞ്ഞൊതുക്കി ലങ്ക; ലക്ഷ്യം 129

ഐറിഷ് വീര്യത്തെ എറിഞ്ഞൊതുക്കി ലങ്ക; ലക്ഷ്യം 129

സ്പിന്നര്‍മാരായ മഹീഷ് തീക്ഷ്ണയും വാനിന്ദു ഹസരങ്കയുമാണ് അയര്‍ലന്‍ഡിനെ തകര്‍ത്തത്.
Updated on
1 min read

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരേ ഏഷ്യന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് 129 റണ്‍സ് വിജയലക്ഷ്യം. ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച അയര്‍ലന്‍ഡിന് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു.

രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നര്‍മാരായ മഹീഷ് തീക്ഷ്ണയും വാനിന്ദു ഹസരങ്കയുമാണ് അയര്‍ലന്‍ഡിനെ തകര്‍ത്തത്. ഓരോ വിക്കറ്റുകളുമായി ബിനുര ഫെര്‍നാന്‍ഡോ, ലാഹിരു കുമാര, ചമിക കരുണരത്‌നെ, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ മികച്ച പിന്തുണ നല്‍കി.

മത്സരത്തില്‍ ടോസ് നേടിയ ഐറിഷ് നായകന്‍ ആന്‍ഡി ബാല്‍ബറിന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ലാഹിരു കുമാരയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി നായകന്‍ മടങ്ങിയതോടെ അയര്‍ലന്‍ഡിന്റെ തകര്‍ച്ച ആരംഭിച്ചു.

പിന്നീട് നിശചിത ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായ അയര്‍ലന്‍ഡിന് ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങ്ങിന്റെയും മധ്യനിര താരം ഹാരി ടെക്ടറിന്റെയും ബാറ്റിങ്ങാണ് തുണയായത്. ടെക്ടര്‍ 42 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 45 റണ്‍സ് നേടിയപ്പോള്‍ 25 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 34 റണ്‍സായിരുന്നു സ്റ്റിര്‍ലിങ്ങിന്റെ സംഭാവന.

logo
The Fourth
www.thefourthnews.in