ജീവന്മരണപ്പോരാട്ടത്തില്‍ ടോസ് ലങ്കയ്ക്ക്; ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും
ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്നു നടക്കുന്ന ജീവന്മരണ പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ബംഗ്ലാദേശിന് ബാറ്റിങ്. ദുബായിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ലങ്കന്‍ നായകന്‍ ദസുന്‍ ഷനക ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോടു തോറ്റ ഇലവനില്‍ നിന്നു ഒരു മാറ്റവുമായാണ് ലങ്ക ഇറങ്ങുന്നത്. യുവ പേസര്‍ മതീഷ പതിരണയ്ക്കു പകരം പുതുമുഖ ഓള്‍റൗണ്ടര്‍ അസിത ഫെര്‍ണാണ്ടോ ഇന്ന് രാജ്യാന്തര അരങ്ങേറ്റം കുറിക്കും.
അഫ്ഗാനെ നേരിട്ട ഇലവനില്‍ നിന്നു മാറ്റവുമായാണ് ബംഗ്ലാദേശും ഇറങ്ങിയിരിക്കുന്നത്. മൂന്നു മാറ്റങ്ങളാണ് വരുത്തിയത്. സാബിര്‍ റഹ്‌മാന്‍, മെഹ്ദി ഹസന്‍, എബ്‌ദോട്ട് ഹുസൈന്‍ എന്നിവര്‍ ആദ്യ ഇലവനില്‍ എത്തിയപ്പോള്‍ അനാമുള്‍ ഹഖ്, മുഹമ്മദ് നയീം, മുഹമ്മദ് സെയ്ഫുദ്ദീന്‍ എന്നിവര്‍ക്കു സ്ഥാനം നഷ്ടമായി.
സൂപ്പര്‍ ഫോറില്‍ കടക്കാന്‍ ജയം നിര്‍ണായകമെന്ന നിലയിലാണ് ഇരുവരും കൊമ്പുകോര്‍ക്കുന്നത്. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ നേരിട്ട തോല്‍വിയാണ് ഇവരെ പ്രതിസന്ധിയിലേക്കു തള്ളിയിട്ടത്. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് ലങ്ക അഫ്ഗാനു മുന്നില്‍ കീഴടങ്ങിയത്. മൂന്നാം മത്സരത്തില്‍ ഏഴു വിക്കറ്റിന് ബംഗ്ലാദേശും തോല്‍വിയേറ്റു വാങ്ങി. അഫ്ഗാനെതിരേ ലങ്ക 105 റണ്‍സിന് പുറത്തായപ്പോള്‍ ബംഗ്ലാദേശിന് നിശ്ചിത20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.
ബാറ്റിങ് നിരയുടെ ഫോമില്ലായ്മയാണ് ഇരുടീമുകളെയും വലയ്ക്കുന്നത്. ടി20 ക്രിക്കറ്റില്‍ സമീപകാലത്ത് മോശം ഫോമിലൂടെയാണ് ഇരുകൂട്ടരും കടന്നു പോകുന്നത്. അവസാനം കളിച്ച 14 മത്സരങ്ങളില്‍ 10-ലും ലങ്ക തോറ്റപ്പോള്‍ അവസാനം കളിച്ച 16 മത്സരങ്ങളില്‍ 14 എണ്ണത്തിലാണ് ബംഗ്ലാദേശ് തോല്‍വി വഴങ്ങിയത്.