370 കടന്ന് ഓസീസ് ലീഡ്‌; ഇന്ത്യയുടെ പിടി അയയുന്നു

370 കടന്ന് ഓസീസ് ലീഡ്‌; ഇന്ത്യയുടെ പിടി അയയുന്നു

നാലിന് 123 എന്ന നിലയില്‍ രാവിലെ തങ്ങളുടെ രണ്ടാമിന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഓസീസ് നാലാം ദിനം ലഞ്ചിനു പിരിയുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് എന്ന നിലയിലാണ്.
Updated on
1 min read

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടമെന്ന സ്വപ്‌നം ടീം ഇന്ത്യയില്‍ നിന്നു അകലുന്നു. ഇംഗ്ലണ്ടിലെ കെന്നിങ്ടണ്‍ ഓവലില്‍ നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരേ അതിശക്തമായ നിലയിലേക്കു നീങ്ങുന്നു. നാലാം ദിനമായ ഇന്ന് ആദ്യ സെഷനിലും ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളംകുടിപ്പിച്ച ഓസ്‌ട്രേലിയ തങ്ങളുടെ ഓവറോള്‍ ലീഡ് 370 കടത്തി.

നാലിന് 123 എന്ന നിലയില്‍ രാവിലെ തങ്ങളുടെ രണ്ടാമിന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഓസീസ് നാലാം ദിനം ലഞ്ചിനു പിരിയുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് എന്ന നിലയിലാണ്. രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അവര്‍ 78 റണ്‍സാണ് ആദ്യ സെഷനില്‍ കൂട്ടിച്ചേര്‍ത്തത്. ഒരു ദിനവും രണ്ടു സെഷനുകളും നാലു വിക്കറ്റും ശേഷിക്കെ അവരുടെ ഓവറോള്‍ ലീഡ് 374 ആയി.

ഇന്ന് കളി പുനരാരംഭിച്ച് സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓസീസ് മധ്യനിര താരം മാര്‍നസ് ലബുഷെയ്‌നെ പുറത്താക്കി ഇന്ത്യ പ്രതീക്ഷ നല്‍കിയെങ്കിലും അത് നിലനിര്‍ത്താനായില്ല. ഉമേഷ് യാദവാണ് വിക്കറ്റ് സ്വന്തമാക്കിയത്.

എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന കാമറൂണ്‍ ഗ്രീനും അലക്‌സ് ക്യാരിയും ചേര്‍ന്ന് ഇന്ത്യക്ക് വീണ്ടും തലവേദന നല്‍കി. ഇരുവരു ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 43 റണ്‍സ് ടീം സ്‌കോര്‍ 167-ല്‍ എത്തിച്ചു. ഇതിനിടെ ഗ്രീനിനെ വീഴ്ത്തി ജഡേജ ഇന്ത്യയെ തിരിച്ചെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിനെ കൂട്ടുപിടിച്ച് ക്യാരി നടത്തിയ കടന്നാക്രമണം സകല പ്രതീക്ഷകളും തെറ്റിച്ചു. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇതുവരെ 44 റണ്‍സ് ഇവര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ക്യാരി 41 റണ്‍സും സ്റ്റാര്‍ക്ക് 15 റണ്‍സുമായാണ് പുറത്താകാതെ നില്‍ക്കുന്നത്.

നേരത്തെ ഒന്നാമിന്നിങ്‌സില്‍ ഓസീസ് 469 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 296 റണ്‍സിനു പുറത്തായതോടെ 173 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഓസീസിന് ലഭിച്ചത്.

logo
The Fourth
www.thefourthnews.in