ആഷസ് ഒന്നാം ടെസ്റ്റ്; ഓസീസിന് തകര്‍ച്ച, മൂന്ന് വിക്കറ്റ് നഷ്ടം

ആഷസ് ഒന്നാം ടെസ്റ്റ്; ഓസീസിന് തകര്‍ച്ച, മൂന്ന് വിക്കറ്റ് നഷ്ടം

മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്ന് ലഞ്ചിനു പിരിയുമ്പോള്‍ ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സ് എന്ന നിലയിലാണ്.
Updated on
1 min read

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയ പതറുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ ഒന്നാമിന്നിങ്‌സ് സ്‌കോറായ 393 പിന്തുടരുന്ന ഓസീസ് മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്ന് ലഞ്ചിനു പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സ് എന്ന നിലയിലാണ്. 92 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികള്‍ സഹിതം 40 റണ്‍സോടെ ഓപ്പണര്‍ ഉസ്മാന്‍ ക്വാജയും 11 പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറികള്‍ സഹിതം എട്ട് റണ്‍സോടെ ട്രാവിസ് ഹെഡുമാണ് ക്രീസില്‍.

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(9), മധ്യനിര താരം മാര്‍നസ് ലബുഷെയ്ന്‍(0), മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് എന്നിവരാണ് പുറത്തായ ഓസീസ് ബാറ്റര്‍മാര്‍. അടുത്തടുത്ത പന്തുകളില്‍ വാര്‍ണറിനെയും ലബുഷെയ്‌നെയും വീഴ്ത്തി ഇരട്ടപ്രഹരമേല്‍പ്പിച്ച പേസര്‍ സ്റ്റിയുവര്‍ട്ട് ബ്രോഡാണ് ഓസീസിനെ തകര്‍ത്തത്. ബെന്‍ സ്‌റ്റോക്‌സിനാണ് സ്മിത്തിന്റെ വിക്കറ്റ്.

വിക്കറ്റ് നഷ്ടമില്ലാതെ 14 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയയ്ക്കു തുടക്കത്തിലേ തിരിച്ചടിയേല്‍ക്കുകയായിരുന്നു. തലേന്നത്തെ സ്‌കോറിനോട് 15 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അവര്‍ക്ക് രണ്ടു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് മൂന്നാം വിക്കറ്റില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സ്മിത്തും ലബുഷെയ്‌നും രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിച്ചെങ്കിലും സ്‌റ്റോക്‌സ് വിലങ്ങുതടിയായി.

നേരത്തെ ഒന്നാമിന്നിങ്‌സില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സ് നേടി ഇംഗ്ലണ്ട് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മുന്‍ നായകന്‍ ജോ റൂട്ടിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് അവര്‍ക്ക് കരുത്തായത്. റൂട്ട് 152 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 118 റണ്‍സ് നേടി പുറത്താകാതെ നിന്നു. റൂട്ടിനു പുറമേ അര്‍ധസെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോയും ഓപ്പണര്‍ സാക് ക്രോളിയും മികച്ച പ്രകടനം കാഴ്ചവച്ചു.

ബെയര്‍സ്‌റ്റോ 78 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളോടെ 78 റണ്‍സ് നേടിയപ്പോള്‍ ക്രോളി 73 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 61 റണ്‍സ് നേടി. മധ്യനിര താരങ്ങളായ ഒലി പോപ്പ്(31), ഹാരി ബ്രൂക്ക്(32) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. ഓസീസിനു വേണ്ടി നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ നഥാന്‍ ലിയോണാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. ജോഷ് ഹേസില്‍വുഡ് രണ്ടും സ്‌കോട്ട് ബോളണ്ട്, കാമറൂന്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in