ഗില്ലിനു പിന്നാലെ ബൗളര്‍മാര്‍; കിവീസിനെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര

ഗില്ലിനു പിന്നാലെ ബൗളര്‍മാര്‍; കിവീസിനെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര

ഇന്ത്യ ഉയര്‍ത്തിയ 235 റണ്‍സെന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലന്‍ഡ് വെറും 66 റണ്‍സിന് പുറത്താകുകയായിരുന്നു.
Updated on
2 min read

ഇന്ത്യ ബാറ്റിങ് വിരുന്നൊരുക്കിയ പിച്ചില്‍ ന്യൂസിലന്‍ഡ് ബാറ്റിങ്ങിന്റെ ബാലപാഠം പോലും മറന്നപ്പോള്‍ 168 റണ്‍സിന്റെ പടുകൂറ്റന്‍ ഇന്ത്യക്ക് ട്വന്റി 20 ക്രിക്കറ്റ് പരമ്പര. ഇന്ന് അഹമ്മദാബാദില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ജയിച്ച ഇന്ത്യ 2-1ന് പരമ്പര നേടി.

ഇന്ത്യ ഉയര്‍ത്തിയ 235 റണ്‍സെന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലന്‍ഡ് വെറും 66 റണ്‍സിന് പുറത്താകുകയായിരുന്നു. നാലു വിക്കറ്റുമായി മുന്നില്‍ നിന്നു നയിച്ച നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് കിവീസിന്റെ നട്ടെല്ലൊടിച്ചത്.

കിവീസ് നിരയില്‍ 35 റണ്‍സ് നേടിയ ഡാരില്‍ മിച്ചലിനും 13 റണ്‍സ് നേടിയ നായകന്‍ മിച്ചല്‍ സാന്റ്‌നറിനും മാത്രമാണ് രണ്ടക്കം കടക്കാനായത്. ഫിന്‍ അലന്‍(3), ഡെവണ്‍ കോണ്‍വെ(1), മാര്‍ക് ചാപ്മാന്‍(0), ഗ്ലെന്‍ ഫിലിപ്‌സ്(2), മൈക്കല്‍ ബ്രേസ്‌വെല്‍(8) എന്നിവര്‍ നിരാശപ്പെടുത്തി.

ഇന്ത്യക്കു വേണ്ടി ഹാര്‍ദ്ദിക്കിനു പുറമേ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്, ശിവം മാവി എന്നിവരും തിളങ്ങി. നേരത്തെ സെഞ്ചുറി നേടിയ യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറി മികവില്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.

അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 63 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 126 റണ്‍സാണ് ഗില്‍ അടിച്ചു കൂട്ടിയത്. ഗില്ലിനു പുറമേ യുവ താരം രാഹുല്‍ ത്രിപാഠി, നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ചു. മത്സരത്തില്‍ ടോസ് നേടിയ നായകന്‍ ഹാര്‍ദ്ദിക് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഇഷാന്‍ കിഷനെ(1) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഗില്ലിനു കൂട്ടായി ത്രിപാഠി എത്തിയതോടെ ഇന്ത്യ ശക്തമായി തിരിച്ചുവന്നു. കിവീസ് ബൗളര്‍മാരെ കടന്നാക്രമിച്ച ഇരുവരും ചേര്‍ന്ന് 7.2 ഓവറില്‍ 80 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ത്രിപാഠിയായിരുന്നു കൂടുതല്‍ ആക്രമണകാരി. ഒടുവില്‍ 22 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 44 റണ്‍സ് നേടിയ ത്രിപാഠിയെ പുറത്താക്കി ഇഷ് സോധി കിവീസ് ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നീട് എത്തിയ സൂര്യകുമാര്‍ യാദവ് മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 13 പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറും സഹിതം 24 റണ്‍സ് നേടി പുറത്തായി.

പിന്നീടാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിന്റെ പിറവി. ഗില്ലിനു കൂട്ടായി നായകന്‍ ഹാര്‍ദ്ദിക് ക്രീസില്‍ എത്തിയതോടെ കളി പൂര്‍ണമായും ഇന്ത്യയുടെ പിടിയിലായി. കിവീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ഇരുവരും ചേര്‍ന്ന് 40 പന്തുകളില്‍ നിന്ന് 103 റണ്‍സാണ് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

നായകനെ കൂട്ടുനിര്‍ത്തി ഗില്‍ തകര്‍ത്താടുകയായിരുന്നു. ഹാര്‍ദ്ദിക് ക്രീസില്‍ എത്തുമ്പോള്‍ 38 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 52 റണ്‍സ് എന്ന നിലയിലായിരുന്നു ഗില്‍. പിന്നീട് നേരിട്ട 25 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 74 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഹാര്‍ദ്ദിക് 17 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 30 റണ്‍സ് നേടി ഗില്ലിനു മികച്ച പിന്തുണ നല്‍കി.

logo
The Fourth
www.thefourthnews.in