റെക്കോഡ് വെടിക്കെട്ട്; ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടി സണ്‍റൈസേഴ്‌സ്, നാണംകെട്ട് മുംബൈ ഇന്ത്യന്‍സ്‌

റെക്കോഡ് വെടിക്കെട്ട്; ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടി സണ്‍റൈസേഴ്‌സ്, നാണംകെട്ട് മുംബൈ ഇന്ത്യന്‍സ്‌

ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അടിച്ചുകൂട്ടിയത്
Updated on
1 min read

അഞ്ചു തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിനെതിരേ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ റെക്കോഡ് സ്‌കോര്‍ പടുത്തുയര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് അവര്‍ അടിച്ചുകൂട്ടിയത്. ഇതോടെ 2013 പുനെ വാരിയേഴ്‌സിനെതിരേ ബെംഗളുരു റോയല്‍ ചലഞ്ചേഴ്‌സ അടിച്ചുകൂട്ടിയ 263 റണ്‍സ് എന്ന റെക്കോഡാണ് പഴങ്കഥയായത്.

ഇന്ന് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിനു വേണ്ടി ബാറ്റ് എടുത്തവരെല്ലാം നിറഞ്ഞാടുകയായിരുന്നു. തകര്‍പ്പന്‍ അര്‍ധസഞ്ചുറികളുമായി കളംനിറഞ്ഞ ഹെന്റ്‌റിച്ച് ക്ലാസന്‍, ട്രാവിസ് ഹെഡ്, അഭിഷേ്ക് ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് അവരെ റണ്‍മല കയറ്റിയത്. 34 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 80 റണ്‍സ് നേടിയ ക്ലാസനാണ് ടോപ്‌സ്‌കോറര്‍.

അഭിഷേക് 23 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 63 റണ്‍സ് നേടിയപ്പോള്‍ 24 പന്തുകളില്‍ നിന്ന് ഒമ്പത് ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 62 റണ്‍സായിരുന്നു ഹെഡിന്റെ സമ്പാദ്യം. 28 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 42 റണ്‍സ് നേടിയ എയ്ഡന്‍ മര്‍ക്രം ഇവര്‍ക്ക് മികച്ച പിന്തുണ നല്‍കി. 13 പന്തില്‍ നിന്ന് 11 റണ്‍സ് നേടിയ മായങ്ക് അഗര്‍വാള്‍ മാത്രമാണ് നിരാശപ്പെടുത്തിയത്.

തകര്‍പ്പന്‍ തുടക്കമാണ് സണ്‍റൈസേഴ്‌സിന് ഹെഡും അഭിഷേകും ചേര്‍ന്ന് നല്‍കിയത്. മായങ്കിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും അത് തിരിച്ചടിയാകാതെ കാക്കാന്‍ ഇവര്‍ക്കായി. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സാണ് സണ്‍റൈസേഴ്‌സ് അടിച്ചുകൂട്ടിയത്. ഹെഡും അഭിഷേകും മടങ്ങിയ ശേഷം പിന്നീട് ആക്രമണം ക്ലാസന്‍ ഏറ്റെടുക്കുകയായിരുന്നു. മര്‍ക്രം മികച്ച പിന്തുണ നല്‍കി.

ഇരുവരും ചേര്‍ന്ന് പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ വെറും 54 പന്തുകളില്‍ നിന്ന് 116 റണ്‍സാണ് അടിച്ചു കൂട്ടിയത്. മുംബൈ നിരയില്‍ നാലോവറില്‍ വെറും 36 റണ്‍സ് മാത്രം വിട്ടുനല്‍കിയ ജസ്പ്രീത് ബുംറയാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നാലോവറില്‍ 46 റണ്‍സ് വഴങ്ങിയപ്പോള്‍ യുവതാരം ക്വെന എംപാക നാലോവറില്‍ വിട്ടുനല്‍കിയത് 66 റണ്‍സാണ്. ജെറാള്‍ഡ് കോട്‌സെ 57 റണ്‍സും വിട്ടുനല്‍കി.

logo
The Fourth
www.thefourthnews.in