പത്തോവറും രണ്ട് പന്തും ബാക്കിനില്‍ക്കെ, പത്തു വിക്കറ്റ് ജയം; പത്തരമാറ്റോടെ സണ്‍റൈസേഴ്‌സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ ജയത്തോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇന്ന് സ്വന്തം തട്ടകമായ ഉപ്പാല്‍ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 10 വിക്കറ്റിനാണ് തകര്‍ത്തത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് പത്തോവറും രണ്ടു പന്തും ബാക്കിനില്‍ക്കെ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം കണ്ടു.
വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച് തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയുമാണ് സണ്‍റൈസേഴ്‌സിന്റെ ജയം അനായാസമാക്കിയത്. ഹെഡ് 30 പന്തുകളില്‍ നിന്ന് എട്ടു വീതം സിക്‌സും ഫോറും സഹിതം 89 റണ്‍സുമായും അഭിഷേക് 28 പന്തുകളില്‍ നിന്ന് എട്ടു ഫോറും ആറ് സിക്‌സും സഹിതം 75 റണ്‍സുമായും പുറത്താകാതെ നിന്നു. ജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയരാനും സണ്‍റൈസേഴ്‌സിനായി.
നേരത്തെ നിര്‍ണായക മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിനെ ആയുഷ് ബഡോണി (55*), നിക്കോളാസ് പൂരാന്‍ (48*) എന്നിവരുടെ ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. പവര്‍പ്ലേയില്‍ ഹൈദരാബാദിന്റെ ടോപ് ക്ലാസ് ബൗളിങ്ങിനായിരുന്നു രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വഴങ്ങിയത് ഒരു സിക്‌സര്‍ മാത്രം.
ഡി കോക്കിനേയും മാര്‍ക്കസ് സ്റ്റോയിനിസിനേയും പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ഇരട്ടപ്രഹരവും നല്‍കിയ ആദ്യ ആറ് ഓവറുകളില്‍ ലഖ്‌നൗവിന് നേടാനായത് കേവലം 27 റണ്‍സ് മാത്രമായിരുന്നു. പിന്നീട് ക്രുണാല്‍ പാണ്ഡ്യയെ കൂട്ടുപിടിച്ച് കെ എല്‍ രാഹുല്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഇന്നിങ്‌സ് പാതി വഴിയെത്തിയപ്പോള്‍ കമ്മിന്‍സിന്റെ പന്തില്‍ രാഹുലും മടങ്ങി. 33 പന്ത് നീണ്ട ഇന്നിങ്‌സില്‍ 29 റണ്‍സ് മാത്രമായിരുന്നു രാഹുലിന് നേടാനായത്. വൈകാതെ ക്രുണാലും ഡഗ് ഔട്ടിലെത്തി. 24 റണ്‍സെടുത്ത ക്രുണാല്‍ റണ്ണൗട്ടാവുകയായിരുന്നു. പിന്നീടാണ് ലഖ്‌നൗവിനെ രക്ഷിച്ച ആയുഷ് ബഡോണി - നിക്കോളാസ് പൂരാന്‍ കൂട്ടുകെട്ടുണ്ടായത്.
28 പന്തില്‍ നിന്നായിരുന്നു ബഡോണി അര്‍ധ സെഞ്ചുറി തികച്ചത്. അവസാന അഞ്ച് ഓവറില്‍ 63 റണ്‍സാണ് സഖ്യം നേടിയത്. ബഡോണി-പൂരാന്‍ കൂട്ടുകെട്ട് 99 റണ്‍സാണ് വേര്‍പിരിയാതെ ചേര്‍ത്തത്. 30 പന്തില്‍ ഒന്‍പത് ഫോര്‍ ഉള്‍പ്പടെ 55 റണ്‍സാണ് ബഡോണിയുടെ സമ്പാദ്യം. 26 പന്തില്‍ ആറ് ഫോറും ഒരു സിക്‌സുമടക്കം 48 റണ്‍സാണ് പൂരാന്‍ നേടിയത്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടി. പാറ്റ് കമ്മിന്‍സിനാണ് ഒരു വിക്കറ്റ്.