'സൂര്യ'തേജസോടെ മുംബൈ ഇന്ത്യന്‍സ്; പഞ്ചാബിനെതിരേ മികച്ച സ്‌കോര്‍

'സൂര്യ'തേജസോടെ മുംബൈ ഇന്ത്യന്‍സ്; പഞ്ചാബിനെതിരേ മികച്ച സ്‌കോര്‍

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്
Updated on
1 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് തിരിച്ചെത്തിയ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി മുംബൈ ഇന്ത്യന്‍സ്. പഞ്ചാബിന്റെ ഹോം തട്ടകമായ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്.

അര്‍ധസെഞ്ചുറി നേടിയ സൂര്യയുടെയും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ച യുവതാരം തിലക് വര്‍മ, മുന്‍ നായകന്‍ രോഹിത് ശര്‍മ എന്നിവരുടെയും പിന്‍ബലത്തിലാണ് മുംബൈ മികച്ച സ്‌കോറിലേക്ക് എത്തിയത്. 53 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 78 റണ്‍സ് നേടി സൂര്യ ടീമിന്റെ ടോപ് സ്‌കോററായി.

തിലക് 18 പന്തുകളില്‍ നിന്ന് രണ്ടു വീതം സിക്‌സറും ഫോറും സഹിതം 34 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 25 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 36 റണ്‍സായിരുന്നു രോഹിതിന്റെ സംഭാവന. ഇവര്‍ക്കു പുറമേ മറ്റാര്‍ക്കും മുംബൈ നിരയില്‍ തിളങ്ങാനായില്ല. ഓപ്പണര്‍ ഇഷാന്‍ കിഷന്‍(8), നായകന്‍ ഹാര്‍ദ്ദിക് പാാണ്ഡ്യ(10), ഓള്‍റൗണ്ടര്‍മാരായ ടിം ഡേവിഡ്(14), റൊമാരിയോ ഷെപ്പേര്‍ഡ്(1), മുഹമ്മദ് നബി(0) എന്നിവര്‍ നിരാശപ്പെടുത്തി.

പഞ്ചാബിനു വേണ്ടി മൂന്നുു വിക്കറ്റ് വീതം വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലാണ് ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റുകളുമായി താല്‍ക്കാലിക നായകന്‍ സാം കറന്‍ മികച്ച പിന്തുണ നല്‍കി. പേസര്‍ കാഗിസോ റബാഡ ഒരു വിക്കറ്റ് സ്വന്തമാക്കി. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള മുംബൈയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.

logo
The Fourth
www.thefourthnews.in