പെർഫെക്ട് ഫെയർവെല്‍; വൻമതിലിന് നന്ദി

ആഘോഷങ്ങള്‍ ഒരു കോണില്‍ നിന്ന് വീക്ഷിച്ച ദ്രാവിഡിന്റെ കൈകളിലേക്ക് കോഹ്ലിയായിരുന്നു കിരീടം കൈമാറിയത്

പോർട്ട് ഓഫ് സ്പെയിനിലെ ക്യൂൻസ് പാർക്ക് ഓവല്‍ സ്റ്റേഡിയത്തിന്റെ ബാല്‍ക്കണിയിലേക്ക്. 2007 ഏകദിന ലോകകപ്പിന്റെ ആദ്യ റൗണ്ട് താണ്ടാനാകാതെ നിരാശയിലായിരുന്നു ആ നായകൻ. മൈതാനങ്ങളില്‍ ഇന്ത്യയ്ക്കായി സമാനതകളില്ലാത്ത ചെറുത്തുനില്‍പ്പ് നടത്തിയ വൻമതിലില്‍ വിള്ളല്‍ വീണ നിമിഷം.

തങ്ങാനാകുന്നതിലും അധികമായിരുന്നു ആ പുറത്താകലിന്റെ നോവ്. കയ്യടിച്ചവരുടെ കല്ലേറുകളായിരുന്നു അയാളെ കാത്തിരുന്നത്. 17 വർഷങ്ങള്‍ക്കിപ്പുറം അതേ മണ്ണില്‍, ലോകകിരീടത്തോടെ ഒരു വീണ്ടെടുപ്പ്. എ പെർഫെക്ട് ഫെയർവെല്‍ ഫോർ രാഹുല്‍ ദ്രാവിഡ്.

കളത്തിനകത്തും പുറത്തും സൗമ്യൻ. ഇന്ത്യൻ ക്രിക്കറ്റിന് പുതുവഴി തെളിച്ച ഗാംഗുലിപ്പടയിലെ പ്രധാനി. ഏത് പ്രതിസന്ധിയിലും സമീപിക്കാനാകുന്നവൻ. നായകപദവി കയ്യിലെത്തിയപ്പോഴും പരിഹാസങ്ങളും നാണക്കേടുകളും മാത്രമായിരുന്നു. നീലക്കുപ്പായമഴിച്ചുവെച്ചപ്പോഴും അർഹിച്ച കയ്യടി ലഭിക്കാതെയായിരുന്നു അയാള്‍ കളം വിട്ടത്. ഇങ്ങനെ കയറ്റിറക്കങ്ങളാല്‍ കടന്നുപോയതായിരുന്നു ദ്രാവിഡിന്റെ കരിയർ.

ഒടുവില്‍ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് ചിറകേകാൻ ബിസിസിഐ വൻമതിലിന്റെ മുന്നില്‍തന്നെ ചെന്നു നിന്നു. പുതുതലമുറയെ കളിപഠിപ്പിക്കുന്നതിനിടയില്‍ ആ വലിയ ഉത്തരവാദിത്തം അയാള്‍ ഏറ്റെടുത്തു. രോഹിതിനൊപ്പം. 2022 ട്വന്റി 20 ലോകകപ്പിലും, 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും നിരാശ. പരീക്ഷണങ്ങളുടെ പല തലങ്ങള്‍ താണ്ടി അയാളൊരുക്കിയ കളിവിരുന്നായിരുന്നു 2023 ഏകദിന ലോകകപ്പ്. കിരീടം മാത്രം അകന്നെന്ന് മാത്രം.

കലാവധി അവസാനിച്ചു, പക്ഷേ, അയാള്‍ ഒരിക്കല്‍ക്കൂടി തുടങ്ങി. ഒരു ശ്രമം കൂടി. ഇന്ത്യ ഇന്നേ വരെ പരീക്ഷിക്കാത്ത ഒരു കോമ്പിനേഷനുമായി, 17 വർഷം മുൻപ് തലകുനിച്ച അതേ കരീബിയൻ മണ്ണിലേക്ക്. 2023 ഏകദിന ലോകകപ്പുപോലൊരു കുതിപ്പ്. സർവാധിപത്യം. 2022 ട്വന്റി 20 ലോകകപ്പിലേയും 2023 ഏകദിന ലോകകപ്പിലേയും കണ്ണീരുകള്‍ക്ക് കളത്തില്‍ മറുപടി പറയുമ്പോഴും ശാന്തത കൈവിട്ടില്ല.

വിജയയാത്രയിലും പരാജിതരായ താരങ്ങളെ കൈവിട്ടില്ല. അന്നും ഇന്നും. സെമി ഫൈനലിലും ഫോം വീണ്ടെടുക്കാനാകാതെ പോയ കോഹ്ലിയെ ആശ്വസിപ്പിക്കുന്ന ദ്രാവിഡിന്റെ ദൃശ്യങ്ങള്‍. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ പുതുകാഴ്ചകളിലൊന്നായിരുന്നു. ഫൈനലില്‍ കോഹ്ലി തിളങ്ങുമെന്ന രോഹിതിന്റെ ആത്മവിശ്വാസം ദ്രാവിഡും ആവർത്തിച്ചു. ഫോമിലില്ലാത്ത താരങ്ങളെ മാറ്റണമെന്ന് വിമർശനങ്ങള്‍ക്ക് ചെവി കൊടുത്തില്ല. തന്റെ ശരികളില്‍ ഉറച്ചുനിന്നു.

തനിക്ക് വേണ്ടിയല്ല കിരീടം നേടേണ്ടതെന്നും അത്തരം ചിന്തകള്‍ തന്റെ മൂല്യങ്ങള്‍ക്ക് എതിരാണെന്നും ഫൈനലിന് മണിക്കൂറുകള്‍ക്ക് മുൻപ് ഉറക്കെ പറഞ്ഞുവെച്ചു ദ്രാവിഡ്. ഇന്ത്യന്‍ ക്രിക്കറ്റ് ദൈവം ഇരട്ടസെഞ്ചുറിക്ക് അടുത്ത് നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനും, ഓപ്പണര്‍ സ്ഥാനത്ത് മാത്രമേ കളിക്കൂയെന്നു ശാഠ്യംപിടിച്ച ദൈവത്തെ നാലാം സ്ഥാനത്തേക്ക് ഇറക്കാനും ധൈര്യം കാണിച്ച ദ്രാവിഡില്‍ നിന്ന് ഇതൊന്നും അപ്രതീക്ഷിതമല്ല.

ഒടുവില്‍ 240 പന്തുകള്‍ നീണ്ട പോരാട്ടത്തില്‍‍ ബാർബഡോസിലെ ക്ലാസൻ കൊടുങ്കാറ്റിനേയും അതിജീവിച്ച് വന്മതിലിന് കീഴെ ഇന്ത്യ കിരീടം തൊട്ടു. നനവ് വീണ കണ്ണിലൂടെ അയാള്‍ സപ്പോർട്ട് സ്റ്റാഫിനൊപ്പം കൈകളുയർത്തി ആ നിമിഷം ആസ്വദിച്ചു. ഇത്രത്തോളം ആവേശഭരിതനായി ദ്രാവിഡിനെ ഇതിന് മുൻപ് കണ്ടിട്ടുണ്ടോയെന്ന് സംശയം. ആഘോഷങ്ങള്‍ ഒരു കോണില്‍ നിന്ന് വീക്ഷിച്ച ദ്രാവിഡിന്റെ കൈകളിലേക്ക് കോഹ്ലിയായിരുന്നു കിരീടം കൈമാറിയത്. വീണ്ടെടുപ്പ് നിമിഷത്തെ വർണിക്കാൻ വാക്കുകളില്ല. അത്രമേല്‍ ആവേശം, ആനന്ദം. നന്ദി.

പുതിയൊരു യുവ ഇന്ത്യയെ സമ്മാനിച്ച ദ്രാവിഡ് പടിയിറങ്ങുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in