T20 CWC | കിരീടത്തിലേക്ക് ഒരു കളിദൂരം; ബാറ്റില്‍ ഓഫ് ജയന്റ്സ്

T20 CWC | കിരീടത്തിലേക്ക് ഒരു കളിദൂരം; ബാറ്റില്‍ ഓഫ് ജയന്റ്സ്

ടീമിന്റെ പ്രകടനത്തില്‍ തൃപ്തരാണെന്ന് രോഹിതും മുഖ്യപരിശീലകൻ രാഹുല്‍ ദ്രാവിഡും പറയുമ്പോഴും ആശങ്കപ്പെടാൻ ചിലതുണ്ട്
Updated on
2 min read

ഐസിസി ടൂർണമെന്റുകള്‍ ഏതെടുത്താലും ഫേവറൈറ്റ്സുകളുടെ പട്ടികയില്‍ ഇന്ത്യയുടെ പേരുണ്ടാകും. ഗ്രൂപ്പ് ഘട്ടത്തിലും നോക്കൗട്ടലും അപരാജിതരായി മുന്നേറുന്ന ഇന്ത്യയ്ക്ക് കിരീടത്തിന് തൊട്ടരികില്‍വെച്ച് കാലിടറാറാണ് പതിവ്. ഇതാ, രോഹിത് ശർമയ്ക്കും സംഘത്തിനും മുന്നില്‍ ഒരു കളിദൂരമകലെ മറ്റൊരു ലോകകിരീടം കൂടി, ട്വന്റി 20 ലോകകപ്പ്. എതിരാളികള്‍ ഇന്ത്യക്ക് സമാനമായി തന്നെ തോല്‍വി അറിയാതെ കലാശപ്പോരിലെത്തിയ ദക്ഷിണാഫ്രിക്ക.

ടീമിന്റെ പ്രകടനത്തില്‍ തൃപ്തരാണെന്ന് രോഹിതും മുഖ്യപരിശീലകൻ രാഹുല്‍ ദ്രാവിഡും പറയുമ്പോഴും ആശങ്കപ്പെടാൻ ചിലതുണ്ട്. അത് വിരാട് കോഹ്ലിയുടേയും ശിവം ദുബെയുടേയും ഫോമാണ്.

ടീം പൂർണമാകാൻ കോഹ്ലി തിരിച്ചുവരണം

2014, 2016, 2022 ട്വന്റി 20 ലോകകപ്പുകളില്‍ ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേറ്റിയ താരമാണ് കോഹ്ലി. രണ്ട് ടൂർണമെന്റുകളില്‍ താരമായതും കോഹ്ലി തന്നെ. ട്വന്റി 20 ലോകകപ്പ് മാത്രമല്ല, ഏത് സുപ്രധാന ടൂർണമെന്റും എടുത്തു നോക്കാം, കോഹ്ലിയോളം സ്ഥിരതയോടെ കളിച്ച ഒരു ഇന്ത്യൻ ബാറ്ററില്ലെന്ന് തന്നെ പറയാം. പക്ഷേ, അമേരിക്കയിലേക്കും കരീബിയൻ ദ്വീപുകളിലേക്കും എത്തിയപ്പോള്‍ കോഹ്ലിയുടെ കണക്കുകൂട്ടലുകള്‍ തെറ്റി.

T20 CWC | കിരീടത്തിലേക്ക് ഒരു കളിദൂരം; ബാറ്റില്‍ ഓഫ് ജയന്റ്സ്
എ മാസ്റ്റർക്ലാസ് അറ്റ് ഗയാന

1, 4, 0, 24, 37, 0, 9 എന്നിങ്ങനെയാണ് ട്വന്റി 20 ലോകകപ്പിലെ കോഹ്ലിയുടെ സ്കോറുകള്‍. ഏഴ് കളികളില്‍ നിന്ന് 66 റണ്‍സ്. മുന്നില്‍ നിന്ന് കരുത്തേകിയ ചരിത്രത്തിലെ അപൂർവമായൊരു ഏട്. ഇംഗ്ലണ്ടിനെതിരായ സെമിക്ക് ശേഷം രോഹിത് പറഞ്ഞ ഒരു വാചകമുണ്ട്, ഫൈനലിനായി കോഹ്ലി റണ്‍സ് കാത്തുവെച്ചിരിക്കുകയാണെന്ന്. ദ്രാവിഡും കോഹ്ലിയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. നിശബ്ദമായ ബാറ്റുകൊണ്ട് ഒരിക്കല്‍ക്കൂടി അത്ഭുതപ്പെടുത്താൻ കോഹ്ലിക്കായാല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ വർധിക്കും.

ദുബെയ്ക്ക് പകരം സഞ്ജു വരുമോ?

ലോകകപ്പിലെ ദുബെയുടെ ഫോമാണ് പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ തേരിലേറിയായിരുന്നു ദുബെ ലോകകപ്പിനെത്തിയത്. മധ്യ ഓവറുകളില്‍ സ്പിന്നർമാര്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കുക എന്നതായിരുന്നു ദുബെയ്ക്ക് നല്‍കിയ ഉത്തരവാദിത്തം. പക്ഷേ, പരിചിതമല്ലാത്ത വിക്കറ്റുകളില്‍ ദുബെയ്ക്ക് തിളങ്ങാനായിട്ടില്ല. ഓസ്ട്രേലിയക്കും ബംഗ്ലാദേശിനുമെതിരായ ഇന്നിങ്സുകള്‍ മാറ്റി നിർത്തിയാല്‍ ദുബെയ്ക്ക് ഓർമിക്കാൻ ഒന്നും തന്നെയില്ല.

ദുബെയ്ക്ക് പകരം സഞ്ജുവിനെ പരീക്ഷിച്ചുകൂടെയെന്നാണ് ഉയരുന്ന ചോദ്യം. വിന്നിങ് കോമ്പിനേഷൻ ഒരിക്കലും ഉടച്ചുവാർക്കാൻ ഇന്ത്യ തയാറായേക്കില്ല. അതുകൊണ്ട് തന്നെ സഞ്ജുവിന്റെ സാധ്യത വിരളമാണ്.

ദക്ഷിണാഫ്രിക്കയെ ഭയക്കണം

ലോകകപ്പുകളില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലാണിത്. ഒരുപക്ഷേ, ഇതിഹാസങ്ങളുടെ നീണ്ട നിര അണിനിരന്ന പ്രോട്ടിയാസിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നിർണായകമായ ദിനം. ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ ബൗളിങ് നിരയും ഇന്ത്യയുടെ ബാറ്റർമാരും തമ്മിലുള്ള പോരാട്ടമാകും കിരീടജേതാക്കളെ നിർണയിക്കുക. കഗിസൊ റബാഡ, അൻറിച്ച് നോർക്കെ, മാർക്കൊ യാൻസണ്‍, ഷംസി, മഹാരാജ് എന്നിവരടങ്ങിയതാണ് പ്രോട്ടിയാസിന്റെ ബൗളിങ് യൂണിറ്റ്.

T20 CWC | കിരീടത്തിലേക്ക് ഒരു കളിദൂരം; ബാറ്റില്‍ ഓഫ് ജയന്റ്സ്
രോഹിത് ശർമ: എ റിവഞ്ച് ഓണ്‍ ടൈം

റബാഡയ്ക്ക് രോഹിതിനും കോഹ്ലിക്കുമെതിരെ മികച്ച റെക്കോഡുണ്ട്. ഇരുവരേയും അഞ്ചിലധികം തവണ പുറത്താക്കാൻ വലം കയ്യൻ പേസർക്കായിട്ടുണ്ട്. ടൂർണമെന്റില്‍ ഏറ്റവും ഫോമിലുള്ള ദക്ഷിണാഫ്രിക്കൻ ബൗളറാണ് നൊർക്കെ. എട്ട് കളികളില്‍ നിന്ന് 13 വിക്കറ്റുകള്‍. ഇടം കയ്യൻ പേസർമാർക്കെതിരെ ദൗർബല്യമുള്ള ഇന്ത്യൻ ബാറ്റർമാർക്ക് യാൻസണ്‍ കടുത്ത വെല്ലുവിളിയായേക്കും. മഹരാജ് അത്രകണ്ട് ടൂർണമെന്റില്‍ തിളങ്ങിയിട്ടില്ലെങ്കിലും ഷംസി ഫോമിലാണ്. ഇതുവരെ 11 വിക്കറ്റുകള്‍ നേടി.

ക്വിന്റണ്‍ ഡി കോക്ക് നയിക്കുന്ന ബാറ്റിങ് നിരയും സജ്ജമാണ്. ആദ്യ ബാറ്റ് ചെയ്ത് പിന്നീട് പ്രതിരോധിച്ചു ജയിക്കുക എന്ന തന്ത്രമാണ് ടൂർണമെന്റിലുടനീളം പ്രോട്ടിയാസിനെ തുണച്ചത്. കളിച്ച എട്ട് മത്സരത്തില്‍ ആറിലും വിജയിച്ചത് ഇത്തരത്തിലായിരുന്നു.

logo
The Fourth
www.thefourthnews.in