So close, yet so far! ഓർമിക്കപ്പെടും മാർക്രത്തിന്റെ ഈ ടീം

So close, yet so far! ഓർമിക്കപ്പെടും മാർക്രത്തിന്റെ ഈ ടീം

ദക്ഷിണാഫ്രിക്കയ്ക്കും കിരീടത്തിനുമിടയില്‍ 30 റണ്‍സും 30 പന്തുകളും. ദക്ഷിണാഫ്രിക്കയുടെ കൈകളില്‍ നിന്ന് കിരീടം വഴുതിപ്പോകുക അസാധ്യമായ ഒന്നായിരുന്നു
Updated on
2 min read

എയ്‌ഡൻ മാർക്രം, ദക്ഷിണാഫ്രിക്കൻ ജനതയ്ക്ക് ഈ പേരൊരു പ്രതീക്ഷയായിരുന്നു. ക്രിക്കറ്റ് ചരിത്രത്തില്‍ പ്രോട്ടിയാസിന്റെ പേരില്‍ ഓരേയൊരു ലോകകിരീടം മാത്രമാണുള്ളത്. 2014 അണ്ടർ 19 ലോകകപ്പ്. അത് നേടിയത് മാർക്രത്തിന്റെ കീഴിലായിരുന്നു. അതും ഒരു തോല്‍വി പോലും രുചിക്കാതെ. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് തീർത്തും പുതിയൊരു അനുഭവം സമ്മാനിച്ച ടൂർണമെന്റുകൂടിയായിരുന്നു അത്.

പാകിസ്താനെ ആധികാരികമായി കീഴടക്കിയായിരുന്നു പടിക്കല്‍ കലമുടയ്ക്കുന്നവരെന്ന സ്ഥിരം പല്ലവി മാർക്രത്തിന്റെ പിള്ളേർ തിരുത്തിയത്. കഗിസൊ റബാഡയും ഒപ്പമുണ്ടായിരുന്നു അന്ന്.

അണ്ടർ 19 ലോകകപ്പ് വിജയാഘോഷത്തിനിടെ മാർക്രം
അണ്ടർ 19 ലോകകപ്പ് വിജയാഘോഷത്തിനിടെ മാർക്രം

ഈ ചിത്രമായിരുന്നു 2024 ട്വന്റി 20 ലോകകപ്പ് സ്വപ്നം കാണാൻ ദക്ഷിണാഫ്രിക്കൻ ജനതയെ പ്രേരിപ്പിച്ചതും. അഞ്ച് ഏകദിന ലോകകപ്പുകളിലും രണ്ട് ട്വന്റി 20 ലോകകപ്പിലും കിരീട പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയ മഴയേയും 'നിർഭാഗ്യ'ത്തേയും ഇത്തവണ അതിജീവിച്ചു. കിരീടത്തിലേക്കുള്ള യാത്രയില്‍ പ്രോട്ടിയാസിനെ മാനം ചതിച്ചില്ല. സെമിയില്‍ അഫ്ഗാനിസ്താന്റെ പോരാട്ടവീര്യത്തെ നിഷ്പ്രഭമാക്കിയായിരുന്നു ഫൈനലിലേക്കുള്ള കുതിപ്പ്.

So close, yet so far! ഓർമിക്കപ്പെടും മാർക്രത്തിന്റെ ഈ ടീം
ചേതോഹരം, വീരോഹിതം ഈ മടക്കം

2014 അണ്ടർ 19 ലോകകപ്പിലെ അപരാജിതക്കുതിപ്പ് മാർക്രം ആവർത്തിക്കുകയായിരുന്നു. ശേഷം ബാർബഡോസിലേക്ക്. അഹമ്മദാബാദിലെ കിരീട നഷ്ടത്തിന് റിഡെംഷൻ തേടിയെത്തിയ രോഹിതും സംഘവുമായിരുന്നു പോർമുഖത്തെ എതിരാളികള്‍. വിജയലക്ഷ്യം കേവലം 177 മാത്രം. ചരിത്രഭാരത്തിന്റെ സമ്മർദം ദക്ഷിണാഫ്രിക്കയ്ക്കുണ്ടായിരുന്നില്ല. അനായാസം റണ്‍സൊഴുകി.

ഹെൻറിച്ച് ക്ലാസൻ
ഹെൻറിച്ച് ക്ലാസൻ

ബാർബഡോസിലെ ഗ്യാലറികളില്‍ അണിനിരന്ന നീലക്കുപ്പായക്കാരെ നിശബ്ദമാക്കി അക്സർ എറിഞ്ഞ 15-ാം ഓവർ. ഹെൻറിച്ച് ക്ലാസൻ എന്ന കൂറ്റനടിക്കാരന്റെ ബാറ്റില്‍ നിന്ന് 24 റണ്‍സ് ദക്ഷിണാഫ്രിക്കയുടെ സ്കോർബോർഡിലേക്ക് ആ ഓവറില്‍ മാത്രം ചേർക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയ്ക്കും കിരീടത്തിനുമിടയില്‍ 30 റണ്‍സും 30 പന്തുകളും. അതിനിടയില്‍ ദക്ഷിണാഫ്രിക്കയുടെ കൈകളില്‍ നിന്ന് കിരീടം വഴുതിപ്പോകുക അസാധ്യമായ ഒന്നായിരുന്നു.

So close, yet so far! ഓർമിക്കപ്പെടും മാർക്രത്തിന്റെ ഈ ടീം
ലോകം കീഴടക്കി; ഇനി പടിയിറക്കം

റിസ്കെടുക്കുന്നവർക്കെ വിജയമുള്ളു എന്ന് പലപ്പോഴും രോഹിത് പറഞ്ഞുകേട്ടിട്ടുണ്ട്. കൈവിട്ട കളിയില്‍ ബൗളർമാരെ വെച്ച് രോഹിതിന്റെ അവസാന ചൂതാട്ടം. 16-ാം ഓവർ ബുംറയ്ക്ക്. കരുതലോടെ ക്ലാസനും മില്ലറും. നാല് റണ്‍സ് മാത്രം.

ഒരു ഓവറില്‍ 10 റണ്‍സ് വഴങ്ങിയ ഹാർദിക്കിലേക്ക് അടുത്ത ഓവറില്‍ പന്തെത്തി. ഫുള്‍ ലെങ്തില്‍ വൈഡ് ലൈനില്‍ ഹാർദിക്കിന്റെ സ്ലൊ ബോള്‍. പന്ത് ക്ലാസന്റെ ബാറ്റിലുരസി പന്തിന്റെ കൈകളിലേക്ക്. ക്ലാസൻ മടങ്ങിയതോടെയാണ് ദക്ഷിണാഫ്രിക്കയുടെ സാധ്യതകള്‍ ആദ്യം മങ്ങിയത്.

ബുംറയുടെ അടുത്ത ഓവറില്‍ യാൻസണ്‍ ബൗള്‍ഡ്, അസാധ്യമായ ഒരു ഇൻസ്വിങ്ങർ. വിട്ടുനല്‍കിയത് രണ്ട് റണ്‍സും. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ രണ്ട് ഓവറില്‍ 20 റണ്‍സ്. സമ്മർദത്തിന്റെ ഇരമ്പല്‍ ദക്ഷിണാഫ്രിക്കൻ ഡഗൗട്ടിലുണ്ടായിരുന്നു. അർഷദീപിന്റെ 19-ാം ഓവറില്‍ നാല് റണ്‍സ് മാത്രമാണ് നേടാനായത്.

അവസാന ഓവറില്‍ 16 റണ്‍സ്. കില്ലർ മില്ലർ വേഴ്‌സസ് ഹാർദിക്ക് പാണ്ഡ്യ. പാണ്ഡ്യയുടെ വൈഡ് ഫുള്‍ടോസില്‍ മില്ലറിന്റെ കൂറ്റനടി. ലോങ് ഓണില്‍ സൂര്യകുമാറിന്റെ അത്യുജ്വല ക്യാച്ച്. കിരീടം പ്രോട്ടിയാസ് കൈവിട്ടതും, ഇന്ത്യ കൈപ്പിടിയിലൊതുക്കിയതുമായ നിമിഷം.

മില്ലറിന്റെ ക്യാച്ചെടുക്കുന്ന സൂര്യകുമാർ
മില്ലറിന്റെ ക്യാച്ചെടുക്കുന്ന സൂര്യകുമാർ

പിന്നീടെല്ലാം ഇന്ത്യയ്ക്ക് എളുപ്പമായിരുന്നു. ഇന്ത്യയുടെ അവിശ്വസനീയമായ തിരിച്ചുവരവ്. ദക്ഷിണാഫ്രിക്കയ്ക്ക് അവിശ്വസനീയമായ നിമിഷങ്ങള്‍. വീണ്ടുമൊരു ഹാർട്ട്ബ്രേക്ക്.

പ്രോട്ടിയാസിന് തല ഉയർത്തി തന്നെ മടങ്ങാം. ഫൈനല്‍ വരെ എത്തുമെന്ന് ആരും കരുതിയിരുന്നില്ല. ആർക്കും പ്രതീക്ഷയുമുണ്ടായിരുന്നില്ല. എല്ലാവരുടേയും കണക്കൂട്ടലുകള്‍ തെറ്റിച്ച മുന്നേറ്റം. ലോകകപ്പ് ഇന്നേ വരെ കണ്ട ഏറ്റവും മികച്ച മത്സരങ്ങളിലൊന്ന് സമ്മാനിച്ചാണ് മടക്കം. So close, yet so far!

മാർക്രം നിരാശയോടെ മടങ്ങുന്നു
മാർക്രം നിരാശയോടെ മടങ്ങുന്നു

ഇതിഹാസങ്ങളായ വിരാട് കോഹ്ലിയും കെയിൻ വില്യംസണും രോഹിത് ശർമയുമെല്ലാം കിരീടം കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ടവരാണ്. അവർക്കെല്ലാം കാലമൊരു നിമിഷം കാത്തുവെച്ചിരുന്നു. മാർക്രം നിങ്ങള്‍ നിരാശപ്പെടേണ്ടതില്ല. പ്രോട്ടിയാസ് കപ്പുയർത്തുന്ന കാലവും വരും. അല്ലെങ്കില്‍ ക്രിക്കറ്റെങ്ങനെ പൂർണമാകും.

logo
The Fourth
www.thefourthnews.in