T20 CWC | മൂന്ന് കളിയില്‍ അഞ്ച് റണ്‍സ്; കോഹ്ലിയുടെ ഫോമില്‍ ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടോ?

T20 CWC | മൂന്ന് കളിയില്‍ അഞ്ച് റണ്‍സ്; കോഹ്ലിയുടെ ഫോമില്‍ ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടോ?

ടൂർണമെന്റിലെ മൂന്ന് ഇന്നിങ്സുകളുടെ വീഴ്ചകൊണ്ട് അളക്കേണ്ടതല്ല കോഹ്ലിയുടെ ട്വന്റി 20 ലോകകപ്പിലെ ആധിപത്യം
Updated on
2 min read

''വിരാട് കോഹ്ലിയുടെ വിജയങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തില്ല, പക്ഷെ അദ്ദഹത്തിന്റെ പരാജയങ്ങള്‍ നിങ്ങളെ ആശ്ചര്യപ്പെടുത്തും,'' മുൻ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ സഞ്ജയ് മഞ്ജരേക്കർ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിത്. ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിലേക്ക് കടക്കുമ്പോള്‍ ശ്രദ്ധാ കേന്ദ്രമാകുന്നത് കോഹ്ലിയുടെ ഫോം തന്നെയാണ്. മൂന്ന് കളികളില്‍ നിന്ന് അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. കോഹ്ലിയുടെ ഫോമില്‍ ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടോ?

ന്യൂയോർക്കിലെ നാസൗ കൗണ്ടി കോഹ്ലിയെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന ഒരു അധ്യായമായിരിക്കും. മൈതാനത്ത് കോഹ്ലിയുടെ ദൈർഘ്യമേറിയ ഇന്നിങ്സിന്റെ ആയുസ് പോലും അഞ്ച് പന്തുകള്‍ മാത്രമാണ്. അനാവശ്യ ഷോട്ടുകള്‍ക്ക് മുതിർന്നതും ബൗളർമാരുടോ മികവും കോഹ്ലിക്ക് വില്ലനായിട്ടുണ്ട്. ന്യൂയോർക്കില്‍ നിന്ന് ഫ്ലോറിഡയിലേക്കാണ് ഇനി ഇന്ത്യയുടെ യാത്ര. കാനഡയെ നേരിടുന്ന ഫ്ലോറിഡയിലെ സെന്‍ട്രല്‍ ബ്രോവാർഡ് റീജിയണൽ പാർക്ക് സ്റ്റേഡിയത്തിലും കോഹ്ലിക്ക് ഓർമ്മിക്കാനുള്ള ചരിത്രമൊന്നുമില്ല. നാല് കളികളില്‍ നിന്ന് ഇവിടെ നേടിയത് 63 റണ്‍സാണ്.

T20 CWC | മൂന്ന് കളിയില്‍ അഞ്ച് റണ്‍സ്; കോഹ്ലിയുടെ ഫോമില്‍ ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടോ?
T20 CWC | ആശങ്കയാകുന്ന കോഹ്ലിയും ആശ്വാസമായ സൂര്യയും; ഒരു അമേരിക്കന്‍ പാഠം

ടൂർണമെന്റിലെ മൂന്ന് ഇന്നിങ്സുകളുടെ വീഴ്ചകൊണ്ട് അളക്കേണ്ടതല്ല കോഹ്ലിയുടെ ട്വന്റി 20 ലോകകപ്പിലെ ആധിപത്യം. ട്വന്റി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, അർധ സെഞ്ചുറി, മികച്ച ശരാശരി എന്നിവയൊക്കെ താരത്തിന്റെ മികവിനെ അടിവരയിടുന്ന കണക്കുകളാണ്. ഇതൊക്കെ മാറ്റി നിർത്താം, ഇന്ത്യ തോല്‍വി മുന്നില്‍ക്കണ്ട പല കളികളും ഒറ്റയ്ക്ക് നിന്ന് എതിരാളികളില്‍ നിന്ന് വിജയം തട്ടിയെടുത്ത ചരിത്രമുണ്ട് കോഹ്ലിക്ക്.

2014 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമി ഫൈനലില്‍ 44 പന്തില്‍ നേടിയ 72 റണ്‍സ്. ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ 58 പന്തില്‍ നേടിയ 77 റണ്‍സ്. കിരീടം കൈലൊതുക്കാന്‍ മാത്രം സ്കോർ അന്ന് ഇന്ത്യയ്ക്കുണ്ടായിരുന്നില്ലെങ്കിലും ആ ലോകകപ്പ് ഓർമ്മിക്കപ്പെട്ടത് കോഹ്ലിയുടെ പേരിലായിരുന്നു. 319 റണ്‍സുമായി അന്ന് ടൂർണമെന്റിലെ ടോപ് സ്കോററായതും കോഹ്ലി തന്നെ.

T20 CWC | മൂന്ന് കളിയില്‍ അഞ്ച് റണ്‍സ്; കോഹ്ലിയുടെ ഫോമില്‍ ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടോ?
ലോകം ഉറ്റുനോക്കുന്നു ഇവരുടെ ബൂട്ടുകളിലേക്ക്; ഇതാ യൂറോ കപ്പിലെ കൗമാരപ്പട

2016ൽ പാകിസ്താനെതിരായ ലോ സ്കോറിങ് ത്രില്ലറില്‍ രോഹിത് ശർമയും ശിഖർ ധവാനും ഉള്‍പ്പെട്ട മുൻനിര തകർന്നപ്പോൾ കോഹ്ലിയുടെ ബാറ്റുകളായിരുന്നു ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. പിന്നീട് ഓസ്ട്രേലിയക്കെതിരായ ജീവന്മരണ പോരാട്ടത്തില്‍ മുൻനിരയുടെ അലസത ആവർത്തിച്ചപ്പോഴും കോഹ്ലി പ്രതീക്ഷ കാത്തു. അവസാന മൂന്ന് ഓവറില്‍ 39 റണ്‍സായിരുന്നു ഇന്ത്യക്ക് ആവശ്യമായിരുന്നത്. 11 പന്തുകളില്‍ നിന്ന് കോഹ്ലി ഒറ്റയ്ക്കന്ന് നേടിയത് 32 റണ്‍സ്. ഒപ്പം ധോണിയും ചേർന്നതോടെ ഇന്ത്യയ്ക്ക് ജയം.

2022ല്‍ മെല്‍ബണായിരുന്നു കോഹ്ലിയുടെ ഏറ്റവും മികച്ച ട്വന്റി 20 ഇന്നിങ്സിന് സാക്ഷ്യം വഹിച്ചത്. ഒരു ലക്ഷത്തോളം വരുന്ന കാണികള്‍ക്ക് മുന്നില്‍ പാകിസ്താനെതിരെ പിറന്ന കോഹ്ലിയുടെ മാസ്റ്റർ ക്ലാസ്. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ അവസാന മൂന്ന് ഓവറില്‍ 48 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് ആവശ്യം. ഇന്ത്യ തോല്‍വി മുന്നില്‍ക്കണ്ട നിമിഷം. പിന്നാലെ കോഹ്ലിയെന്ന ചെയ്‌സ് മാസ്റ്റർ അവതരിച്ചു. ഹാരിസ് റൗഫിന്റെ തലയ്ക്ക് മുകളിലൂടെ പറന്ന സിക്സർ, ഫൈന്‍ ലെഗിന് മുകളിലൂടെയുള്ള ഫ്ലിക്ക്...സറിയല്‍ മൊമന്റ്സ്

ഇങ്ങനെ കണക്കുകൂട്ടലുകള്‍ പലകുറി തെറ്റിച്ച കോഹ്ലിയെ മാറ്റിനിർത്തിയുള്ളൊരു ട്വന്റി 20 ലോകകപ്പ് ചരിത്രം ഇന്ത്യയ്ക്ക് അവകാശപ്പെടാനില്ലെന്ന് തന്നെ പറയാം. നീലക്കുപ്പായമണിഞ്ഞ് എംആർഎഫ് ബാറ്റുമായെത്തുന്നവർ അന്നും ഇന്നും ആരാധകർക്ക് വിജയപ്രതീക്ഷ തന്നെയാണ്. ഫോം ഈസ് ടെമ്പററി, ക്ലാസ് ഈസ് പെർമെനന്റ്. കോഹ്ലിയെ അളക്കാൻ മൂന്ന് ഇന്നിങ്സിന്റെ ദൈർഘ്യം മതിയാവില്ല.

logo
The Fourth
www.thefourthnews.in