അമേരിക്കന്‍ സ്വപ്‌നങ്ങള്‍ക്ക് ചിറകേകി ആരോണ്‍ ജോണ്‍സ്; കുട്ടിക്രിക്കറ്റ് പൂരത്തിന് വെടിക്കെട്ട് തുടക്കം
ആരോണ്‍ ജോണ്‍സ്, അന്താരാഷ്ട്ര ട്വന്റി 20യില്‍ അമേരിക്കയുടെ മധ്യനിര താരം. ട്വന്റി 20 ലോകകപ്പിലെ അമേരിക്ക - കാനഡ ഉദ്ഘാടന മത്സരത്തിന് ശേഷം സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും ഉയർന്നു കേട്ട പേര്. കാരണം ഒന്നുമാത്രം, അമേരിക്കയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത് ആരോണെന്ന വലം കയ്യന്‍ ബാറ്ററായിരുന്നു. കാനഡ ഉയർത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ അമേരിക്ക 6.3 ഓവറില്‍ 42-2 എന്ന നിലയില്‍ പരുങ്ങലിലായപ്പോഴായിരുന്നു ആരോണ്‍ ക്രീസിലെത്തിയത്.
ഡാലസിലെ ഗ്രാന്‍ഡ് പ്രേരി സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ തെളിഞ്ഞ ആരോണിന്റെ കരിയറിലെ കണക്കുകള്‍ അമേരിക്കന്‍ ആരാധകർക്ക് പ്രതീക്ഷ പകരുന്നതായിരുന്നില്ല. ഇതുവരെ കളിച്ചത് 26 ട്വന്റി 20 മത്സരങ്ങള്‍, ബാറ്റ് ചെയ്തത് 24 തവണ. 384 റണ്‍സാണ് ഇതുവരെയുള്ള സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് 104 മാത്രവും. ഇവിടെ നിന്നായിരുന്നു കാനഡയുടെ ജയമോഹങ്ങളെ ഗ്യാലറിയിലേക്ക് പറത്തിയ ആരോണിന്റെ ഇന്നിങ്സിന് തുടക്കമായത്. ആദ്യ അഞ്ച് പന്തുകള്‍ താളം കണ്ടെത്തുന്നതിനായി ആരോണ്‍ എടുത്തു.
പിന്നീട് ആരോണ്‍ നേരിട്ട 35 പന്തുകളില്‍ 12 ബൗണ്ടറികളായിരുന്നു വന്നത്. ഇതില്‍ പത്തെണ്ണം പടുകൂറ്റന്‍ സിക്സറുകളും. ഒടുവില്‍ രണ്ട് ഓവർ ബാക്കി നില്‍ക്കെ അമേരിക്കയ്ക്ക് ജയം. അമേരിക്കയുടെ മേജർ ലീഗ് ക്രിക്കറ്റില്‍ തഴയപ്പെട്ടതിന് ശേഷമായിരുന്നു ആരോണിന്റെ ഈ ഉയിർപ്പ്. "ഇന്നത്തെ എൻ്റെ ഇന്നിങ്സ് എന്നെയും അമേരിക്കന്‍ ക്രിക്കറ്റിനേയും അറിയാത്തവരുടെ കണ്ണ് തുറപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ക്കും മികച്ച കളിക്കാരുണ്ടെന്ന് എല്ലാവരും മനസിലാക്കണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് ഉയർന്ന തലത്തില്‍ കളിക്കാന്‍ ഞങ്ങള്‍ തയ്യാറാവുന്നത്," ആരോണ്‍ മത്സരശേഷം പറഞ്ഞു.
നേരത്തെ അമേരിക്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കാനഡ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 194 റണ്‍സ് നേടിയത്. നവ്‌നീത് ധലിവാള്‍ (61), നിക്കോളാസ് കിർട്ടണ്‍ (51) എന്നിവരുടെ ഇന്നിങ്സുകളാണ് കാനഡയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. അമേരിക്കയ്ക്കായി അലി ഖാന്‍, ഹർമീത് സിങ്, കോറി ആന്‍ഡേഴ്‌സണ്‍ എന്നിവർ ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങില്‍ അമേരിക്കയ്ക്കായി ആരോണിന് പുറമെ ആന്‍ഡ്രിസ് ഗൗസ് (65) തിളങ്ങി.
ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് പാപുവ ന്യു ഗിനിയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം.