T20 WC | ടീമിലെ 'മുത്തശിമാർക്ക്' കുഞ്ഞ് അമേലിയ ഓർത്തുവെച്ച 'സമ്മാനം'

T20 WC | ടീമിലെ 'മുത്തശിമാർക്ക്' കുഞ്ഞ് അമേലിയ ഓർത്തുവെച്ച 'സമ്മാനം'

സോഫി ഡിവൈൻ വിതുമ്പിയ ആ നിമിഷത്തിലായിരുന്നു അമേലിയക്ക് ക്രിക്കറ്റെന്ന ഗെയിമിനോട് പ്രണയം തോന്നിത്തുടങ്ങിയത്
Updated on
3 min read

2010 മേയ് 16, ബ്രിഡ്‌ജ്‌ടൗണ്‍. ഐസിസി വനിത ട്വന്റി 20 ലോകകപ്പിന്റെ ഫൈനല്‍. കന്നിക്കിരീടത്തിലേക്കുള്ള യാത്രയിലായിരുന്നു ന്യൂസിലൻഡ്, എതിരാളികള്‍ ഓസ്ട്രേലിയ.

ക്രിക്കറ്റില്‍ ഏതെങ്കിലുമൊരു ടീമിന് കിരീടത്തിലേക്ക് എത്തണമെങ്കില്‍ ഓസ്ട്രേലിയ എന്ന വലിയ കടമ്പ മറികടക്കേണ്ടതുണ്ടെന്ന് വിദഗ്ധർ പറയാറുണ്ട്. വനിത, പുരുഷ ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ ഇത്തരം പറച്ചിലുകളില്‍ തെറ്റില്ലെന്ന് പറയാനാകും. 2010 മേയ് പതിനാറും അത്തരമൊരു ദിനമായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 106 റണ്‍സിലൊതുങ്ങി. ന്യൂസിലൻഡിനും ലോകകിരീടത്തിനുമിടയില്‍ ആറ് പന്തും 14 റണ്‍സുമായിരുന്നു അന്ന്. അതൊടുവില്‍ ഒരു പന്തില്‍ അഞ്ച് റണ്‍സെന്ന നിലയിലേക്ക് എത്തി. അന്ന് ക്രീസിലുണ്ടായിരുന്നത് സോഫി ഡിവൈനായിരുന്നു.

എലിസെ പെറിയുടെ ഫുള്‍ ലെങ്‌തിലെത്തിയ പന്തില്‍ ഡിവൈന്റെ സ്ട്രെയിറ്റ് ഡ്രൈവ്. പക്ഷേ, എലിസെ പെറിയുടെ ബൂട്ടുകള്‍ കിവികളുടെ മോഹങ്ങളെ തകർത്തു. പെറിയുടെ ബൂട്ടില്‍ തട്ടി വ്യതിചലിച്ച പന്ത് സ്തലേക്കറിന്റെ കൈകളിലെത്തി. ന്യൂസിലൻഡിന് നേടാനായത് ഒരു റണ്‍സ് മാത്രം.

പെറിയുടെ ബൂട്ടുകള്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ പന്ത് ബൗണ്ടറി കടക്കുമായിരുന്നു. മത്സരം സമനിലയിലേക്കും സൂപ്പർ ഓവറിലേക്കും നീങ്ങിയേനെ. അന്ന് ഓസ്ട്രേലിയൻ താരങ്ങള്‍ ആനന്ദത്താല്‍ മൈതാനത്തേക്ക് ഇരച്ചെത്തിയപ്പോള്‍ വിക്കറ്റില്‍ തലകുമ്പിട്ടിരുന്ന് വിതുമ്പുകയായിരുന്നു ഡിവൈൻ.

ഇതെല്ലാം കണ്ട് വിങ്ങിപ്പൊട്ടിയ ഒരാള്‍കൂടിയുണ്ടായിരുന്നു, പതിമൂവായിരം കിലോമീറ്റർ അകലെ, ഒരു ടെലിവിഷന് മുന്നില്‍. പത്ത് വയസുമാത്രമുള്ള ഒരു പെണ്‍കുട്ടി, അമേലിയ ഷാർലെറ്റ് കേർ.

സോഫി ഡിവൈൻ വിതുമ്പിയ ആ നിമിഷത്തിലായിരുന്നു അമേലിയക്ക് ക്രിക്കറ്റെന്ന ഗെയിമിനോട് പ്രണയം തോന്നിത്തുടങ്ങിയത്. 2010ലെ ഫൈനലായിരുന്നു അമേലിയക്ക് പ്രചോദനമായത്.

ന്യൂസിലൻഡ് ക്രിക്കറ്റിലെ ഇതിഹാസങ്ങളായ സൂസി ബേറ്റ്‌സും സോഫി ഡിവൈനുമൊപ്പം ബാറ്റുചെയ്യുന്നത് സ്വപ്നം കണ്ടായിരുന്നു അമേലിയയുടെ ക്രിക്കറ്റ് വളർച്ച. നെറ്റ്‌സില്‍ പരിശീലിക്കുന്നതുപോലും ഇരുവരും ഒപ്പമുണ്ടെന്ന തോന്നലില്‍.

T20 WC | ടീമിലെ 'മുത്തശിമാർക്ക്' കുഞ്ഞ് അമേലിയ ഓർത്തുവെച്ച 'സമ്മാനം'
റാഫേല്‍ നദാല്‍: കളിമണ്ണില്‍ വിരിഞ്ഞ കളിയഴക്‌
അമേലിയ കേർ
അമേലിയ കേർ

പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലത്ത് അമേലിയ ഒരു കഥയെഴുതിയിരുന്നു. ഡിവൈനും ബേറ്റ്‌സിനുമൊപ്പം ലോകകപ്പ് വിജയിക്കുന്ന ഒരു കഥ.

ക്രിക്കറ്റ് സ്വപ്നം കണ്ട പത്തുവയസുകാരിയുടെ മോഹം ആറ് വർഷങ്ങള്‍ക്ക് ശേഷം പൂവണിഞ്ഞു. 16-ാം വയസില്‍ അരങ്ങേറ്റം. എട്ട് വർഷങ്ങള്‍ക്ക് ശേഷം ആ കഥ സത്യമായി. ഡിവൈനും ബേറ്റ്‍സിനും അമേലിയ തന്നെ ആ ലോകകപ്പ് നേടിക്കൊടുത്തു.

ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 32 റണ്‍സിന്റെ ആധികാരിക ജയത്തോടെയായിരുന്നു ന്യൂസിലൻഡ് ട്വന്റി 20 ലോകകപ്പ് ഉയർത്തിയത്.

കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 43 റണ്‍സും മൂന്ന് വിക്കറ്റും. ഫൈനലിലേയും ലോകകപ്പിന്റേയും താരമായാണ് അമേലിയ ദുബായ് വിടുന്നത്. താൻ കണ്ടുവളർന്ന ഇതിഹാസങ്ങള്‍ക്ക് ഇതിലും വലിയൊരു സമ്മാനം നല്‍കാൻ അമേലിയക്കാവില്ല.

ന്യൂസിലൻഡ് ടീമിനെ സംബന്ധിച്ച് മൂന്ന് സീനിയർ താരങ്ങളാണ് ഇപ്പോഴുള്ളത്. ബേറ്റ്‌സ് (37 വയസ്), ഡിവൈൻ (35 ), ലിയ തഹുഹു (34 ). ത്രീ ഗ്രാൻഡ്‌മാസ് (മൂന്ന് മുത്തശിമാർ) എന്നാണ് മൂവർ സംഘത്തെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്.

ഫൈനലില്‍ മൂവരും തങ്ങളുടെ റോള്‍ ഭംഗിയായി നിർവഹിച്ചു. ബേറ്റ്‌സ് 32 റണ്‍സ് നേടി, മൂന്ന് ക്യാച്ചും കൈപ്പിടിയിലൊതുക്കി. ദക്ഷിണാഫ്രിക്കയുടെ മധ്യനിരയെ തഹുഹു സമ്മർദത്തിലാക്കി. ഡിവൈന് ബാറ്റുകൊണ്ട് സംഭാവന ചെയ്യാനായില്ലെങ്കിലും ക്യാപ്‌റ്റൻസികൊണ്ട് തിളങ്ങി.

അമേലിയ കേർ
അമേലിയ കേർ

ഫൈനലിന് ശേഷം അമേലിയുടെ പ്രകടനത്തെ വാഴ്ത്താനും ബേറ്റ്‌സിനൊപ്പം കിരീടം നേടാനായതിലെ സന്തോഷവും പങ്കുവെക്കാൻ ഡിവൈൻ മറന്നില്ല.

"ഞങ്ങള്‍ അമ്മമാരാണെന്നും മുത്തശിമാരാണെന്നുമൊക്കെ ടീമിലെ യുവതാരങ്ങളോട് തമാശ പറയാറുണ്ട്. ശരിക്കും അങ്ങനെയല്ല തോന്നുന്നതെങ്കിലും. അവർ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ടുവരുന്നത് കാണുമ്പോള്‍ അഭിമാനമുണ്ട്. അമേലിയ അവിശ്വസനീയമായ പ്രകടനമാണ് പുറത്തെടുത്തത്," ഡിവൈൻ പറഞ്ഞു.

"ഞാനും സൂസിയും ഒരുപാട് തിരിച്ചടികളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ, ഈ നിമിഷം ഒരുമിച്ച് ആഘോഷിക്കാൻ സാധിച്ചത് ഒരുപാട് സന്തോഷം നല്‍കുന്നതാണ്. 17, 18 വർഷം നീണ്ട വേദനകളും ഹൃദയഭേദകമായ നിമിഷങ്ങളേയുമാണ് മറികടന്നത്. അത് സൂസിയുമായി പങ്കിടാൻ സാധിച്ചു," ഡിവൈൻ കൂട്ടിച്ചേർത്തു.

സൂസി ബേറ്റ്‌സ്, സോഫി ഡിവൈൻ, ലിയ തഹുഹു
സൂസി ബേറ്റ്‌സ്, സോഫി ഡിവൈൻ, ലിയ തഹുഹു

ട്വന്റി 20യില്‍ 10 മത്സരങ്ങള്‍ തുടർച്ചയായി പരാജയപ്പെട്ടതിന് ശേഷമായിരുന്നു ന്യൂസിലൻഡ് ലോകകപ്പിനെത്തിയത്. ഇന്ത്യയെ 58 റണ്‍സിന് ആധീകാരികമായി കീഴടക്കിയായിരുന്നു തുടക്കം. ഇത് ടീമിന്റെ ആത്മവിശ്വാസത്തെ തന്നെ ഉയർത്തിയെന്ന് പറയാം.

ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെട്ടത് ഓസ്ട്രേലിയയോട് മാത്രമായിരുന്നു. സെമി ഫൈനലില്‍ ത്രില്ലർ പോരാട്ടത്തിലായിരുന്നു വെസ്റ്റ് ഇൻഡീസിനെ കീഴടക്കിയത്. എട്ട് റണ്‍സിനായിരുന്നു ജയം.

logo
The Fourth
www.thefourthnews.in