കളത്തില്‍ തിളങ്ങിയവര്‍ കരയ്ക്കിരിക്കും! ഐപിഎല്‍ ആവേശം ലോകകപ്പിന് വഴിമാറുമ്പോള്‍ ഇന്ത്യയ്ക്ക് 'ക്ഷീണം'

കളത്തില്‍ തിളങ്ങിയവര്‍ കരയ്ക്കിരിക്കും! ഐപിഎല്‍ ആവേശം ലോകകപ്പിന് വഴിമാറുമ്പോള്‍ ഇന്ത്യയ്ക്ക് 'ക്ഷീണം'

ഐപിഎല്ലില്‍ ഇത്തവണ താരോദയങ്ങളുണ്ടായി, പലരും പകിട്ട് വീണ്ടെടുത്തു, തേച്ചുമിനുക്കി, ചിലർ പോരാടി ദേശീയ ടീമില്‍ വീണ്ടും സ്ഥാനമുറപ്പിച്ചു, മികവുണ്ടായിട്ടും ലോകകപ്പിനുള്ള ഫ്ലൈറ്റ് പലർക്കും നഷ്ടമായി
Updated on
2 min read

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നിഷ്പ്രഭമാക്കി കിരീടം ചൂടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ത്യന്‍ പ്രീമിയർ ലീഗിന്റെ (ഐപിഎല്‍) പതിനേഴാം സീസണിന് തിരശീലയിട്ടു. ചേരിതിരിഞ്ഞുള്ള പോരാട്ടം അവസാനിച്ചിരിക്കുകയാണ്, ഇനിയാണ് യഥാർഥ കളി, ട്വന്റി 20 ലോകകപ്പ്. അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലുമായി കുട്ടിക്രിക്കറ്റ് മാമാങ്കത്തിന് ജൂണ്‍ രണ്ടിന് കൊടിയേറും. 2023 നവംബർ 19നേറ്റ മുറിവ് ഉണക്കാന്‍ രോഹിതും സംഘവും അമേരിക്കയിലെത്തിക്കഴിഞ്ഞു.

ഐപിഎല്ലില്‍ ഇത്തവണ താരോദയങ്ങളുണ്ടായി, പലരും പകിട്ട് വീണ്ടെടുത്തു, തേച്ചുമിനുക്കി, ചിലർ പോരാടി ദേശീയ ടീമില്‍ വീണ്ടും സ്ഥാനമുറപ്പിച്ചു, മികവുണ്ടായിട്ടും ലോകകപ്പിനുള്ള ഫ്ലൈറ്റ് പലർക്കും നഷ്ടമായി. ടീമിലിടം നേടിയവരുടെ സ്ഥാനങ്ങളില്‍ പോലും കൃത്യമായൊരു തീർപ്പുണ്ടായിട്ടില്ല. അതുകൊണ്ട് ലോകകപ്പിന് തുടക്കമിടുമ്പോള്‍ പലർക്കും കാണികളുടെ റോള്‍ തന്നെയാകും, അത് ടീമിനകത്താണെങ്കിലും പുറത്താണെങ്കിലും. ഐപിഎല്ലിലെ പ്രകടനം ആവർത്തിക്കാന്‍ എല്ലാവർക്കുമാകുമോയെന്നതും ചോദ്യമായി അവശേഷിക്കുന്നു.

നീലപ്പടയുടെ തിളക്കം എത്രത്തോളം?

ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് തന്നെ തുടങ്ങാം. ലോകകപ്പ് ടീമിലിടം നേടിയവരില്‍ ഐപിഎല്ലിലുടനീളം ഒരേ ടെമ്പോയില്‍ പ്രകടനം പുറത്തെടുത്ത രണ്ട് താരങ്ങള്‍ മാത്രമാണ്. വിരാട് കോഹ്ലിയും ജസ്പ്രിത് ബുംറയും. 15 കളികളില്‍ നിന്ന് 741 റണ്‍സാണ് കോഹ്ലിയുടെ നേട്ടം. 13 കളികളില്‍ നിന്ന് 20 വിക്കറ്റുകള്‍ ബുംറയും നേടി. മൂന്ന് ഫോർമാറ്റിലും വിശ്വകിരീടപ്പോരാട്ടങ്ങളിലും ഇരുവരുടേയും സ്ഥിരതയെന്താണെന്ന് റെക്കോർഡുകള്‍ സംസാരിക്കും. പക്ഷേ, ആശങ്ക സമ്മാനിക്കുന്നത് മറ്റ് 13 പേരാണ്.

കളത്തില്‍ തിളങ്ങിയവര്‍ കരയ്ക്കിരിക്കും! ഐപിഎല്‍ ആവേശം ലോകകപ്പിന് വഴിമാറുമ്പോള്‍ ഇന്ത്യയ്ക്ക് 'ക്ഷീണം'
ഒരു 'ഗംഭീര' വിജയഗാഥ

നായകന്‍ രോഹിത് ശർമ: റണ്‍വേട്ടക്കാരില്‍ ഐപിഎല്ലിന്റെ ആദ്യ പകുതില്‍ കോഹ്ലിക്കൊപ്പമോടിയ രോഹിതിന് രണ്ടാം പകുതിയില്‍ കാലിടറി. കൊല്‍ക്കത്തയ്ക്കെതിരായ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നേടിയ അർധ സെഞ്ചുറി (68) മാറ്റി നിർത്തിയാല്‍ ഓർമ്മിക്കാനൊരു ഇന്നിങ്സ് പോലുമുണ്ടായില്ല.

ജയസ്വാളിന്റെ കാര്യവും സമാനമാണ്. ഒരു അർധ സെഞ്ചുറി പോലും സീസണിന്റെ അവസാന ഘട്ടത്തില്‍ യുവതാരത്തിന്റെ പേരിലില്ല. സൂര്യകുമാർ യാദവ് ഐപിഎല്ലിലുടനീളം ഓണ്‍ ആന്‍ഡ് ഓഫ് മോഡിലായിരുന്നു. ഒന്നുകില്‍ പൂജ്യം അല്ലെങ്കില്‍ തന്റെ മികവിനൊത്തൊരു ഇന്നിങ്സ്. സ്ഥിരതയുടെ കാര്യം ചോദിച്ചാല്‍ കയറ്റിറക്കങ്ങള്‍ മാത്രം കണ്ടൊരു ഐപിഎല്‍.

മേല്‍പ്പറഞ്ഞവരോടൊപ്പം ചേർത്തുവെക്കാം മലയാളി താരം സഞ്ജു സാംസണിന്റെ പേരും. സഞ്ജുവിന്റെ ഐപിഎല്‍ കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണായിരുന്നു ഇത്. 531 റണ്‍സായിരുന്നു വലം കയ്യന്‍ ബാറ്ററുടെ സമ്പാദ്യം. പക്ഷെ, സീസണിന്റെ അവസാനത്തോട് അടുത്തപ്പോള്‍ സമ്മർദം സാഹചര്യങ്ങളില്‍ സഞ്ജുവിന്റെ ബാറ്റ് നിശബ്ദമായിരുന്നു.

ഇടം കയ്യന്‍ ബാറ്ററെന്ന ആനുകൂല്യവും മികച്ച ഫോമും ഋഷഭ് പന്തിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് സാധ്യമാക്കി. ഒന്നരവർഷത്തെ ഇടവേളയുടെ താളക്കുറവ് പന്തില്‍ പ്രകടമായിരുന്നില്ല. 446 റണ്‍സ് ലോകകപ്പിനിറങ്ങുമ്പോള്‍ പന്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നതില്‍ തർക്കമില്ല.

കളത്തില്‍ തിളങ്ങിയവര്‍ കരയ്ക്കിരിക്കും! ഐപിഎല്‍ ആവേശം ലോകകപ്പിന് വഴിമാറുമ്പോള്‍ ഇന്ത്യയ്ക്ക് 'ക്ഷീണം'
എല്ലാം 'ഗംഭീരം'; ഇത് കൊല്‍ക്കത്ത 'പഠിച്ച്' നേടിയ ജയം

പേപ്പറില്‍ ബാലന്‍സ് കൊണ്ടുവരുന്ന പേരാണ് ഹാർദിക്ക് പാണ്ഡ്യ. ഓർക്കാനാഗ്രഹിക്കാത്ത ഐപിഎല്ലിന്റെ ഭാരമേന്തിയാണ് ഹാർദിക്ക് ലോകകപ്പിനെത്തുന്നത്. ഓള്‍ റൗണ്ടറെന്ന നിലയില്‍ ഹാർദിക്കിന്റെ സേവനം മുംബൈ ഇന്ത്യന്‍സിന് ഇത്തവണ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. അവസാന മത്സരങ്ങളില്‍ മാത്രമാണ് ഹാർദിക്കില്‍ നിന്ന് ഭേദപ്പെട്ട സംഭവനയുണ്ടായത്.

ശിവം ദുബെ, സ്പിന്നർമാർക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള മികവായിരുന്നു ദുബെയ്ക്ക് തുണയായത്. ഐപിഎല്ലിലെ അവസാന അഞ്ച് കളികളില്‍ നിന്ന് കേവലം 46 റണ്‍സ് മാത്രമാണ് ദുബെയ്ക്ക് നേടാനായത്. ഇതില്‍ രണ്ട് ഡക്കും ഉള്‍പ്പെടുന്നുവെന്നത് ഭയപ്പെടുത്തുന്ന കണക്കുകള്‍ തന്നെയാണ്.

ബൗളിങ്ങില്‍ അർഷദീപ് സിങ് (19 വിക്കറ്റ്), യുസുവേന്ദ്ര ചഹല്‍ (18 വിക്കറ്റ്), കുല്‍ദീപ് യാദവ് (16 വിക്കറ്റ്), മുഹമ്മദ് സിറാജ് (15 വിക്കറ്റ്) എന്നിവരുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യങ്ങളിലാണ് ബൗളർമാർ വിക്കറ്റുകളുടെ എണ്ണം രണ്ടക്കം കടത്തിയിരിക്കുന്നത്.

'കാണികളില്‍' കരുത്തർ

ലോകകപ്പ് ടീമിലിടം നേടിയവരേക്കാള്‍ മികവ് ഐപിഎല്ലില്‍ പുറത്തെടുത്ത നിരവധി താരങ്ങളാണ് പുറത്തിരിക്കുന്നത്. ഏറെക്കുറെ എല്ലാ സ്ഥാനങ്ങളിലും. ഋതുരാജ് ഗെയ്ക്വാദ് (583 റണ്‍സ്), റിയാന്‍ പരാഗ് (573), സായ് സുദർശന്‍ (527), കെ എല്‍ രാഹുല്‍ (520), അഭിഷേക് ശർമ (484) എന്നിങ്ങനെ നീളുന്നു ബാറ്റർമാരുടെ പട്ടിക.

ബൗളർമാരുടെ കാര്യത്തിലും സമാനമാണ് സ്ഥിതി. വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയ ഹർഷല്‍ പട്ടേല്‍ (24 വിക്കറ്റ്), വരുണ്‍ ചക്രവർത്തി (21), ടി നടരാജന്‍ (19), ഹർഷിത് റാണ (19) എന്നിവരെല്ലാം മികവുണ്ടായിട്ടും കാണികളുടെ റോള്‍ വിധിക്കപ്പെട്ടവരാണ്.

logo
The Fourth
www.thefourthnews.in