T20 WC 2024 | ഇന്ത്യ തുടങ്ങുന്നു; എതിരാളികള്‍ അയർലന്‍ഡ്
ഒരു പതിറ്റാണ്ട് പിന്നിടുന്ന ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ട്വന്റി 20 ലോകകപ്പിന് രോഹിത് ശർമയും സംഘവും ഇന്നിറങ്ങും. ഗ്രൂപ്പ് എയിലെ ഇന്ത്യയുടെ ആദ്യമത്സരത്തില്‍ വമ്പന്മാരെ അട്ടിമറിച്ച ചരിത്രമുള്ള അയർലന്‍ഡാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ന്യൂയോർക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിലാണ് മത്സരം.
ടൂർണമെന്റിലുടനീളം എല്ലാം ടീമുകള്‍ക്കും കനത്ത വെല്ലുവിളി ഉയർത്തിയത് എതിരാളികളായിരുന്നില്ല, മറിച്ച് പിച്ചായിരുന്നു. പേപ്പറില്‍ അയർലന്‍ഡിനെ ഭയപ്പെടേണ്ടതില്ലെങ്കിലും പിച്ച് തന്നെയായിരിക്കും ഇന്ത്യയെ ആശങ്കപ്പെടുത്തുക. നാസൗ കൗണ്ടിയില്‍ ഒരു സന്നാഹമത്സരം കളിച്ച പരിചയസമ്പത്ത് മാത്രമാണ് ഇന്ത്യയ്ക്കുള്ളത്.
അന്ന് ബൗളർമാർ മികവ് പുലർത്തിയതായിരുന്നു ബംഗ്ലാദേശിന് പരാജയപ്പെടുത്താന്‍ ഇന്ത്യയെ സഹായിച്ചത്. ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ഹാർദിക്ക് പാണ്ഡ്യ എന്നിവർക്ക് മാത്രമെ ബാറ്റിങ്നിരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നുള്ളു.
അതുകൊണ്ടു തന്നെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമായിരിക്കും ഇന്ത്യയുടെ ലൈനപ്പ്. വിരാട് കോഹ്ലി - രോഹിത് ശർമ ഓപ്പണിങ് കൂട്ടുകെട്ടിനാണ് സാധ്യതയുണ്ടെങ്കിലും ജയ്‌സ്വാളിനെ തള്ളാന്‍ ഇന്ത്യ തയാറായേക്കില്ല. ജയ്‌സ്വാള്‍ അല്ലെങ്കില്‍ ദുബെ അന്തിമ ഇലവനില്‍ ഇടം നേടും. സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദിക്ക് പാണ്ഡ്യ എന്നിവർ ചേരുന്നതായിരിക്കും മധ്യനിര. രവീന്ദ്ര ജഡേജ, അക്സർ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരായിരിക്കും സ്പിന്‍ ത്രയം. ജസ്പ്രിത് ബുംറ, അർഷദീപ് സിങ്ങും പേസ് നിരയിലെത്തും.
ഒരു ഹൈ സ്കോറിങ്ങ് മത്സരം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സാഹചര്യങ്ങള്‍ നല്‍കുന്ന സൂചന. ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 165-180 ഒരു വിജയ സാധ്യത നല്‍കുന്ന സ്കോറായിരിക്കും. ഇതുവരെ ട്വന്റി 20യില്‍ ഏഴ് മത്സരങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഏഴിലും ഇന്ത്യയ്ക്കൊപ്പമായിരുന്നു ജയം.