ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ; മത്സരത്തിന് മഴ ഭീഷണി

ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ; മത്സരത്തിന് മഴ ഭീഷണി

മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ടോസ് ഉള്‍പ്പെടെ ഇന്നതെ മത്സരത്തില്‍ നിര്‍ണായകമാണ്.
Updated on
1 min read

ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍-12ലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്‌സിനെ നേരിടും. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം 12.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. താരതമ്യേന ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. അതേസമയം, മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ടോസ് ഉള്‍പ്പെടെ ഇന്നതെ മത്സരത്തില്‍ നിര്‍ണായകമാണ്.

മെല്‍ബണില്‍ അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരാട്ടത്തിലായിരുന്നു ഇന്ത്യയുടെ ജയം. തോല്‍വിയുടെ പടിവാതില്‍ക്കല്‍ എത്തിയശേഷമുള്ള ജയം ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തിയിട്ടുണ്ട്. ഓപ്പണര്‍മാരായ കെ എല്‍ രാഹുലും, രോഹിത് ശര്‍മ്മയും നിരാശപ്പെടുത്തിയെങ്കിലും വിരാട് കോഹ്‌ലി ഫോമിലേക്ക് തിരിച്ചെത്തിയതാണ് ഇന്ത്യന്‍ നിരയ്ക്ക് ആശ്വാസമായത്.

ജയം തുടരാനുറച്ചാകും ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്‌സിനെ നേരിടുക. സിഡ്‌നിയിലെ പിച്ചിന്റെ സ്വഭാവവും മഴ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ ടോസ് ഉള്‍പ്പെടെ നിര്‍ണായകമാണ്. സിഡ്‌നിയില്‍ മഴയ്ക്ക് 40 ശതമാനം സാധ്യതയുണ്ടെന്നാണ് ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. രണ്ടാം ഇന്നിംഗ്‌സില്‍ പിച്ച് സ്ലോ ആകുമെന്നതിനാല്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കാണ് ജയസാധ്യത. സിഡ്‌നിയില്‍ 13 രാജ്യാന്തര ടി20 മത്സരങ്ങള്‍ നടന്നതില്‍ ആദ്യം ബാറ്റ് ചെയ്തവരാണ് ഏഴ് തവണ ജയിച്ചത്.

logo
The Fourth
www.thefourthnews.in