പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്
പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യഇന്നിങ്‌സ് ലീഡ് നേടി ടീം ഇന്ത്യ. 150 ന് ഓള്‍ഔട്ടായ ഇന്ത്യ ഓസ്‌ട്രേലിയയെ 104 റണ്‍സിനാണ് പുറത്താക്കിയത്. ഇതോടെ ഇന്ത്യ ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ് നേടി. അഞ്ചു വിക്കറ്റ് നേടിയ ക്യാപ്റ്റന്‍ ജസ്പ്രിത് ബുംറെയാണ് ഓസീസിനെ തകര്‍ത്തത്. ഹര്‍ഷിത് റാണ മൂന്നു വിക്കറ്റും മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റും നേടി. 26 റണ്‍സ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.
ടെസ്റ്റിന്റെ ആദ്യദിനത്തില്‍ കടപുഴകിയത് 17 വിക്കറ്റുകളായിരുന്നു. 150 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായപ്പോള്‍ കനത്ത തിരിച്ചടി നല്‍കിയ ഇന്ത്യ 67 റണ്‍സ് വിട്ടുനല്‍കി ഓസ്ട്രേലിയയുടെ ഏഴുവിക്കറ്റുകള്‍ നേടിയിരുന്നു. 19 റണ്‍സുമായി അലക്സ് ക്യാരിയും ആറു റണ്ണുമായി മിച്ചല്‍ സ്റ്റാര്‍ക്കുമായിരുന്നു ക്രീസില്‍. രണ്ടാംദിനത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഓസീസ് ബാറ്റര്‍മാര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആദ്യദിനത്തില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞപ്പോള്‍ നിരാശരായ ഇന്ത്യ ആരാധകരെ ആവേശഭരിതമാക്കുന്ന തിരിച്ചടിയാണ് ബൗളര്‍മാര്‍ നടത്തിയത്. ഓസ്ട്രേലിയയുടെ ഒരു ബാറ്ററെ പോലും നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ അനുവദിച്ചില്ല.
രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രിത് ബുംറെയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ടോസ് നേടിയ ഇന്ത്യ അപ്രതീക്ഷിതമായി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം അമ്പേ പാളിയെന്ന് തുടക്കത്തില്‍ തന്നെ ബോധ്യമായി. 47 റണ്‍സ് എടുക്കും മുന്‍പ് നാലു മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ മടങ്ങിയിരുന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (0), ദേവ്ദത്ത് പടിക്കല്‍ (0), വിരാട് കോഹ്ലി (5), കെ എല്‍ രാഹുല്‍ (26) എന്നിവരാണ് പുറത്തായത്.
നാലു ബാറ്റ്‌സ്മാര്‍മാര്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച നിതിഷ് കുമാര്‍ റെഡ്ഡി നേടിയ 41 റണ്‍സാണ് ഇന്ത്യയുടെ സ്‌കോര്‍ 150ലേക്ക് എങ്കിലും എത്തിച്ചത്. റിഷബ് പന്ത് (37), കെ എല്‍ രാഹുല്‍ (26). ധ്രുവ് ജുറെല്‍ (11) എന്നിവരാണ് രണ്ടക്കം കടന്നത്. ജോഷ് ഹെയ്‌സല്‍വുഡ് നാലു വിക്കറ്റ് നേടിയപ്പോള്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് ജയ്‌സ്വാളിന്റെ മടക്കം. എട്ട് പന്തുകള്‍ നേരിട്ടെങ്കിലും ഒരു റണ്ണുമെടുക്കാതെ പുറത്താവുകയായിരുന്നു. പിന്നാലെ ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് മടങ്ങി. ഹേസല്‍വുഡിന്റെ പന്തില്‍ അലക്‌സ് കരെയ്ക്ക് ക്യാച്ചാവുകയായിരുന്നു. 23 പന്തുകളാണ് പടിക്കല്‍ നേരിട്ടത്. പിന്നാലെ കോലിയെയും ഹേസല്‍വുഡ് തന്നെ മടക്കി (12 പന്തില്‍ 5). 74 പന്തില്‍ 26 റണ്‍സ് നേടി രാഹുലിനെയും മിച്ചല്‍ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. 2014-15നുശേഷം ട്രോഫി തിരിച്ചുപിടിക്കലാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം. തുടര്‍ച്ചയായ അഞ്ചാംവട്ടം കിരീടം നിലനിര്‍ത്താനാണ് ഇന്ത്യയിറങ്ങുന്നത്.