ചാമ്പ്യന്മാരിലെ ചാമ്പ്യൻ
1990-ന്റെ ആദ്യ പകുതിയിലായിരിക്കണം, തിരുവനന്തപുരം ആതിഥ്യം വഹിക്കുന്ന ഒരു പ്രദര്‍ശന മത്സരത്തിന് ഇന്ത്യന്‍ ടീം തലസ്ഥാന നഗരിയില്‍ വന്നിറങ്ങുന്നു. ഏറെക്കാലമായി ടെലിവിഷനില്‍ കണ്ടു പരിചയിച്ച താരങ്ങളെ നേരില്‍ക്കാണാന്‍ അന്ന് ജനമൊഴുകിയെത്തുന്നു. സ്വാഭാവികമായി മാധ്യമപ്പടയും ഇളകി. ചാനലുകള്‍ ഇല്ലാത്ത കാലം. താരങ്ങളുടെ വിശേഷങ്ങള്‍ ആരാധകരിലേക്ക് എത്തിക്കാന്‍ മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരം. ആറ്റുനോറ്റ് കാത്തിരുന്ന മാധ്യമപ്പടയ്ക്ക് ആശ്വാസമായി ഇന്ത്യന്‍ ടീം മീഡിയ മാനേജറുടെ അറിയിപ്പ് എത്തി, രവി ശാസ്ത്രി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തിന് എത്തും.
നക്ഷത്ര ഹോട്ടലിന്റെ ലോബിയില്‍ ഏറെ നേരത്തെ കാത്തിരുപ്പിനൊടുവില്‍ ലിഫ്റ്റ് തുറന്നു. സച്ചിനെയും ദ്രാവിഡിനെയും തോളോടുതോള്‍ ചേര്‍ത്തു പിടിച്ചു നടന്നുവരുന്ന ശാസ്ത്രി. വന്നപാടേ മാധ്യമപ്പടയുടെ മുഖത്തുനോക്കി ആവശ്യം... ''കമോണ്‍ ട്രിഗര്‍ ദ ക്വസ്റ്റന്‍സ്...'' ചോദ്യശരങ്ങള്‍ തയാറാക്കിവച്ചു കാത്തിരുന്ന അന്നത്തെ മുതിര്‍നന മാധ്യമപ്രവര്‍ത്തകര്‍ അപ്പാടെ അമ്പരന്നുപോയി... അവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ പിന്നീട് ഏറെ ആയാസപ്പെടേണ്ടി വന്നു...
അതാണ് ശാസ്ത്രി... ഇന്നത്തെ ക്രിക്കറ്റ് ആരാധകര്‍ക്ക് ശബ്ദത്തിലൂടെ മാത്രം തിരിച്ചറിയാന്‍ കഴിയുന്ന രവി ശാസ്ത്രി അങ്ങനെയായിരുന്നു. ശാസ്ത്രിക്കെതിരേ ഒന്നും 'പ്ലാന്‍' ചെയ്യാന്‍ കഴിയില്ലെന്നു വെസ്റ്റിന്‍സീഡ് മുന്‍ നായകന്‍ റിച്ചി റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞതും അതുകൊണ്ടു തന്നെയാകണം. കളത്തിലേക്ക് ഇറങ്ങുമ്പോള്‍ എതിരാളികള്‍ തനിക്കായി ഒരുക്കിയ തന്ത്രങ്ങള്‍ മനസിലാക്കാന്‍ ശാസ്ത്രിയേക്കാള്‍ മിടുക്കന്‍ മറ്റാരുമുണ്ടാകില്ല. 'ഇതല്ലേ നിങ്ങള്‍ മെനഞ്ഞ തന്ത്രം' എന്നു ചോദിക്കുംപോല്‍ ക്രീസില്‍ നില്‍ക്കുന്ന ശാസ്ത്രിയെ മെരുക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടുമില്ല. അങ്ങനെ വീണ പേരാണ് 'ചാമ്പ്യന്മാരുടെ ചാമ്പ്യന്‍' എന്നത്.
1983-ല്‍ ടീം ഇന്ത്യ ലോകകപ്പ് നേടി രാജ്യാന്തര മേല്‍വിലാസമുണ്ടാക്കുമ്പോള്‍ ശാസ്ത്രി ടീമിലെ 'ബേബി'കളില്‍ ഒരാളായിരുന്നു. 83 ജൂണ്‍ 25-നു നടന്ന ഐതിഹാസിക ഫൈനലില്‍ ആദ്യ ഇലവനില്‍ പോലും സ്ഥാനം പിടിക്കാനാകാതെ പോയ ഒരാള്‍. പക്ഷേ അയാളുടെ സാന്നിദ്ധ്യം ടീമിന് എത്രത്തോളും പ്രാധാന്യമുണ്ടാവയിരുന്നുവെന്ന് മനസിലാകാണമെങ്കില്‍ നായകന്‍ കപില്‍ ദേവ് നല്‍കിയ 'ദ ട്രബിള്‍ സോള്‍വര്‍' എന്ന വിശേഷണം മതിയാകും. ആറരയടി അടുത്ത ഉയരവും ഒത്ത ശരീരവും കാരണം ഫാസ്റ്റ് ബൗളിംഗിൽ പരിമിതമായ എണ്ണം ഷോട്ടുകൾ നേടാനേ അദ്ദേഹത്തിന് സാധിച്ചുള്ളൂ. എന്നാൽ സ്പിൻ ബൗളിംഗിൽ ലോഫ്റ്റഡ് ഷോട്ട് നന്നായി ഉപയോഗിക്കാൻ രവി ശാസ്ത്രിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു.
1962 മെയ് 27ന് മുംബൈയിലാണ് ജനനം. ഇടങ്കയ്യൻ സ്പിൻ ബൗളറായാണ് ശാസ്ത്രി തന്റെ കരിയർ ആരംഭിച്ചതെങ്കിലും മികച്ച രീതിയില്‍ മധ്യനിരയില്‍ ബാറ്റിങ് കൈകാര്യം ചെയ്യാനും അസാമാന്യ മിടുക്കുണ്ടായിരുന്ന ശാസ്ത്രി വളരെ വേഗമാണ് ടീം ഇന്ത്യയുടെ വിശ്വസ്ത ഓള്‍റൗണ്ടറായി മാറിയത്. 17-ാം വയസില്‍ കോളജില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയായിരിക്കെ ബോംബേ രഞ്ജി ടീമിലൂടെയാണ് ശാസ്ത്രി ക്രിക്കറ്ററ് കരിയര്‍ ഗൗരവമായി ആരംഭിക്കുന്നത്. ബോംബെക്ക് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കളിക്കാരൻ കൂടിയായിരുന്നു അദ്ദേഹം.
1980-81ൽ പാകിസ്താൻ പര്യടനം നടത്താനിരുന്ന അണ്ടർ 19 ടീമിനെ നയിച്ചത് ശാസ്ത്രിയാണ്. 1985ൽ ഓസ്‌ട്രേലിയയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടതാണ് അദ്ദേഹത്തിന്റെ കരിയറിലെ ഹൈലൈറ്റ്. 1985-ൽ വേൾഡ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ വിജയിച്ചപ്പോൾ, അഞ്ച് ഏകദിനങ്ങളിൽ നിന്ന് എട്ട് വിക്കറ്റും 182 റൺസുമായിരുന്നു ശാസ്ത്രിയുടെ സമ്പാദ്യം. ഒരു ടെസ്റ്റ് മത്സരത്തിൽ മാത്രമേ ശാസ്ത്രിക്ക് ഇന്ത്യയെ നയിക്കാൻ കഴിഞ്ഞുള്ളു. 1988ൽ മദ്രാസിൽ വെസ്റ്റ് ഇൻഡീസിനെതിരെ ശാസ്ത്രി നയിച്ച ടെസ്റ്റിൽ ഇന്ത്യ വിജയക്കൊടി പാറിച്ചു.
2014-ൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം മുതൽ 2015 ലോകകപ്പ് വരെയുള്ള എട്ട് മാസത്തേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. 2017 ജൂലൈ 13ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായി. 2019 ഓഗസ്റ്റിൽ ഇന്ത്യയുടെ പുരുഷ സീനിയർ ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റു. മുൻ ഓൾറൗണ്ടർ 80 ടെസ്റ്റുകളിലും 150 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ 6,938 റൺസും 280 വിക്കറ്റുകളും നേടിയിട്ടുണ്ട്. 80 ടെസ്റ്റുകൾ ആകെ കളിച്ചിട്ടുണ്ടെങ്കിലും അവസാന മത്സരം കളിക്കുമ്പോൾ ശാസ്ത്രിക്ക് വെറും 30 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. കാൽമുട്ടിന് തുടർച്ചയായി പരുക്കേറ്റതിനെ തുടർന്ന് 31-ാം വയസ്സിൽ അദ്ദേഹത്തിന് വിരമിക്കേണ്ടി വന്നു.