പുത്തൻ മാറ്റങ്ങളുമായി 2024 ടി20 ലോകകപ്പ്; ടൂർണമെൻ്റ് ജൂണില്‍, തീയതി പ്രഖ്യാപിച്ചു
അടുത്തവര്‍ഷം നടക്കുന്ന പുരുഷ ടി20 ലോകകപ്പ് പോരാട്ടത്തിന്റെ തീയതി പ്രഖ്യാപിച്ചു. 2024 ജൂണ്‍ നാല് മുതല്‍ 30 വരെ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായിട്ടായിരിക്കും ടൂര്‍ണമെന്റ് നടക്കുക. ഇന്ത്യയുടെ ആഭ്യന്തര ലീഗായ ഐപിഎല്ലിന് കൊടിയിറങ്ങുന്നതിന് തൊട്ടുപിന്നാലെയാണ് ലോകകപ്പ്. കഴിഞ്ഞ ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി പുതിയ ഫോര്‍മാറ്റായിരിക്കുമെന്ന പ്രത്യേകതയും ഇത്തവണത്തെ ടൂര്‍ണമെന്റിനുണ്ട്.
കഴിഞ്ഞ രണ്ട് തവണയും ഒക്ടോബറിലാണ് ലോകകപ്പ് നടന്നത്. ഇത്തവണ മത്സരം ജൂണ്‍ മാസത്തില്‍ നടക്കുന്നു. മത്സരത്തിന്‍രെ ഫോര്‍മാറ്റിലും മാറ്റം വരുത്തിയിട്ടുണ്ട്. 2024 ലോകകപ്പില്‍ 20 ടീമുകളാണ് മത്സരിക്കാനെത്തുന്നത്. ഇവരെ അഞ്ച് ടീമുകള്‍ വീതമുള്ള നാലു ഗ്രൂപ്പായി തിരിച്ച് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടത്തും. ഇതില്‍ ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന രണ്ട് ടീമുകള്‍ വീതം സൂപ്പര്‍ എട്ടിലേക്ക് യോഗ്യതനേടും. ഈ ടീമുകളെ വീണ്ടും നാല് പേരടങ്ങിയ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് മത്സരം നടത്തും. ഓരോ ഗ്രൂപ്പില്‍ നിന്നുംആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന രണ്ട് ടീമുകള്‍ സെമിയില്‍ പ്രവേശിക്കും.
2024 ലോകകപ്പില്‍ 20 ടീമുകളാണ് മത്സരിക്കാനെത്തുന്നത്.
വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ 10 വേദികളിലായിട്ടായിരിക്കും മത്സരങ്ങള്‍ നടക്കുക. ഏതൊക്കെ മത്സരങ്ങള്‍ക്കാണ് അമേരിക്ക വേദിയൊരുക്കുക എന്ന് തീരുമാനിച്ചിട്ടില്ല. നിലവില്‍ മേജര്‍ ലീഗ് ക്രിക്കറ്റിന് അമേരിക്ക വേദിയാവുന്നുണ്ട്. മോറിസ് വില്ലിയിലെ ചര്‍ച്ച് സ്ട്രീറ്റ് പാര്‍ക്ക്, ഡള്ളാസില്‍ ഗ്രാന്‍ഡ് പ്രെയ്‌റി സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഈ സ്റ്റേഡിയങ്ങള്‍ക്കൊന്നും രാജ്യാന്തര പദവിയില്ല. രാജ്യാന്തര പദവിയുളള സ്റ്റേഡിയങ്ങളില്‍ മാത്രമെ ഐസിസി മത്സരങ്ങള്‍ നടത്താറുള്ളു.
ഇന്ത്യ, പാകിസ്താന്‍, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ഓസട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതര്‍ഡലന്‍ഡ്‌സ് ടീമുകള്‍ ലോകകപ്പ് ഫൈനല്‍ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ആതിഥേയരായ അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും ലോകകപ്പില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇവര്‍ക്ക പുറമെ ഐസിസി റാങ്കിംഗ് അനുസരിച്ച് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ലോകകപ്പിലേക്ക് യോഗ്യത നേടി. ബാക്കിയുള്ള എട്ട് സ്ഥാനങ്ങളിലേക്കാണ് ഇനി ടീമുകള്‍ എത്തേണ്ടത്.