ഹാര്‍ദ്ദിക് പാണ്ഡ്യ, ദസുന്‍ ഷനക
ഹാര്‍ദ്ദിക് പാണ്ഡ്യ, ദസുന്‍ ഷനക

ഇന്ത്യ-ശ്രീലങ്ക ടി20: രാജ്‌കോട്ടില്‍ ഇന്ന് 'ഫൈനല്‍'

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ ടോപ് ഓര്‍ഡറും ബൗളിങ് നിരയും നിരാശാജനകമായ പ്രകടനമാണ് കാഴ്ചവച്ചത്
Updated on
1 min read

ശ്രീലങ്കയുമായുള്ള ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ജയമുറപ്പിക്കാനായി ഇന്ത്യ ഇന്നിറങ്ങും. ആദ്യ മത്സരത്തില്‍ ലങ്കയോട് കഷ്ടിച്ച് രക്ഷപെട്ട ഇന്ത്യക്ക് രണ്ടാം ടി20യില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നു. 16 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തിയ ലങ്ക മത്സരം സമനിലയിലെത്തിച്ചു. രാജ്‌കോട്ടില്‍ ഇന്ന് ലങ്കയോട് പൊരുതാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡറും ബൗളിങ് നിരയും നിരാശാജനകമായ പ്രകടനമാണ് കാഴ്ചവച്ചത്.

2019ല്‍ ടി20 പരമ്പരയില്‍ 2-0 ന് ഓസ്‌ട്രേലിയയോടാണ് ഇന്ത്യ അവസാനമായി സ്വന്തം തട്ടകത്തില്‍ തോറ്റത്. അതിനുശേഷം 11 പരമ്പരകളില്‍ ആതിഥേയരായി ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് കളികളിലും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞു. ആദ്യ കളിയില്‍ ദീപക് ഹൂഡയും അക്‌സര്‍ പട്ടേലുമാണ് ഇന്ത്യക്ക് തുണയായത്. രണ്ടാം മത്സരത്തില്‍ സൂര്യകുമാര്‍ യാദവും അക്‌സറും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ടീമിനെ കരയ്ക്കടുപ്പിക്കാന്‍ കഴിഞ്ഞില്ല.

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ സ്ഥാനം പരുങ്ങലിലാണ്. കഴിഞ്ഞ മത്സരത്തില്‍ അഞ്ച് നോബോളുകളാണ് അര്‍ഷ്ദീപിന്റെ പിഴവില്‍ പിറന്നത്

ഇന്ത്യന്‍ യുവ പേസര്‍മാര്‍ക്ക് തിളങ്ങാന്‍ കഴിയാതെ പോയത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. മാത്രമല്ല നിരവധി നോബോളുകള്‍ എറിഞ്ഞ് എതിരാളികള്‍ക്ക് റണ്‍സ് വിട്ടു കൊടുക്കുകയും ചെയ്തു. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ സ്ഥാനം പരുങ്ങലിലാണ്. കഴിഞ്ഞ മത്സരത്തില്‍ അഞ്ച് നോബോളുകളാണ് അര്‍ഷ്ദീപിന്റെ പിഴവിലൂടെ പിറന്നത്. നിര്‍ണായക മത്സരത്തില്‍ അര്‍ഷ്ദീപിന് പകരം ഹര്‍ഷല്‍ പട്ടേലിനെ ലൈനപ്പില്‍ കൊണ്ടു വരാനുള്ള സാധ്യത ഉണ്ട്. ശുഭ്മാന്‍ ഗില്ലിന്റെ സ്ഥാനവും കയ്യാലപ്പുറത്താണ്.

ലങ്കന്‍ ബാറ്റര്‍മാര്‍ ഇന്നിങ്‌സിലുടനീളം ആക്രമണം ഏറ്റെടുത്ത് കളിക്കുകയാണ്. കുശാല്‍ മെന്‍ഡിസും ലങ്കന്‍ നായകന്‍ ദസുന്‍ ഷനകയും രണ്ട് മത്സരങ്ങളിലും തിളങ്ങി. ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് പുലര്‍ത്തുന്ന ലങ്കന്‍ സംഘം വലിയ പ്രതീക്ഷകളോടെയാണ് ഇന്ന് രാജ്‌കോട്ടില്‍ ഇറങ്ങുന്നത്. രാത്രി ഏഴിനാണ് നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യയും ശ്രീലങ്കയും കൊമ്പുകോര്‍ക്കുക.

logo
The Fourth
www.thefourthnews.in