ഏകദിനത്തിലെ ഇന്ത്യയുടെ ചീത്തപ്പേര് മാറ്റിക്കൊടുത്ത ലോകകപ്പ് വിജയം
ശബ്ദത്തിലൂടെയാണ് ഞാന്‍ ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് വിജയം കാണുന്നത്. ദൂരദര്‍ശനില്‍ കളി കാണാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ ക്രിക്കറ്റ് ഭ്രാന്തനായ എനിക്ക് റേഡിയോ കമന്ററിയായിരുന്നു ഏക ആശ്രയം. ലോകകപ്പ് ഫൈനലിന്റെ ആദ്യ പന്ത് മുതല്‍ കിരീടമുയര്‍ത്തുന്നത് വരെ ഞാനും ആ ശബ്ദത്തോടൊപ്പം സഞ്ചരിക്കുകയായിരുന്നു. ഞങ്ങളെ സംബന്ധിച്ചെടുത്തോളം ബാല്യത്തിലെ മറക്കാനാകാത്ത നിമിഷമേതാണെന്ന് ചോദിച്ചാല്‍ 1983 ജൂണ്‍ 25 മാത്രമേ പറയുള്ളു.
1983 ലേത് നമ്മുടെ മൂന്നാമത്തെ ലോകകപ്പായിരുന്നു. 1975ലും 79 ലുമൊക്കെ ഏറ്റവും മോശം പ്രകടനമായിരുന്നു നമ്മുടേത്. 83ലും ലോകകപ്പ് ജയമെന്നത് അസാധ്യമായിരുന്നു. ഇന്ത്യ സെമി ഫൈനലിലെങ്കിലും എത്തിക്കഴിഞ്ഞാല്‍ തല ഉയര്‍ത്തി നടക്കാമല്ലോ എന്നായിരുന്നു ചിന്ത. ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ജയിച്ചപ്പോള്‍ അത്ഭുതമായിരുന്നു. കാരണം വിന്‍ഡീസ് അന്ന് ക്രിക്കറ്റിലെ ഏറ്റവും പ്രബലരായ ടീമായിരുന്നു. ലോകകപ്പില്‍ ഒരു കളി പോലും തോല്‍ക്കാതെ മുന്നേറിയ ടീം. ആദ്യ കളിയില്‍ അവരെ തോല്‍പ്പിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ ടീമിന്റെ വലിയ മാറ്റങ്ങള്‍ മറനീക്കി പുറത്ത് വന്നിരുന്നു. ലോകകപ്പിലെ ഇന്ത്യയുടെ ഓരോ മത്സരവും അതുപോലെ ഓര്‍മയുണ്ട്. അന്നൊക്കെ എന്തൊരു ആവേശമായിരുന്നു, പത്ത് പതിനഞ്ച് പേരാണ് ഒരു റേഡിയോയ്ക്ക് ചുറ്റുമിരുന്ന് കളി കേള്‍ക്കുന്നത്. വിക്കറ്റ് പോകുമ്പോഴുണ്ടാകുന്ന നിരാശയും ഇന്ത്യ മുന്നേറുമ്പോഴുള്ള ആഹ്ളാദ പ്രകടനവും ഇന്നും പൊടിപിടിക്കാത്ത ഓര്‍മ്മകളായി മനസ്സിലുണ്ട്.
സെമിയില്‍ എത്തിയപ്പോള്‍ വലിയ ആശ്വാസമായിരുന്നു. പക്ഷേ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുമെന്ന് ഒരിക്കലും വിചാരിച്ചതല്ല, വിന്‍ഡീസിനെ പോലെ തന്നെ ലോകകപ്പിലെ ശക്തരായ ടീമായിരുന്നു അവരും. എങ്ങനെയായിരിക്കും ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ മറികടക്കുക എന്നാലോചിച്ച് ഒരുപാട് ടെന്‍ഷനടിച്ചിട്ടുണ്ട്. എന്നാല്‍ ആ മത്സരവും നമ്മള്‍ അനായാസമായി ജയിക്കുകയായിരുന്നു. 83 ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മനോഹരമായ വിജയങ്ങളിലൊന്നായിരുന്നു അത്. ഫൈനലില്‍ ഇന്ത്യയുടെ സ്‌കോര്‍ 183 ല്‍ ഒതുങ്ങിയപ്പോള്‍ കിരീടമെന്ന പ്രതീക്ഷ കൈവിട്ടിരുന്നു. അക്കാലത്ത് വിന്‍ഡീസിനെപ്പോലെ കരുത്തരായ ടീമിന് അതൊക്കെ നിഷ്പ്രയാസം എത്തിപ്പിടിക്കാന്‍ ആകുമെന്ന് കരുതി. എന്നാല്‍ ബല്‍വീന്ദര്‍ സന്ദു നേടിയ ആദ്യ വിക്കറ്റും കപില്‍ദേവിന്റെ ക്യാച്ചും കളിയെ ആകെ മാറ്റി മറിച്ചു കളഞ്ഞു. ശൂന്യതയില്‍ നിന്ന് പോയ ടീമാണ് കപ്പുമായി മടങ്ങുന്നത്, അതൊരു വലിയ അനുഭവമായിരുന്നു.
ഇന്ത്യ കളിച്ചു നേടിയ കിരീടം, നമ്മുടെ ക്രിക്കറ്റിന്റെ മുഖം മാറ്റിമറിച്ച ദിവസം എന്നുതന്നെ വേണമെങ്കില്‍ പറയാം. വലിയ പട്ടണങ്ങളില്‍ മാത്രമുണ്ടായിരുന്ന ക്രിക്കറ്റ് ഗ്രാമങ്ങളിലേക്കും കടന്നു വന്നു. കേരളത്തിന്റെ കാര്യമെടുത്താല്‍ തന്നെ ഈ മാറ്റം വ്യക്തമായിരുന്നു, നഗരപ്രദേശങ്ങളില്‍ മാത്രമാണ് അക്കാലത്ത് ക്രിക്കറ്റ് കളിച്ചിരുന്നത്. പിന്നെ ഓരോ പറമ്പിലും മൂന്ന് കമ്പും കുത്തിവച്ച് ആളുകള്‍ ക്രിക്കറ്റ് കളിക്കുന്ന കാഴ്ച്ച കണ്ടുതുടങ്ങി. അങ്ങനെ പാന്‍ ഇന്ത്യ തലത്തിലേക്ക് ക്രിക്കറ്റ് വളര്‍ന്നു തുടങ്ങിയതിന് പിന്നില്‍ 83 ലോകകപ്പ് വിജയമാണ്. ഇന്ത്യയ്‌ക്കൊരു ലോകകിരീടം ജയിക്കാന്‍ സാധിക്കുമെന്ന് മനസ്സിലാക്കി തന്നതും ആ ലോകകപ്പ് തന്നെ. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കാര്‍ മോശമാണെന്ന പേര് മാറ്റിയതും നമുക്ക് അതും വഴങ്ങുമെന്ന് ലോകത്തിന് കാണിച്ച് കൊടുത്തതും ഈ ലോകകപ്പാണ്. അതോടെ ടെസ്റ്റില്‍ മാത്രം ഒതുങ്ങിയിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ഏകദിനത്തിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അതിന് ശേഷം ഇന്ത്യയില്‍ കൂടുതല്‍ മത്സരങ്ങള്‍ നടത്തിത്തുടങ്ങി.
ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കാര്‍ മോശമാണെന്ന പേര് മാറ്റിയതും നമുക്ക് അതും വഴങ്ങുമെന്ന് ലോകത്തിന് കാണിച്ച് കൊടുത്തതും ഈ ലോകകപ്പാണ്
1987 ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കാന്‍ ഇടയായത് തന്നെ 83 ലെ ജയം കാരണമാണ്. 87 ല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കൊണ്ട് സ്‌പോണ്‍സര്‍മാര്‍ ലോകകപ്പ് നടത്തുന്നതില്‍ നിന്ന് പിന്മാറിയപ്പോള്‍ ഇന്ത്യയും പാകിസ്താനും ഏറ്റെടുത്ത് നടത്താന്‍ തയ്യാറാവുകയായിരുന്നു. അതിന് ധൈര്യം നല്‍കിയതും ഇന്ത്യയുടെ ആദ്യ ലോകകപ്പ് കിരീടം തന്നെ. 83 ലോകകപ്പ് ജയിച്ചത് കൊണ്ട് മാത്രമാണ് ഇന്ത്യ അടുത്ത ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. അങ്ങനെ ഒരു അവസരം വന്നപ്പോള്‍ നമുക്ക് ഇത് കൂടുതല്‍ നന്നായിട്ട് ചെയ്യാന്‍ കഴിയുമെന്ന് സ്വയം തിരിച്ചറിഞ്ഞു. പിന്നെ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കൂടുതല്‍ സംഭാവനകള്‍ വരികയും കോര്‍പ്പറേറ്റുകള്‍ ഇടപെടാനും തുടങ്ങി. പതുക്കെ നമ്മുടെ സംപ്രേഷണത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും ഇത് പ്രേരണയായി. അങ്ങനെ അതുവരെ അടിത്തട്ടില്‍ നിന്ന ഇന്ത്യന്‍ ക്രിക്കറ്റ് തല ഉയര്‍ത്തിത്തുടങ്ങി.
രസം അതല്ല, ബല്‍വീന്ദറിന്റെ വിക്കറ്റും കപില്‍ദേവിന്റെ ക്യാച്ചും മോഹീന്ദറിന്റെ ബാറ്റിങ്ങുമൊക്കെ ശബ്ദത്തിലൂടെ അറിഞ്ഞ ഞങ്ങള്‍ക്ക് പിന്നീടത് മുന്നില്‍ കണ്ടപ്പോള്‍ തികച്ചും വേറിട്ട അനുഭവമായിരുന്നു. കളിയുടെ സിഡി വാങ്ങക്കൊണ്ടു വന്ന് പലവട്ടം കണ്ടു. ഒരു പുസ്തകം വായിക്കുമ്പോള്‍ നമുക്ക് എന്താണോ തോന്നുന്നത്, പിന്നെ ആ പുസ്തകം സിനിമയാക്കുമ്പോള്‍ നമ്മളെന്താണോ കാണുന്നത് അതുപോലൊരു വലിയ വ്യത്യാസമാണ് എനിക്ക് അപ്പോള്‍ അനുഭവപ്പെട്ടത്. ഇംഗ്ലണ്ടിലെ ഗ്രൗണ്ടുകളെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു പിടിയുമുണ്ടായിരുന്നില്ല, അതിന്റെയൊന്നും ചിത്രം പോലും അതേവരെ കണ്ടിട്ടില്ല എന്നതാണ് സത്യം. നമ്മുടെ നാട്ടിലെ കുഞ്ഞു ഗ്രൗണ്ടുകളെ മുന്‍ നിര്‍ത്തിയുള്ള സങ്കല്പങ്ങളില്‍ നിന്ന് അത് വളരെ വ്യത്യസ്തമായിരുന്നു. പക്ഷേ നല്ല കമന്റേറ്റര്‍മാരുണ്ടെങ്കില്‍ അവര്‍ ആ കളി മനോഹരമായി വര്‍ണിക്കുന്നുണ്ടെങ്കില്‍ റേഡിയോ കമന്ററി കേള്‍ക്കുന്നതിന്റെ ആവേശം ഒന്നു വേറെ തന്നെയാണ്.
ഈ ലോകകപ്പിന് മുന്‍പേ ഞാന്‍ ഒരു ക്രിക്കറ്റ് ഭ്രാന്തനായിരുന്നു. ആ കാലത്ത് ക്രിക്കറ്റിനോടുള്ള ഭ്രമം വര്‍ധിക്കാന്‍ ഈ വിജയവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഒന്നറിയാം ഇന്ത്യന്‍ ക്രിക്കറ്റിലെ പുതു തലമുറയെ ആ വിജയം വലിയരീതിയില്‍ സ്വാധീനിച്ചിട്ടുണ്ടാകും. അതിന് ശേഷം പിന്നെയും ഇന്ത്യ ലോകകിരീടം കീഴടക്കി, ഇനിയും ഒരുപാട് തവണ ഉയര്‍ത്തിയേക്കാം, എന്നാല്‍ 1983 ലെ ആദ്യ ലോകകപ്പ് നേട്ടത്തിന്റെ ആഹ്ലാദം മറ്റൊരിക്കലും കിട്ടില്ല. ബാറ്ററായും ബൗളറായും ഫീല്‍ഡറായും കപില്‍ദേവ് എന്ന നായകന്റെ തന്ത്രങ്ങള്‍ തന്നെയാണ് ഇന്ത്യയെ അവിശ്വസനീയമായ ജയത്തിലേക്ക് നയിച്ചത്. അദ്ദേഹത്തിനൊപ്പം മറ്റ് കളിക്കാരുടെ പിന്തുണയും ആത്മവിശ്വാസവും കൂടിയായപ്പോള്‍ അതൊരു കൂട്ടായ്മയുടെ ജയമായി മാറുകയായിരുന്നു.