സിയ ഉള്‍ ഹഖ് മുതൽ മോദിവരെ; തുടരുന്ന 'ക്രിക്കറ്റ് നയതന്ത്രം'

സിയ ഉള്‍ ഹഖ് മുതൽ മോദിവരെ; തുടരുന്ന 'ക്രിക്കറ്റ് നയതന്ത്രം'

'ക്രിക്കറ്റ് നയതന്ത്രം' എന്ന പേരില്‍ അരങ്ങേറുന്ന ഇത്തരം കൂടിക്കാഴ്ചകളില്‍ എന്നും ഒരുവശത്ത് ഇന്ത്യ ആണെന്നത് ശ്രദ്ധേയമാണ്.
Updated on
4 min read

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് ലോകത്തിൻ്റെയാകെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ഇരുടീമുകളും തമ്മിലുള്ള ചിരവൈരത്തിനു പുറമേ നിര്‍ണായക മത്സരം വീക്ഷിക്കാന്‍ ഇരുരാജ്യത്തിൻ്റെയും പ്രാധാനമന്ത്രിമാര്‍ ഒരുമിച്ചെത്തിയതാണ് മത്സരത്തിനെ ഇത്രകണ്ട് ശ്രദ്ധാകേന്ദ്രമാക്കിയത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബെനീസിൻ്റെയും സാന്നിദ്ധ്യത്തിലാണ് ഇന്ന് അഹമ്മദാബാദില്‍ മോഡിയുടെ പേരില്‍ത്തന്നെയുള്ള സ്‌റ്റേഡിയത്തില്‍ മത്സരം തുടങ്ങിയത്.മത്സരത്തിന് മുമ്പ് ഇരുടീമിൻ്റെയും നായകന്മാര്‍ക്ക് ടെസ്റ്റ് ക്യാപ് സമ്മാനിച്ചതും പ്രധാനമന്ത്രിമാരായിരുന്നു.

ഇതുകൂടാതെ ടീമിനൊപ്പം ഗ്രൗണ്ടില്‍ ദേശീയ ഗാനത്തിന് അണിനിരന്നും ഗ്രൗണ്ട് വലംവച്ച് ഗ്യാലറിയെ അഭിവാദ്യം ചെയ്തും ഇവര്‍ കൈയടി നേടുകയും ചെയ്തു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രാജ്യാന്തര സൗഹൃദത്തിൻ്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് ഇരുപ്രധാനമന്ത്രിമാരും ഒരുമിച്ച് ക്രിക്കറ്റ് ആസ്വദിക്കാന്‍ എത്തിയത്.

എന്നാല്‍ ഇത്തരത്തില്‍ രാഷ്ട്രത്തലവന്മാര്‍ ഒരുമിച്ച് ക്രിക്കറ്റ് കാണുന്നത് ആദ്യമായല്ല. ഇതിനു മുമ്പും ഇത്തരം ഒട്ടേറെ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. 'ക്രിക്കറ്റ് നയതന്ത്രം' എന്ന പേരില്‍ അരങ്ങേറുന്ന ഇത്തരം കൂടിക്കാഴ്ചകളില്‍ എന്നും ഒരുവശത്ത് ഇന്ത്യ ആണെന്നതും ശ്രദ്ധേയമാണ്. അങ്ങനെശ്രദ്ധ പിടിച്ചുപറ്റിയ ചില മത്സരങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

രാജീവ് ഗാന്ധിയും സിയ ഉള്‍ ഹഖും.
രാജീവ് ഗാന്ധിയും സിയ ഉള്‍ ഹഖും.

1.) രാജീവ് ഗാന്ധി - സിയ ഉള്‍ ഹഖ്(1987)

ക്രിക്കറ്റ് എന്നും ഇന്ത്യ-പാകിസ്താന്‍ നയതന്ത്ര ബന്ധത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു 'വിഭവമാണ്'. അത് ആദ്യമായി ലോകം 'രുചിച്ച്' അറിഞ്ഞത് 1987-ലാണ്. ലോകത്ത് തന്നെ നടാടെ ക്രിക്കറ്റ് നയതന്ത്രം പ്രയോഗിക്കപ്പെട്ടത് ആ വര്‍ഷമാണ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ അതിര്‍ത്തിയില്‍ നിത്യേന സംഘര്‍ഷം അരങ്ങേറിയിരുന്ന നാളുകള്‍.

അന്ന് രാജീവ് ഗാന്ധിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. പാകിസ്താനാകട്ടെ പട്ടാളഭരണത്തിനു കീഴിലും. ജനറല്‍ സിയ ഉള്‍ ഹഖ് ആയിരുന്നു അവരുടെ പരമാധികാരി. 'ബ്രാസ് ടാക്‌സ്' എന്ന പേരില്‍ പാകിസ്താന്‍ അതിര്‍ത്തിയില്‍ അഞ്ചു മാസത്തോളം നീണ്ട ഇന്ത്യയുടെ സൈനികാഭ്യാസം ഇരുരാജ്യങ്ങളെയും യുദ്ധമുഖത്തേക്ക് എത്തിക്കുമെന്ന് ലോകം കരുതിയ സമയത്താണ് ആദ്യമായി ക്രിക്കറ്റ് നയതന്ത്രം പ്രയോഗിക്കപ്പെടുന്നത്.

സംഘര്‍ഷം ഒഴിവാക്കാന്‍ ചര്‍ച്ചകള്‍ വേണമെന്ന് ഇരു രാഷ്ട്രത്തലവന്മാര്‍ക്കും ആഗ്രഹമുണ്ട്, പക്ഷേ മുന്‍കൈ എടുക്കാന്‍ തയാറല്ല. സംഘര്‍ഷം അനുദിനം മൂര്‍ച്ഛിച്ച് ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന അവസ്ഥ. തീവ്രവാദം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യ കടുംപിടുത്തത്തിലാണ്. ഒരു യുദ്ധം തങ്ങളെ സാമ്പത്തികമായി തകര്‍ക്കുമെന്നു മനസിലാക്കിയ സിയ ഉള്‍ ഹഖ് ഒടുവില്‍ കണ്ടെത്തിയ ഉപായമാണ് ഇന്നു ലോകം 'ക്രിക്കറ്റ് നയതന്ത്രം' എന്ന പേരില്‍ വാഴ്ത്തുന്നത്. ഇന്ത്യയില്‍ നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ ടെസ്റ്റ് ക്രിക്കറ്റ് മത്സരം കാണാന്‍ സിയ ഉള്‍ ഹഖ് യാതാരുവിധ ക്ഷണവുമില്ലാതെ അപ്രതീക്ഷിതമായി ഡല്‍ഹിയില്‍ പറന്നിറങ്ങി. സിയ വന്ന വിവരം അറിഞ്ഞിട്ടും സംഘര്‍ഷ സാഹചര്യത്തില്‍ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് രാജീവ് പോയില്ല. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താനും രാജീവ് തയാറായില്ല.

സംഭവം വലിയ വാര്‍ത്തയായി. ഒടുവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇടപെട്ടു. സംഘര്‍ഷ സാഹചര്യത്തില്‍ പാകിസ്താനുമായി ചര്‍ച്ച വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെങ്കിലും പാക് പ്രധാനമന്ത്രി ഇന്ത്യയില്‍ ക്ഷണിക്കാതെ എത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തെ കാണാതിരിക്കുന്നത് ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുമെന്ന് അവര്‍ രാജീവിനെ ബോധിപ്പിച്ചു. ഒടുവില്‍ രാജീവ് വഴങ്ങി. ഇന്ത്യയിലെത്തിയ സിയുമായി ചേര്‍ന്ന് രാജീവ് മത്സരം കണ്ടു. അതിനിടയില്‍ ഉന്നതതല ചര്‍ച്ചകളും നടന്നു. എല്ലാം ശുഭപര്യവസായിയായി. സംഘര്‍ഷത്തിന് താല്‍ക്കാലിക ശമനം. ലോകത്ത് ആദ്യമായി അങ്ങനെ ക്രിക്കറ്റ് നയതന്ത്രം വിജയകരമായി നടന്നു.

പാക് പര്യടനത്തിനു പുറപ്പെടുന്ന ഇന്ത്യന്‍ ടീമിനൊപ്പം അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി.
പാക് പര്യടനത്തിനു പുറപ്പെടുന്ന ഇന്ത്യന്‍ ടീമിനൊപ്പം അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി.

2.) പാക് മണ്ണില്‍ ചവിട്ടാതെ വാജ്‌പേയി

പാകിസ്താനെ 'സഹോദര രാജ്യമായി' കണ്ട അപൂര്‍വം ബിജെപി നേതാക്കളില്‍ ഒരാളായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം സമാധാനപരമായി തീര്‍ക്കണമെന്ന് ആഗ്രഹിച്ച വാജ്‌പേയി അതിനായി കണ്ടെത്തിയ വഴികളില്‍ ഒന്ന് 'സഞ്ചാര നയതന്ത്രവും മറ്റൊന്നു 'ക്രിക്കറ്റ് നയതന്ത്ര'വുമായിരുന്നു.

ആദ്യം ലാഹോര്‍ ബസ് യാത്രയിലൂടെ നയതന്ത്ര ബന്ധം ഊട്ടി ഉറപ്പിക്കാന്‍ ശ്രമിച്ച വാജ്‌പേയിക്ക് കാര്‍ഗിലില്‍ കൈപൊള്ളി. സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ വിമര്‍ശനമേല്‍ക്കേണ്ടി വന്ന കാലം. തീപ്പൊരി നേതാവ് എല്‍ കെ അദ്വാനിയായിരുന്നു അന്ന് വാജ്‌പേയിയെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത്. അതില്‍ നിന്നും രക്ഷപെടാന്‍ വാജ്‌പേയി കണ്ടെത്തിയ മാര്‍ഗം ക്രിക്കറ്റാണ്.

വാജ്‌പേയിയുടെ നിര്‍ബന്ധപ്രകാരം 2005-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്താന്‍ പര്യടനത്തിന് തയാറായി. ടീമിനൊപ്പം പ്രധാനമന്ത്രിയും പാക് മണ്ണിലേക്ക് പോകുമെന്ന അഭ്യൂഹം പരന്നതോടെ ബിജെപിയില്‍ ആഭ്യന്തര കലാപമായി. ഇതേത്തുടര്‍ന്ന് പാക് മണ്ണിലേക്ക് ഇല്ലെന്നു പ്രഖ്യാപിച്ച വാജ്‌പേയി ടീമിനെ യാത്രയയ്ക്കാന്‍ നേരിട്ടെത്തി. അന്നത്തെ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിക്ക് വാജ്‌പേയി നല്‍കിയ ഉപദേശം ഇന്നും ലോകം ഉള്‍പ്പുളകത്തോടെയാണ് കാണുന്നത്.

സാധാരണ വിമാനത്തില്‍ മാത്രം പര്യടനങ്ങള്‍ക്കു പുറപ്പെടുന്ന ഇന്ത്യന്‍ ടീമിനെ അന്ന് വാഗാ അതിര്‍ത്തി വഴി ബസിലാണ് പാകിസ്താനിലേക്ക് അയച്ചത്. വാഗാ ബോര്‍ഡര്‍ കടക്കുന്നതിനു മുമ്പ് ടീമിന് ആശംസയര്‍പ്പിച്ച വാജ്‌പേയി ഗാംഗുലിയോട് ആവശ്യപ്പെട്ടത് ഒരൊറ്റക്കാര്യം മാത്രം. ''മത്സരങ്ങള്‍ ജയിക്കാന്‍ മാത്രം ആവരുത് നിങ്ങളുടെ യാത്ര, മറിച്ച് പാക് ജനതയുടെ ഹൃദയം ജയിക്കണം'. ഈ വാക്കുകള്‍ ഇന്ത്യന്‍ ടീമും പാക് ജനതയും ഏറ്റെടുത്തതോടെ ഇന്ത്യ-പാക് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു പരമ്പരയായി അതു മാറി.

മന്‍മോഹന്‍ സിങ് പര്‍വേസ് മുഷാറഫിനൊപ്പം.
മന്‍മോഹന്‍ സിങ് പര്‍വേസ് മുഷാറഫിനൊപ്പം.

3.) മന്‍മോഹന്‍ സിങ് - പര്‍വേസ് മുഷാറഫ്

കാര്‍ഗിലില്‍ മുജാഹിദ്ദീനുകളെ അയച്ച് ഇന്ത്യയെ 'ചതിച്ച' ആള്‍ എന്നാണ് പാകിസ്താന്‍ മുന്‍ സൈനിക മേധാവിയും മുന്‍ പ്രസിഡൻ്റുമായ പര്‍വേസ് മുഷറഫിനെ വിലയിരുത്തപ്പെടുന്നത്. മുഷറഫിനെ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്താന്‍ പോലും അനുവദിക്കില്ലെന്ന് വലതുപക്ഷ രാഷ്ട്രീയക്കാര്‍ പ്രതിജ്ഞയെടുത്തിരുന്ന കാലത്ത് അദ്ദേഹത്തെ ക്രിക്കറ്റ് കാണാന്‍ ക്ഷണിച്ച് നയതന്ത്ര ബന്ധം വിപുലപ്പെടുത്തിയ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിങ്.

2005 ഏപ്രിലിലായിരുന്നു സംഭവം. പതിവുപോലെ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ കാരണം ഇന്ത്യ-പാക് ബന്ധത്തില്‍ കാര്യമായ വിള്ളലുകള്‍ ഉണ്ടായ സമയമാണത്. ആ സമയം വിവാദ കോലാഹലങ്ങള്‍ക്കിടെ പാകിസ്താന്‍ ക്രിക്കറ്റ് ടീമിൻ്റെ ഇന്ത്യന്‍ പര്യടനം നടക്കുകയായിരുന്നു.

ന്യൂഡല്‍ഹി ഫിറോസ് ഷാ കോട്ല (ഇന്നത്തെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയം) സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാന്‍ മന്‍മോഹൻ്റെ ക്ഷണം സ്വീകരിച്ച് മുഷാറഫ് എത്തി.ക്രിക്കറ്റ് നയതന്ത്രം പിന്നെയും ഫലം കണ്ടു.ബിജെപി അടക്കമുള്ള വലതുപക്ഷ പാർട്ടികളുടെ എതിർപ്പിന് രാജ്യത്ത് ശമനമുണ്ടായെന്ന് മാത്രമല്ല.അതിർത്തിയിലെ ഇന്ത്യ-പാക് സംഘര്‍ഷത്തിന് അയവ് വരികയും ചെയ്തു.

മന്‍മോഹന്‍ സിങ് യൂസഫ് റാസ ഗീലാനിക്കൊപ്പം ലോകകപ്പ് സെമി കാണാനെത്തിയപ്പോള്‍.
മന്‍മോഹന്‍ സിങ് യൂസഫ് റാസ ഗീലാനിക്കൊപ്പം ലോകകപ്പ് സെമി കാണാനെത്തിയപ്പോള്‍.

4.) മന്‍മോഹന്‍ സിങ് - യൂസഫ് റാസ് ഗീലാനി

2005-നു ശേഷം ഒരിക്കല്‍ക്കൂടി മന്‍മോഹന്‍ സിങ് ക്രിക്കറ്റ് നയതന്ത്രം പ്രയോഗിച്ചിട്ടുണ്ട്. 2011-ലായിരുന്നു അത്. ഇന്ത്യയും പാകിസ്താനും സംയുക്തമായി ആതിഥ്യം വഹിച്ച 2011 ക്രിക്കറ്റ് ലോകകപ്പിലായിരുന്നു അത്. അന്ന് നടന്ന ആദ്യ സെമിഫൈനലില്‍ ഇന്ത്യയും പാകിസ്താനുമാണ് ഏറ്റുമുട്ടിയത്.

ആ മത്സരം വീക്ഷിക്കാന്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയെ മന്‍മോഹന്‍ ക്ഷണിച്ചത് സമാധാന ചര്‍ച്ചകള്‍ മുന്‍നിര്‍ത്തിയാണ്. പാകിസ്താനെ വീഴ്ത്തി ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയ ആ മത്സരത്തിനിടെ ഗീലാനിയുമായി ചർച്ച നടത്തി മൻമോഹൻ ഒരു മഞ്ഞുരുക്കത്തിന് തുടക്കമിട്ടു.

ക്രിക്കറ്റ് മത്സരത്തിനിടെ താരങ്ങള്‍ക്ക് കുടിവെള്ളവുമായി ഗ്രൗണ്ടിലിറങ്ങിയ സ്‌കോട്ട് മോറിസണ്‍.
ക്രിക്കറ്റ് മത്സരത്തിനിടെ താരങ്ങള്‍ക്ക് കുടിവെള്ളവുമായി ഗ്രൗണ്ടിലിറങ്ങിയ സ്‌കോട്ട് മോറിസണ്‍.

ഇനി പ്രധാനമന്ത്രി വാട്ടര്‍ബോയ് ആയ കഥ

ഇന്ത്യയെപ്പോലെ ക്രിക്കറ്റ് നയതന്ത്രം ഇങ്ങനെ വിജയകരമായി പരീക്ഷിച്ചു വിജയിച്ച മറ്റൊരു രാജ്യവുമില്ല. എന്നാല്‍ ക്രിക്കറ്റിലൂടെ ജനഹൃദയം കീഴടക്കിയെ ഒരു പ്രധാനമന്ത്രി ഓസ്‌ട്രേലിയയ്ക്കുണ്ട്. 2018 മുതല്‍ 2022 വരെ രാജ്യം ഭരിച്ച സ്‌കോട്ട് മോറിസണ്‍.

ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആവേശവും അഭിവാഞ്ജയുമാണ് സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കിടയില്‍ മോറിസണെ പ്രിയങ്കരനാക്കുന്നത്. ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് നടക്കുമ്പോള്‍ സമയം കിട്ടിയാല്‍ ഓടി ഗ്രൗണ്ടിലെത്തുന്ന പ്രധാനമന്ത്രി ഒരിക്കല്‍ കളിക്കാര്‍ക്ക് മത്സരത്തിനിടെ കുടിവെള്ളം നല്‍കാന്‍ ഗ്രൗണ്ടിലിറങ്ങുന്ന 'വാട്ടര്‍ബോയ്' വരെയായി.

2019-ലായിരുന്നു സംഭവം. ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ഓസീസ് മണ്ണിലെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിൻ്റെ സന്നാഹ മത്സരത്തിനിടെയായിരുന്നു അത്. പ്രൈംമിനിസ്‌റ്റേഴ്‌സ് ഇലവനും ശ്രീലങ്കന്‍ ഇലവനും തമ്മിലായിരുന്നു മത്സരം. തൻ്റെ പേരിലുള്ള ഇലവന്‍ കളിക്കാന്‍ കളത്തിലിറങ്ങിയപ്പോള്‍ ടീമിൻ്റെ പന്ത്രണ്ടാമനായത് സ്‌കോട്ട് മോറിസണാണ്. മത്സരത്തിനിടെ താരങ്ങള്‍ക്കു കുടിവെള്ളവുമായി പ്രധാനമന്ത്രി ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങുന്ന കാഴ്ച നിറകൈയടികളോടെയാണ് അന്ന് ഗ്യാലറി സ്വീകരിച്ചത്.

logo
The Fourth
www.thefourthnews.in