വരവറിയിച്ച് അഭിഷേക് ശർമ; സെഞ്ചുറിക്ക് പിന്നിലെ 'രഹസ്യം' വെളിപ്പെടുത്തി താരം

വരവറിയിച്ച് അഭിഷേക് ശർമ; സെഞ്ചുറിക്ക് പിന്നിലെ 'രഹസ്യം' വെളിപ്പെടുത്തി താരം

ആദ്യ മത്സരത്തിലെ ഡക്കിന് പിന്നാലെ നോക്കി ചിരിച്ചവർക്കും വിമർശിച്ചവർക്കും മുന്നില്‍ അസാധ്യമായൊരു ഇന്നിങ്സായിരുന്നു അഭിഷേക് കാഴ്ച്ച വെച്ചത്
Updated on
1 min read

സിംബാബ്‌വെയ്‌ക്കെതിരെ സ്ക്വയർ ലെഗിന് മുകളിലൂടെ സിക്സർ പായിച്ച് അഭിഷേക് ശർമ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അക്കൗണ്ട് തുറന്നു. ആദ്യ ട്വന്റി 20യിലും സമാനമായിരുന്നു അഭിഷേകിന്റെ സമീപനം. പക്ഷേ, അത് വിജയിച്ചില്ലെന്ന് മാത്രം. നാല് പന്തില്‍ പൂജ്യമായിരുന്നു ആദ്യ ചുവടുവെപ്പിലെ സ്കോർ. എന്നാല്‍, രണ്ടാം ട്വന്റി 20യില്‍ അത് ആവർത്തിച്ചില്ല, സിംബാബ്‌വെ ബൗളർമാർക്ക് തന്റെ ഐപിഎല്‍ വേർഷൻ അഭിഷേക് കാണിച്ചുകൊടുക്കുകയായിരുന്നു.

47 പന്തുകള്‍ നീണ്ട ഇന്നിങ്സില്‍ 100 റണ്‍സ്. ആദ്യ അന്താരാഷ്ട്ര സെഞ്ചുറി. ഏഴ് ഫോറും എട്ട് സിക്സും അഭിഷേകിന്റെ ബാറ്റില്‍ നിന്ന് വന്നു. ആദ്യ മത്സരത്തിലെ ഡക്കിന് പിന്നാലെ നോക്കി ചിരിച്ചവർക്കും വിമർശിച്ചവർക്കും മുന്നില്‍ അസാധ്യമായൊരു ഇന്നിങ്സ്. അഭിഷേകിന്റെ സെഞ്ചുറി മികവിലായിരുന്നു ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റിന് 234 റണ്‍സെടുത്തത്. മറുപടി ബാറ്റിങ്ങില്‍ സിംബാബ്‌വെയുടെ പോരാട്ടം 134ല്‍ അവസാനിക്കുകയും ചെയ്തു.

വരവറിയിച്ച് അഭിഷേക് ശർമ; സെഞ്ചുറിക്ക് പിന്നിലെ 'രഹസ്യം' വെളിപ്പെടുത്തി താരം
വർണവെറി മറികടന്ന സക; അയാള്‍ക്ക് വേണമായിരുന്നു ഈ നിമിഷം

ലോക ചാമ്പ്യന്മാരായതിന് ശേഷം നടന്ന ആദ്യ ട്വന്റി 20യില്‍ പരാജയപ്പെട്ടതോടെ ഇന്ത്യൻ യുവനിരയിലേക്ക് സമ്മർദം എത്തിയിരുന്നതായാണ് അഭിഷേക് വെളിപ്പെടുത്തിയത്. അതുകൊണ്ട് തന്നെ സമ്മർദത്തെ അതിജീവിക്കാൻ നായകൻ ശുഭ്മാൻ ഗില്‍ നല്‍കിയ ബാറ്റാണ് ഉപയോഗിച്ചതെന്നും താരം പറഞ്ഞു.

"ഇന്ന് ഞാൻ ശുഭ്‌മാൻ ഗില്ലിന്റെ ബാറ്റ് ഉപയോഗിച്ചാണ് കളിച്ചത്. എപ്പോഴെങ്കിലും ഒരു സമ്മർദം നിറഞ്ഞ മത്സരമോ ഞാൻ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ടെന്നോ തോന്നിയാൽ ഞാൻ ഗില്ലിന്റെ ബാറ്റാണ് ഉപയോഗിക്കാറുള്ളത്," അഭിഷേക് വ്യക്തമാക്കി.

പഞ്ചാബ് സ്വദേശിയായ അഭിഷേക് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.

ഇന്നലെ അഭിഷേകിന് പുറമെ ഇന്ത്യയ്ക്കായി ഋതുരാജ് ഗെയ്‌ക്വാദും (47 പന്തില്‍ 77 റണ്‍സ്) റിങ്കു സിങ്ങും (22 പന്തില്‍ 48 റണ്‍സ്) തിളങ്ങി. മൂന്ന് വിക്കറ്റ് വീതം നേടിയ മുകേഷ് കുമാറും ആവേശ് ഖാനുമായിരുന്നു പന്തുകൊണ്ട് മികവ് പുറത്തെടുത്തത്.

വരവറിയിച്ച് അഭിഷേക് ശർമ; സെഞ്ചുറിക്ക് പിന്നിലെ 'രഹസ്യം' വെളിപ്പെടുത്തി താരം
'യു കാന്റ് സീ മീ'; ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ജോണ്‍ സീന അരങ്ങൊഴിയുന്നു, വിരമിക്കല്‍ മത്സരം അടുത്ത വര്‍ഷം

ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ സിംബാബ്‌വെയ്ക്ക് ഒപ്പമെത്താനും ഇന്ത്യയ്ക്കായി. ഇനി മൂന്ന് മത്സരങ്ങളാണ് അവശേഷിക്കുന്നത്. അടുത്ത ട്വന്റി 20 ജൂലൈ പത്തിന് ഹരാരയില്‍ വെച്ചാണ്.

logo
The Fourth
www.thefourthnews.in