ദി സിക്സ്റ്റി: കരീബിയന്‍ മണ്ണിൽ കുട്ടിക്രിക്കറ്റിന് പുതിയ അവതാരം
1963ലെ ആദ്യ പരിമിത ഓവര്‍ മത്സരത്തിനുശേഷം, ക്രിക്കറ്റിന് സംഭവിച്ച മാറ്റങ്ങൾ വളരെ വലുതാണ്. 65 ഓവര്‍ ആയിരുന്നു, ആദ്യ മത്സരം നടക്കുമ്പോള്‍ ഒരു ടീമിന് അനുവദിച്ചിരുന്നത്. അത് 50 ഓവറിലേക്കും പിന്നീട് ട്വന്റി-20 ലേക്കും എത്തി. രണ്ട് ഫോർമാറ്റുകളിലും ഐസിസി ലോകകപ്പ് മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ട്വന്റി-20യുടെ വീറും ആവേശവുമൊക്കെ പിന്നാലെ പത്ത് ഓവർ ക്രിക്കറ്റിലേക്ക് വഴിമാറി. 2017ല്‍ യുഎഇയിൽ ആരംഭിച്ച ടി-ടെന്‍ ലീഗാണ് ഈ വിഭാഗത്തിലെ ആദ്യ ടൂര്‍ണമെന്റ്. അതിന്റെ ചുവടുപിടിച്ച് പുതിയൊരു മാറ്റം കൂടി ക്രിക്കറ്റ് മത്സരത്തിൽ സംഭവിക്കുകയാണ്. അതാണ് 'ദി സിക്സ്റ്റി'.
ഒന്‍പത് ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ആറ് പുരുഷ ടീമുകളും മൂന്ന് വനിതാ ടീമുകളുമാണ് പങ്കെടുക്കുന്നത്
കൂറ്റന്‍ അടിക്കാര്‍ക്ക് പേരുകേട്ട കരീബിയന്‍ മണ്ണിൽ നിന്നാണ് കുട്ടിക്രിക്കറ്റിന്റെ പുതിയ അവതാരപ്പിറവി. ആഗസ്റ്റ് 24 മുതല്‍ 28 വരെ സെന്റ് കിറ്റ്‌സിലെ വാര്‍ണര്‍ പാര്‍ക്കില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായി ആദ്യ പതിപ്പ് അരങ്ങേറും. ഒന്‍പത് ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ആറ് പുരുഷ ടീമുകളും മൂന്ന് വനിതാ ടീമുകളുമാണ് പങ്കെടുക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും കരീബിയന്‍ പ്രീമിയര്‍ ലീഗുമാണ് സംഘാടകര്‍. വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ആദ്യ പന്ത്രണ്ട് പന്തില്‍ രണ്ട് സിക്സ് അടിച്ചാല്‍ അധികമായി ഒരു പവര്‍പ്ലേ ഓവര്‍ കൂടെ ബാറ്റിങ് ടീമിന് ലഭിക്കും.
60 പന്തുകൾ, അധിക പവർപ്ലേ
ക്രിക്കറ്റ് പ്രേമികൾക്ക് കൂടുതൽ ആവേശം പകരുന്നതും, കാഴ്ചക്കാരെ ആകർഷിക്കുന്നതുമാണ് പുതിയ പതിപ്പിലെ നിയമങ്ങള്‍. പത്ത് ഓവർ അഥവാ 60 പന്തുകളാണ് ഒരു ഇന്നിങ്സിൽ ഉള്ളത്. തുടര്‍ച്ചയായുള്ള അഞ്ച് ഓവറുകള്‍ക്കുശേഷം, അതായത് ആദ്യ 30 പന്തുകൾക്കു ശേഷമായിരിക്കും ബൗളിങ് എന്‍ഡ് മാറുക. 10 വിക്കറ്റ് വീഴണമെന്നില്ല, ആറു വിക്കറ്റുകള്‍ പോയാൽ തന്നെ ഓൾ ഔട്ടായി പരിഗണിക്കും. ഒരു ബൗളർക്ക് രണ്ട് ഓവർ മാത്രമാണ് എറിയാനാകുക.
ഇന്നിംഗ്‌സിലെ ആദ്യ രണ്ട് ഓവറുകളാണ് പവര്‍പ്ലേ. എന്നാല്‍, അധിക പവർ പ്ലേ ഓവർ 'അൺലോക്ക്' ചെയ്യാനാകും. ആദ്യ പന്ത്രണ്ട് പന്തില്‍ രണ്ട് സിക്സ് അടിച്ചാല്‍ അധികമായി ഒരു പവര്‍പ്ലേ ഓവര്‍ കൂടെ ബാറ്റിങ് ടീമിന് ലഭിക്കും. 45 മിനിറ്റാണ് ഒരു ഇന്നിങ്‌സിന്റെ അനുവദനീയ സമയം. നിശ്ചിത സമയത്തിനുള്ളിൽ ഓവര്‍ തീര്‍ത്തില്ലെങ്കിൽ, ബൗളിങ് ടീമില്‍ നിന്നും ഒരു ഫീല്‍ഡറെ അവസാന ഓവറില്‍ പിന്‍വലിക്കും.
കൗതുകമായി മിസ്റ്ററി ഫ്രീ ഹിറ്റ്
ട്വന്റി 20യുടെ വരവോടെയാണ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഫ്രീ ഹിറ്റ് അവതരിച്ചത്. ഒരു മത്സരത്തിനിടെ ബൗളര്‍ നോ ബോള്‍ എറിഞ്ഞാല്‍ തൊട്ടടുത്ത പന്തില്‍ ബാറ്ററെ പുറത്താക്കാന്‍ കഴിയില്ലെന്ന ആനുകൂല്യമാണ് ഫ്രീ ഹിറ്റ്. ഇതിന്റെ പരിഷ്‌കൃതവും ജനകീയവുമായ രൂപമാണ് ദി സിക്സ്റ്റി അവതരിപ്പിക്കുന്നത്. മത്സരം നടക്കുന്ന സമയത്ത് കാണികള്‍ക്ക് നേരിട്ട് വോട്ടിങ്ങിലൂടെ ഫ്രീ ഹിറ്റ് നല്‍കാനാവും എന്നതാണ് പ്രത്യേകത.