ഗാംഗുലിക്കും ജയ്ഷായ്ക്കും ആശ്വാസം; ബിസിസിഐ ഭരണഘടനാ ഭേദഗതിക്ക് സുപ്രീംകോടതിയുടെ പച്ചക്കൊടി

ഗാംഗുലിക്കും ജയ്ഷായ്ക്കും ആശ്വാസം; ബിസിസിഐ ഭരണഘടനാ ഭേദഗതിക്ക് സുപ്രീംകോടതിയുടെ പച്ചക്കൊടി

ഇതോടെ ഇരുവർക്കും ഈ വർഷം നടക്കുന്ന ബിസിസിഐ തിരഞ്ഞെടുപ്പിൽ മത്സരിക്കാം.
Updated on
1 min read

ബിസിസിഐ ഭരണഘടനാ ഭേദഗതിക്ക് സുപ്രീംകോടതിയുടെ അംഗീകാരം. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്കും സെക്രട്ടറി ജയ് ഷായ്ക്കും ആശ്വാസം നല്‍കുന്നതാണ് കോടതി ഉത്തരവ്. ഭേദഗതി നടപ്പാകുന്നതോടെ ഇരുവര്‍ക്കും ഒരു തവണ കൂടി ബിസിസിഐ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

ലോധാ കമ്മിറ്റി നിര്‍ദേശ പ്രകാരം ഒരാള്‍ക്ക് തുടര്‍ച്ചയായി പരമാവധി ആറ് വര്‍ഷം മാത്രമേ ബിസിസിഐയുടെയോ അസോസിയേഷന്റെയോ ഭാരവാഹിയായി തുടരാന്‍ സാധിക്കൂ. തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ കൂളിങ് പിരീഡിന് ശേഷമേ വീണ്ടും ചുമതലയേറ്റെടുക്കാനാകൂ. ബിസിസിഐയിലോ സംസ്ഥാന സമിതികളിലോ ഉള്ള ആകെ കാലാവധി ചേര്‍ത്താണ് ആറ് വര്‍ഷം കണക്കാക്കുക. ഇത് പ്രകാരം ജയ്ഷായ്ക്കും സൗരവ് ഗാംഗുലിക്കും 2022 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കിയതോടെ ഇരുവര്‍ക്കും മൂന്ന് വര്‍ഷം കൂടി പദവിയില്‍ തുടരാം.

സംസ്ഥാന അസോസിയേഷനുകളിലും ബിസിസിഐയിലുമായി ആകെ 12 വര്‍ഷം തുടര്‍ച്ചയായി ഭാരവാഹിയാകാന്‍ പുതിയ ഭേദഗതിയോടെ ഒരാള്‍ക്ക് സാധിക്കും.

പുതിയ ഭേദഗതി പ്രകാരം ബിസിസിഐയിലോ സംസ്ഥാന അസോസിയേഷനിലോ ഒരേ പദവിയില്‍ ആറ് വര്‍ഷം തുടര്‍ന്നാല്‍ മാത്രമേ കൂളിങ് പിരീഡ് ആവശ്യമുള്ളൂ. അതായത്, സംസ്ഥാന അസോസിയേഷനില്‍ ആറ് വര്‍ഷം തുടര്‍ച്ചയായി ചുമതല വഹിച്ചയാള്‍ക്ക് ബിസിസിഐ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തടസമില്ല. സംസ്ഥാന അസോസിയേഷനുകളിലും ബിസിസിഐയിലുമായി ആകെ 12 വര്‍ഷം തുടര്‍ച്ചയായി ഭാരവാഹിയാകാന്‍ പുതിയ ഭേദഗതിയോടെ ഒരാള്‍ക്ക് സാധിക്കും. ഈ ഭേദഗതി യഥാര്‍ഥ ഭരണഘടനയുടെ അന്തസത്തയെ ബാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാന അസോസിയേഷനുകളില്‍ ഭാരവാഹിയായവര്‍ക്ക് മാത്രമേ ബിസിസിഐ ഭാരവാഹിയായി മത്സരിക്കാനാകൂ. ഈ സാഹചര്യത്തില്‍ ബിസിസിഐയില്‍ ഒറ്റ ടേമിന് ശേഷം സ്ഥാനമൊഴിയേണ്ട സ്ഥിതിയാണ് ഉള്ളതെന്ന് കോടതി പറഞ്ഞു.

ബിസിസിഐയുടെ ഭേദഗതി നിര്‍ദേശത്തെ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.

logo
The Fourth
www.thefourthnews.in