CWC 2023 | 'ഇരട്ട'സെഞ്ചുറിക്കരുത്തില്‍ ഓസീസ്; പാകിസ്താനെതിരേ പടുകൂറ്റന്‍ സ്‌കോര്‍
ആരാധകരുടെ 'മൈറ്റി ഓസീസ്' തിരിച്ചെത്തി. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍തോല്‍വികളോടെ തുടങ്ങിയ ഓസ്‌ട്രേലിയ തങ്ങളുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനവുമായി ഗംഭീര തിരിച്ചുവരവ് നടത്തുന്നു. ഇന്ന് പാകിസ്താനെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കംഗാരുപ്പട നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഓസീസിന് കരുത്തായത്. ഒന്നാം വിക്കറ്റില്‍ 33.5 ഓവറില്‍ 259 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. വാര്‍ണര്‍ 124 പന്തുകളില്‍ നിന്ന് 14 ബൗണ്ടറികളും ഒമ്പതു സിക്‌സറുകളും സഹിതം 163 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ 108 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും ഒമ്പതു സിക്‌സറുകളും സഹിതം 121 റണ്‍സായിരുന്നു മാര്‍ഷിന്റെ സമ്പാദ്യം.
ഇവര്‍ക്കു പുറമേ മറ്റാര്‍ക്കും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പോയതോടെയാണ് 400-നു മുകളിലുള്ള സ്‌കോര്‍ എന്ന ലക്ഷ്യം ഓസീസ് കൈവിട്ടത്. കംഗാരുപ്പടയില്‍ 21 റണ്‍സ് നേടിയ മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ് മികച്ച മൂന്നാമത്തെ സ്‌കോര്‍. 13 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇന്‍ഗ്ലിസ് ആണ് രണ്ടക്കം കടന്ന മറ്റൊരു താരം.
വെടിക്കെട്ട് വീരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍(0), മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്(7), മധ്യനിര താരം മാര്‍നസ് ലബുഷെയ്ന്‍(8), നായകന്‍ പാറ്റ് കമ്മിന്‍സ്(6) എന്നിവര്‍ നിരാശപ്പെടുത്തി. ചിന്നസ്വാമിയിലെ റണ്ണൊഴുകുന്ന പിച്ചില്‍ പത്തോവറില്‍ 54 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ചു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ഷഹീന്‍ അഫ്രീദിയാണ് പാകിസ്താന്‍ നിരയില്‍ തിളങ്ങിയത്. മറ്റാര്‍ക്കും ഓസീസ് കടന്നാക്രമണം പ്രതിരോധിക്കാനായില്ല.ഹാരിസ് റൗഫ് മൂന്നു വിക്കറ്റ് വീഴ്ത്തിയെങ്കിലും എട്ടോവറില്‍ 83 റണ്‍സാണ് വഴങ്ങിയത്. ഒരു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ഉസാമ മിര്‍ ഒമ്പതോവറില്‍ 82 റണ്‍സ് വിട്ടുകൊടുത്തു.