ന്യൂസിലന്‍ഡ് ലോകകപ്പ് ടീം പ്രഖ്യാപനം ഇത്തവണയും 'സ്പെഷ്യല്‍'; വില്യംസണ്‍ നയിക്കും, രച്ചിനും ടീമില്‍
കുട്ടിക്രിക്കറ്റ് മാമാങ്കത്തിനുള്ള ടീം പ്രഖ്യാപനത്തിന് കുട്ടികളെ തന്നെ തിരഞ്ഞെടുത്ത് ന്യൂസിലന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍. ടീം പ്രഖ്യാപനത്തിന് കാത്തിരുന്ന മാധ്യമപ്രവർത്തകർക്ക് മുന്നില്‍ അപ്രതീക്ഷിതമായായിരുന്നു കുട്ടികളെത്തിയത്. തങ്ങളെ സ്വയം പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ആംഗസും മറ്റില്‍ഡയും ലോകകപ്പ് ടീമിലുള്‍പ്പെട്ടവരുടെ പേരുകള്‍ പങ്കുവെച്ചത്.
"എല്ലാവർക്കും നല്ലൊരു പ്രഭാതം ആശംസിക്കുന്നു. ഇവിടെ എത്തിച്ചേർന്നതില്‍ നന്ദി. ഞാന്‍ മറ്റില്‍ഡ. ഞാന്‍ ആംഗസ്. യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ഐസിസി ട്വന്റി 20 ലോകകപ്പിനുള്ള ബ്ലാക്ക് കാപ്സ് സ്ക്വാഡിനെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്," കുട്ടികള്‍ പറഞ്ഞു. തുടർന്ന് ഇരുവരും ചേർന്ന് പേരുകള്‍ വായിക്കുകയായിരുന്നു.
കെയിന്‍ വില്യംസണാണ് ലോകകപ്പില്‍ ടീമിനെ നയിക്കുക. 2023 ഏകദിന ലോകകപ്പ് ഹീറൊ രച്ചിന്‍ രവീന്ദ്രയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെന്‍ട്രല്‍ കരാറിലില്ലാത്ത ഇടം കയ്യന്‍ പേസർ ട്രെന്‌റ് ബോള്‍ട്ടും അന്തിമ പട്ടികയില്‍ സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. ഫിന്‍ അലന്‍, മൈക്കിള്‍ ബ്രേസ്‍വെല്‍, മാർക്ക് ചാപ്‍മാന്‍, ഡെവണ്‍ കോണ്‍വെ, ലോക്കി ഫെർഗൂസണ്‍, മാറ്റ് ഹെന്‍റി, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്സ്, രച്ചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്നർ, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍.
ഇത് ആദ്യമായല്ല ടീം പ്രഖ്യാപന്നതിന് വ്യത്യസ്തമായ രീതി ന്യൂസിലന്‍ഡ് സ്വീകരിക്കുന്നത്. 2023 ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിനായി താരങ്ങളുടെ കുടുംബാംഗങ്ങളെയായിരുന്നു ക്രിക്കറ്റ് ബോർഡ് തിരഞ്ഞെടുത്തത്.
ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമാണ് ന്യൂസിലന്‍ഡ്. വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്താന്‍, ഉഗണ്ട, പപ്പുവ ന്യു ഗിയാന എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ന്യൂസിലന്‍ഡ്. ജൂണ്‍ ഏഴിന് അഫ്ഗാനിസ്താനുമായാണ് കിവീസിന്റെ ആദ്യ മത്സരം. പിന്നാലെ, വെസ്റ്റ് ഇന്‍ഡീസ്, ഉഗാണ്ട, പപ്പുവ ന്യു ഗിയാന ടീമുകളെ ജൂണ്‍ 12, 14, 17 തീയതികളില്‍ യഥാക്രമം നേരിടും.