മിന്നുവിന്റെ അരങ്ങേറ്റം കസറി;  ഏഴു വിക്കറ്റ് ജയത്തോടെ ഇന്ത്യ

മിന്നുവിന്റെ അരങ്ങേറ്റം കസറി; ഏഴു വിക്കറ്റ് ജയത്തോടെ ഇന്ത്യ

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സള നേടാനേ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 22 പന്ത് ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
Updated on
1 min read

ഇന്ത്യന്‍ ടീമിലേക്കുള്ള മലയാളി താരം മിന്നു മണിയുടെ അരങ്ങേറ്റം ജയത്തോടെ. ബംഗ്ലാദേശിനെതിരായ മൂന്നു മത്സര ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. മിര്‍പൂരില്‍ ഇന്നു നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സള നേടാനേ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 22 പന്ത് ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന നായിക ഹര്‍മന്‍പ്രീത് കൗറിന്റെയും മിന്നുന്ന ബാറ്റിങ് കാഴ്ചവച്ച ഉപനായിക സ്മൃതി മന്ദാനയുടെയും പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. 35 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 54 റണ്‍സുമായി ഹര്‍മന്‍ പുറത്താകാതെ നിന്നപ്പോള്‍ 34 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 38 റണ്‍സായിരുന്നു സ്മൃതിയുടെ സംഭാവന.

മറ്റൊരു ഓപ്പണര്‍ ഷെഫാലി വര്‍മ(0), മധ്യനിര താരം ജമീമ റോഡ്രിഗസ്(11) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. കളിയവസാനിക്കുമ്പോള്‍ ഒമ്പതു റണ്‍സുമായി യസ്തിക ഭാട്യയായിരുന്നു നായികയ്ക്കു കൂട്ടായി ക്രീസില്‍. ബംഗ്ലാദേശിനു വേണ്ടി സുല്‍ത്താന ഖാതൂം രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മറൂഫ അ്കതറിനാണ് ഒരു വിക്കറ്റ്.

നേരത്തെ തകര്‍പ്പന്‍ ബൗളിങ്ങിലൂടെ ബംഗ്ലാദേശിനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയ ബൗളര്‍മാരാണ് ഇന്ത്യക്ക് മേല്‍കൈ സമ്മാനിച്ചത്. ബംഗ്ലാദേശ് നിരയില്‍ 28 റണ്‍സ് നേടിയ ഷോര്‍ണ അ്കതറിനും 20 റണ്‍സ് നേടിയ ശോഭന മസ്താരിക്കും 22 റണ്‍സ് നേടിയ ഓപ്പണി ശാതി റാണിക്കും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്.

ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ മത്സരം കളിച്ച മിന്നു മണി ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേട വരവറിയിച്ചപ്പോള്‍ പൂജാ വസ്ത്രകര്‍, ഷെഫാലി വര്‍മ എന്നിവരാണ് ശേഷിച്ച ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കിയത്. പരമ്പരയിലെ രണ്ടാം മത്സരം 11-ന് മിര്‍പൂരില്‍ അരങ്ങേറും.

logo
The Fourth
www.thefourthnews.in